ബാംഗ്ലൂര്‍: ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെ ഇനി കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെ എസ് സി എ) പ്രസിഡന്റ് സ്ഥാനം കൈയ്യാളും. കെ എസ് സി എയുടെ അധികാരസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കടുത്ത മല്‍സരത്തിനൊടുവിലാണ് കുംബ്ലെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

ജവഗല്‍ ശ്രീനാഥ്, റോജര്‍ ബിന്നി, വെങ്കിടേഷ് പ്രസാദ് എന്നിവരടങ്ങിയ പാനലിനാണ് കെ എസ് സി എ.യുടെ ഭരണം ലഭിച്ചിരിക്കുന്നത്. 24 സ്ഥാനങ്ങളിലേക്ക് നടന്ന മല്‍സരത്തില്‍ 23 സ്ഥാനങ്ങളിലേക്കും കുംബ്ലെ നേതൃത്വം നല്‍കുന്ന പാനല്‍ വിജയിച്ചു.

രാജകുടുംബാംഗമായ ശ്രാകാന്തദത്ത നരസിംഹരാഡ വോഡയാറിനെ 33 വോട്ടുകള്‍ക്കാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ കുംബ്ലെ ഗൂഗ്ലിയിലൂടെ പുറത്താക്കിയത്. ഓണററി സെക്രട്ടറിയായി ശ്രീനാഥും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റോജര്‍ ബിന്നി, പ്രസാദ്, സദാനന്ദ് മയ്യ എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യന്‍ ദേശീയ ടീമിലേക്ക് മികച്ച താരങ്ങളെ സംഭാവന ചെയ്യുന്ന കര്‍ണാടക ക്രിക്കറ്റിന്റെ തലപ്പത്തേക്കുള്ള കുംബ്ലെയുടെ കടന്നുവരവിനെ മികച്ച തുടക്കമായാണ് കാണുന്നത്. വളര്‍ന്നുവരുന്ന യുവതാരങ്ങളെ കണ്ടെത്താനും പിന്തുണ നല്‍കി അവരെ പ്രോല്‍സാഹിപ്പിക്കാനും കുംബ്ലെയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.