kuldeep

 

കുല്‍ദീപ് യാദവ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്പിന്‍ നിരയുടെ പ്രതീക്ഷയായി മാറിയ യുവാവ്. ചിനാമന്‍ എന്ന വ്യത്യസ്ത ബൗളിംങ് രീതിയുമായി ആഭ്യന്തര ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായി മാറിയിട്ട് വര്‍ഷങ്ങളായി. ടീം സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിട്ട് രണ്ട് വര്‍ഷമായെങ്കിലും സീനിയര്‍ ടീമില്‍ അരങ്ങേറാനുള്ള ഭാഗ്യം ഈ ഇരുപത്തിരണ്ടുകാരന് ഇതുവരെയും കൈവന്നിട്ടില്ല 19ാം വയസ്സില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെട്ടെങ്കിലും പരമ്പരയില്‍ ഒരു മത്സരത്തില്‍പ്പോലും അന്തിമ ഇലവനില്‍ സ്ഥാനം നേടാന്‍ താരത്തിനു കഴിഞ്ഞിരുന്നില്ല. ഏറ്റവുമൊടുവിലായി ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിക്കേറ്റ അമിത് മിശ്രയക്ക് പകരം കുല്‍ദീപ് വീണ്ടും ഇന്ത്യന്‍ ടീമിന്റെ വാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്.

ലോക ക്രിക്കറ്റില്‍ തന്നെ വിരലിലെണ്ണാവുന്നത്ര താരങ്ങള്‍ മാത്രം ബൗള്‍ ചെയ്യുന്ന രീതിയാണ് ചിനാമാന്‍. ഇന്ത്യന്‍ ദേശീയ ടീമിന് ഇതുവരെയൊരു ചിനാമന്‍ ബൗളറെ ലഭിച്ചിട്ടുമില്ല. ബൗളിങ്ങ് രീതിയില്‍ മാത്രമല്ല ബൗളിങ്ങ് ആക്ഷനിലും ഏറെ വ്യത്യസ്തനാണ് ത്തര്‍പ്രദേശ്കാരനായ ഈ ഇരുപത്തിരണ്ടുകാരന്‍. കധിനാധ്വാനത്തിന്റെ ഫലമായി തന്നെയാണ് കുല്‍ദീപിനു ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളി വന്നത്. ഭാദ്രയിലെ താജ് ലാന്‍ഡ്‌സ് എന്‍ഡ് ഹോട്ടലില്‍ ഫസ്റ്റ് പോസ്റ്റ് ലേഖകന്‍ ജിഗാര്‍ മേത്ത കുല്‍ദീപ് യാദവുമായി നടത്തിയ അഭിമുഖം

ഒരു ഫാസ്റ്റ് ബൗളറായി കരിയര്‍ ആരംഭിച്ച നിങ്ങള്‍ ഇപ്പോള്‍ ചിനാമന്‍ ബൗളറാണ്. എങ്ങിനെയായിരുന്നു ഈ മാറ്റം

സാധരണ കളിക്കാരുടെ പോലെയായിരുന്നില്ല എന്റെ ക്രിക്കറ്റ് ജീവിതം ആരംഭിച്ചത്. എല്ലാവരും ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം മൂലം കളിക്കാന്‍ ആരംഭിച്ചപ്പോള്‍ ഞാന്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനായ് മാത്രമാണ് കളിക്കാന്‍ തുടങ്ങിയത്. 2003ല്‍ ആയിരുന്നു ക്രിക്കറ്റ് മൈതാനത്തേക്ക് ഞാന്‍ എത്തുന്നത്. വസീം ഭായി(വസീം അക്രം)യുടെ വലിയ ആരാധകനായിരുന്നു ഞാന്‍, അതുകൊണ്ട് സ്വാഭാവികമായും ഫാസ്റ്റ് ബൗളിങ്ങിനെയാണ് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്.

അക്കാദമിയില്‍ ക്രിക്കറ്റ് പരിശീലനത്തിനായ് എത്തിയ ഞാന്‍ ആദ്യത്തെ നാല്-അഞ്ച് മാസക്കാലം ഫാസ്റ്റ് ബൗളിംഗില്‍ മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നത്. പെട്ടെന്ന് ഒരു ദിവസം എന്റെ കോച്ച് എന്നോട് ഫാസ്റ്റ് ബൗളിംഗ് പരിശീലിക്കേണ്ടെന്ന് പറയുകയായിരുന്നു സത്യത്തില്‍ എന്താണ് അദ്ദേഹം അങ്ങിനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. അദ്ദേഹം എന്നോട് സ്പിന്‍ ബൗള്‍ ചെയ്യാന്‍ പറഞ്ഞു.

kuldeeps

ഞാന്‍ ആദ്യം എറിഞ്ഞ പന്ത് ചിനാമന്‍ ആയിരുന്നു. പക്ഷേ ചിനാമന്‍ ബൗളിംഗ് എന്താണെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു. കയ്യില്‍ ബൗള്‍ എടുത്തശേഷം ടേണ്‍ ചെയ്യുന്ന രീതിയില്‍ എറിയുക മാത്രമായിരുന്നു ചെയ്തത്. ഭാഗ്യവശാല്‍ എനിക്കത് നന്നായി ചെയ്യാന്‍ കഴിഞ്ഞു. കോച്ച് എന്നോട് പറഞ്ഞത് നമ്മള്‍ ഇതില്‍ കൂടുതല്‍ സമയം പരിശീലിച്ചാല്‍ തീര്‍ച്ചയായും നല്ലൊരു റിസല്‍ട്ട് ഭാവിയില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്നായിരുന്നു.

ചിനാമനില്‍ ഇപ്പോള്‍ കാണുന്നത് പോലെയുള്ള റിസല്‍ട്ട് ഉണ്ടാക്കിയെടുക്കാന്‍ എത്ര നാളത്തെ പരിശീലനമാണ് വേണ്ടി വന്നത്

സത്യസന്ധമായി പറയുകയാണെങ്കില്‍ സ്ഥിരമായ പരിശീലനത്തിലൂടെ നേടിയെടുത്ത ഒന്നാണെന്നേ പറയാന്‍ കഴിയുകയുള്ളു. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് സ്‌ക്കൂളില്‍ നിന്ന് രാവിലെയും ഉച്ചയ്ക്ക് ശേഷവും ഞാന്‍ നെറ്റ്‌സില്‍ സമയം കണ്ടെത്താറുണ്ടായിരുന്നു. സിംഗിള്‍ വിക്കറ്റിലേക്ക് ബാറ്റ്‌സ്മാനെ ലക്ഷ്യമാക്കി നിരന്തരം ബൗള്‍ ചെയ്യുകയായിരുന്നു.രാവിലെ 6 മുതല്‍ 10 വരെയും ഉച്ചയ്ക്ക് 2 മണിയ്ക്കശേഷവുമുള്ള ഈ പരിശീലനം എന്നില്‍ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം പതിയെ ഉണര്‍ത്തുകയായിരുന്നു.

എന്റെ അധ്യാപകന്‍ പല തരത്തിലുള്ള ബൗളിംഗ് രീതികളും കാണിച്ച് തന്നു, എങ്ങിനെയാണ് ബൗള്‍ ചെയ്യേണ്ടതെന്നും. കാല്‍പാദത്തിന്റെ പൊസിഷന്‍ എങ്ങനെയായിരിക്കണമെന്നും തുടങ്ങി പലകാര്യങ്ങളും. എന്നില്‍ പതിയെ കളിയോടുള്ള താല്‍പ്പര്യം കൂടി വന്നു. അന്നു മുതലാണ് ബൗളറായിമാറാനുള്ള ശ്രമം ഞാന്‍ ആരംഭിക്കുന്നത്.

 

KULDEEP-IN-INDIAN-JRSY

 

 ഷെയ്ന്‍ വോണിന്റെ സ്വാധ്വീനം അത് എങ്ങിനെയായിരുന്നു

തീര്‍ച്ചയായും. കുട്ടിക്കാലം മുതല്‍ തന്നെ വേണിന്റെ വീഡിയോകള്‍ ഞാന്‍ നിരന്തരം കാണാറുണ്ടായിരുന്നു. ഒരു ചിനാമന്‍ ബൗളറായി മാറുവാന്‍ വേണ്ടിമാത്രമാണ് ഞാന്‍ അദ്ദേഹത്തെ നിരീക്ഷിച്ചിരുന്നത്. അദ്ദേഹം വലത്കയ്യില്‍ നിന്നുമാണ് ലെഗ് സ്പിന്‍ ചെയ്തിരുന്നത് ഞാന്‍ ഇടതുകയ്യില്‍ നിന്നാണ്.

അത് മാത്രമാണ് ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം. ബാക്കി ഏകദേശം എല്ലാകാര്യങ്ങളും ഞാന്‍ അദ്ദേഹത്തെ കണ്ടാണ് പഠിച്ചത്. അദ്ദേഹത്തിന്റെ വീഡിയോകള്‍ എനിക്ക് പ്രചോദനമായിത്തീരുകയായിരുന്നു. ഇംഗ്‌ളീഷ് താരങ്ങള്‍ക്കെതിരെ വോണ്‍ വിക്കറ്റുകള്‍ നേടുന്നത് കൗതുകമുള്ള കാഴ്ചയാണ്.

ചിനാമന്‍ ബൗളര്‍മാര്‍ക്കുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണ്

ഇന്നത്തെ കാലത്ത് താരങ്ങള്‍ക്ക് കൂടുതല്‍ മത്സരങ്ങള്‍ നിരീക്ഷിക്കാനുള്ള സൗകര്യങ്ങളുണ്ട്. കൂടുതലായി ഇത്തരം വീഡിയോകള്‍ കാണുന്നത് വഴി ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഓരോ ബൗളും എങ്ങിനെയാണ് നേരിടേണ്ടത് എന്ന് പഠിക്കുവാന്‍ സാധിക്കും. പക്ഷേ ഇന്ന് ചിനാമന്‍ ബൗളേഴ്‌സ് എല്ലാ ടീമിലും ഇല്ല. അത് കൊണ്ട് തന്നെ ചിനാമന്‍ രീതിയെ എങ്ങിനെ നേരിടാമെന്ന് താരങ്ങള്‍ക്ക് മനസ്സിലാക്കുക എളുപ്പമുള്ള കാര്യമല്ല. ഇത് തന്നെയാണ് ഞങ്ങള്‍ക്കുള്ള പ്രധാന ഗുണങ്ങള്‍.

എപ്പോഴൊക്കെയാണ് നിങ്ങള്‍ ‘റോങ് അണ്‍’ ബൗള്‍ ചെയ്യുന്നത്.

ബാറ്റ്‌സ്മാന്‍ എങ്ങിനെയാണ് കളിക്കുന്നത് എന്നതിനനുസരിച്ചാകും ഓരോ ബൗളും എങ്ങിനെ ചെയ്യണമെന്ന് തീരുമാനിക്കുക. ആക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാനെതിരെ ‘റോങ് അണ്‍’ ചെയ്യുക എന്നതാണ് എന്റെ രീതി. എങ്കിലും പുതുതായി കളത്തിലെത്തുന്ന ബാറ്റ്‌സ്മാനെതിരെയും ഞാന്‍ ഇത് ഉപയോഗിക്കാറുണ്ട്.

ക്രീസില്‍ പുതുതായ് എത്തുന്ന ബാറ്റ്‌സ്മാനെ എത്രയും വേഗം പറഞ്ഞയക്കാനെ എല്ലാവരും ശ്രമിക്കു അതുകൊണ്ട് തന്നെയാണ് ഞാന്‍ ഇത്തരം ബൗള്‍ ഉപയോഗിക്കുന്നത്. ട്വന്റി-20യില്‍ ഈ രീതി വളരെയധികം ഗുണമുണ്ടാക്കുന്നവയാണ്.

അനില്‍ കുംബ്ലെയുടെ കീഴില്‍ പരിശീലിക്കുക എന്നത് ഒരു ഇന്ത്യന്‍ സ്പിന്നര്‍ക്ക് ലഭിക്കാവുന്ന ബഹുമതികളില്‍ ഒന്ന് തന്നെയാണ്. കുംബ്ലെയുടെ കീഴില്‍ എന്തു തോന്നുന്നു

തീര്‍ച്ചയായും അനില്‍ സാറില്‍ നിന്ന് വളരെയധികം കാര്യങ്ങള്‍ പഠിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ബൗള്‍ ചെയ്യുബോള്‍ വലത് കയ്യുടെ പൊസിഷന്‍ താഴ്ത്തിയാല്‍ പന്തിന് മികച്ച ടേണിംങും ബൗണ്‍സും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാന്‍ ഇപ്പോള്‍ അതിനുള്ള പരിശ്രമത്തിലാണ്. നന്നായി ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം എനിക്കുണ്ട്.

kuldeep-in-nets

 

പരിശീലനവേളയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭിനന്ദനവും നിങ്ങളെ തേടിയെത്തി. എന്ത് തോന്നുന്നു

അതായിരുന്നു ക്രിക്കറ്റിലെ ആദ്യ ദിവസം.ഓസ്‌ട്രേലിയക്കെതിരായ അണ്ടര്‍-19 മത്സരം കഴിഞ്ഞ് വിശ്രമത്തിലായിരുന്നു ഞാന്‍. അന്നു രാവിലെ മുംബൈ ഇന്ത്യന്‍സ് മാനേജര്‍ എന്നെ വിളിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ സച്ചിന്‍ പാജി പരിശീലനത്തിനെത്തുന്നുണ്ട് ബൗള്‍ ചെയ്യാന്‍ നിങ്ങളെത്തണം എന്നു പറഞ്ഞു. എനിക്ക് ആകെ എന്തോ പോലെയായി, സച്ചിനെതിരെ ബൗള്‍ ചെയ്യുക എന്നാണ് പറഞ്ഞിട്ടുള്ളത്. പിന്നെ എന്റെ ചിന്ത എങ്ങിനെ ബൗള്‍ ചെയ്യാം എന്നായിരുന്നു. അവസാനം ഞാന്‍ നെറ്റ്‌സില്‍ എത്തി സച്ചിനെതിരെ ബൗളും ചെയ്തു. അദ്ദേഹത്തിന്റെ വിക്കറ്റ് നേടാന്‍ എനിക്ക് കഴിഞ്ഞു. സച്ചിന്റെ വിക്കറ്റ് കിട്ടിയ നിമിഷം അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തം.

പിന്നീട് സച്ചിന്‍ സാറുമായി ഞാന്‍ സംസാരിച്ചു അദ്ദേഹം എന്നോട് അണ്ടര്‍-19 മത്സരത്തെക്കുറിച്ച് ചോദിച്ചു. ഓസ്‌ട്രേലിയന്‍ പര്യടനം എന്നെ സംബന്ധിച്ചിടത്തോളം മികച്ചതായിരുന്നില്ല ഞാന്‍ അത് പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടിയായിരുന്നു എനിക്ക് ഏറ്റവും ഉര്‍ജ്ജമേകിയത്.

‘കാര്യമാക്കണ്ട, നിങ്ങള്‍ നന്നായി ബൗള്‍ ചെയ്യുന്നുണ്ട്, പരിശീലനം തുടരൂ’. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഏകദേശം പത്തു പതിനഞ്ച് മിനിറ്റോളം അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു. ആ സമയത്തൊന്നും ഞാന്‍ ഒന്നും മിണ്ടിയിരുന്നില്ല. എനിക്കൊന്നും സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിനെതിരെ ബൗള്‍ ചെയ്യാന്‍ കഴിഞ്ഞതും സംസാരിക്കാന്‍ കഴിഞ്ഞതുമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങള്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലുള്ള അനുഭവങ്ങള്‍

ടീമില്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് ബ്രാഡ് ഹോഡ്ജായിരുന്നു. 45 വയസ്സു പ്രായമുള്ള താരം ഇപ്പോഴും ക്രിക്കറ്റില്‍ സജീവമായിരിക്കുന്നു. അവരോടൊപ്പം ടീമില്‍ സമയം കണ്ടെത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം മികച്ച അനുഭവങ്ങളായിരുന്നു. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ബാറ്റ്‌സാമാനെ എങ്ങിനെ നിരീക്ഷിക്കണമെന്ന്, ആക്രമിച്ച് കളിക്കുന്ന ഒരാളെ എങ്ങിനെ നേരിടണമെന്ന്. പലകാര്യങ്ങളിലും വ്യക്തത വരുത്താന്‍ കൊല്‍ക്കത്ത ക്യാമ്പിലെ ദിനങ്ങള്‍ എന്നെ സഹായിച്ചിട്ടുണ്ട്.

 

KULDEPP-IN-KKR

 

ക്രിക്കറ്റിനു പുറത്തുള്ള കുല്‍ദീപ് എങ്ങിനെയാണ്

ഞാന്‍ ഒരു ഫുട്‌ബോള്‍ പ്രേമിയാണ്. ക്രിക്കറ്റ് കാണുന്നതിനേക്കാള്‍ ഫുട്‌ബോള്‍ കാണാനാണ് ഞാന്‍ സമയം കണ്ടെത്തുന്നത്. ബാഴ്‌സലോണയാണ് എന്റെ ഇഷ്ടപ്പെട്ട ഫുട്‌ബോള്‍ ടീം. അവരുടെ എല്ലാ കളികളും ഞാന്‍ കാണാന്‍ ശ്രമിക്കാറുണ്ട്. അത് രാത്രിയാണെങ്കില്‍ കൂടിയും. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ ആരാധകനാണ് ഞാന്‍. ഫുട്‌ബോളിനു പുറമേ സിനിമകള്‍ കാണും. പ്ലെയിംഗ് സ്റ്റേഷനുകളില്‍ നിന്ന് ഗെയിം കളിക്കുവാനും സമയം കണ്ടെത്താറുണ്ട്.

2104ല്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരായ മത്സരത്തില്‍ ഹാട്രിക് നേടിയ കുല്‍ദീപിന്റെ വീഡിയോ കാണാം