കുമരകം: ബി.ജെ.പി എം.പിയും ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കുമരകം പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കി. കായളും റവന്യൂ ഭൂമിയും കയ്യേറി നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയെന്നാണ് പഞ്ചായത്തിന്റെ പരാതി.


Also Read: ‘റോക്കറ്റ് ജഡ്ഡു’, ‘സൂപ്പര്‍ യാദവ്’; ഫീല്‍ഡില്‍ മിന്നും പ്രകടനവുമായി ഇന്ത്യന്‍ താരങ്ങള്‍; വീഡിയോ


രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ കുമരകത്തെ ‘നിരാമയ റിട്രീറ്റ് സെന്റര്‍’ നിര്‍മാണത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് പഞ്ചായത്തിന്റെ വിലയിരുത്തല്‍. റിസോര്‍ട്ട് നിര്‍മ്മാണത്തിനായി റവന്യൂ, കായല്‍ ഭൂമികള്‍ കയ്യേറിയിട്ടുണ്ടെന്നു കാട്ടി കുമരകം പഞ്ചായത്തു പ്രസിഡന്റ് എ.പി.സലിമോനാണ് മുഖ്യമന്ത്രിക്ക പരാതി നല്‍കിയിരിക്കുന്നത്.

കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനായ രാജീവ് ചന്ദ്രശേഖര്‍. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനി കോട്ടയം താലൂക്കില്‍ കുമരകം വില്ലേജില്‍പ്പെടുന്ന രണ്ടു സര്‍വേ നമ്പരുകളില്‍ കയ്യേറ്റം നടത്തിയിട്ടുണ്ടന്നാണ് പരാതിയില്‍ പറയുന്നത്.

കയ്യേറ്റം ഒഴിപ്പിക്കണമെന്നു ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും പുറമ്പോക്കു ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ റവന്യു അധികൃര്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു. കുമരകത്തു നിന്നും വേമ്പനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം പൂര്‍ണമായും തീരംകെട്ടി കൈയ്യേറി റിസോര്‍ട്ട് മതിലിനുള്ളിലാക്കിയിരിക്കുകയാണ്.


Dont Miss: മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജില്‍ അധ്യാപകര്‍ എസ്.എഫ്.ഐ ബോര്‍ഡുകള്‍ നശിപ്പിച്ചു; സി.സി.ടി.വി ദൃശ്യങ്ങളെത്തുടര്‍ന്ന് അധ്യാപകനെതിരെ നടപടി


കുമരകം കവണാറ്റിന്‍കരയില്‍ പ്രധാന റോഡില്‍ നിന്നും കായല്‍ വരെ നീളുന്ന പുരയിടത്തില്‍ പഞ്ചനക്ഷത്ര റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനായാണ് കായല്‍ കൈയ്യേറിയിരിക്കുന്നത്.

നേരേ മടത്തോടിന്റെയും റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായലിന്റെയും തീരത്തോട് ചേര്‍ന്നാണ് എം.പി ചെയര്‍മാനമായ കമ്പനിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇവിടുള്ള പുറമ്പോക്കുമുള്‍പ്പെടെ ഏകദേശം നാല് ഏക്കറോളം ഭൂമി കൈയ്യേറിയിട്ടുണ്ടെന്നാണ് പരാതി.

ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് കോട്ടയം താലൂക്ക് സര്‍വെയര്‍ അളന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ കൈയ്യേറ്റം നടന്നതായി സ്ഥിരീകരണമുണ്ട്. തീരദേശ പരിപാലന നിയമവും മലിനീകരണ നിയമങ്ങളും ഉള്‍പ്പെടെയുള്ള നിര്‍മ്മാണച്ചട്ടങ്ങളും കമ്പനി ലംഘിച്ചതായി പരാതിയുണ്ട്.