Categories

‘വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ പോകാന്‍ കുല്‍ഭുഷന് 60 ദിവസമുണ്ട്; രാജ്യത്തിന്റെ ശത്രുക്കളെ ഉരുക്കു മുഷ്ടി കൊണ്ട് നേരിടും’: നിലപാട് കടുപ്പിച്ച് പാക് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: തനിക്കെതിരായ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാന്‍ കുല്‍ഭുഷന് 60 ദിവസത്തെ സമയം അനുവദിച്ചതായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അതേസമയം വധശിക്ഷയെ പിന്തുണയ്ക്കുന്നതായും പാക് മന്ത്രി വ്യക്തമാക്കി.

നിയമത്തിനു വിരുദ്ധമായതൊന്നു കുല്‍ഭുഷന്റെ വധശിക്ഷ വിധിയില്‍ നടന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ആസൂത്രിത കൊലപാതകമെന്ന ഇന്ത്യയുടെ ആരോപണങ്ങളെ തള്ളിക്കണഞ്ഞ പാക് പ്രതിരോധ മന്ത്രി കാശ്മീരില്‍ നടക്കുന്നതാണ് ആസൂത്രിത കൊലപാതകമെന്നും അഭിപ്രായപ്പെട്ടു.

പാകിസ്താന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ ഉരുക്കു മുഷ്ടികൊണ്ട് നേരിടുമെന്നും ഖ്വാജ വ്യക്തമാക്കി. കുല്‍ഭുഷന്റെ വിചാരണ മൂന്ന് മാസം നടത്തിയിരുന്നുവെന്നും ചൂണ്ടിക്കാണിച്ചു.

‘ ശത്രുക്കള്‍ അതിര്‍ത്തിക്ക് അപ്പുറത്തു നിന്നാണെങ്കിലും അകത്തു നിന്നാണെങ്കിലും അവര്‍ ശിക്ഷ അനുഭവിച്ചിരിക്കും.’ ഖ്വാജ പറയുന്നു.

അതേസമയം, പാക് സൈനിക കോടതി വധ ശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷനുവേണ്ടി ഭരണ പ്രതിപക്ഷാംഗങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത് എത്തിയിരിക്കുകയാണ്. പാര്‍ലമെന്റില്‍ പാക് നടപടിയെ അപലപിച്ച് കൊണ്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അവതരിപ്പിച്ച പ്രമേയം തയ്യാറാക്കന്‍ മന്ത്രിയെ സഹായിച്ചത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആയിരുന്നു.

തിരുവനന്തപുരത്ത് നിന്നുള്ള കോണ്‍ഗ്രസ് എം.പിയായ ശശി തരൂര്‍ തയ്യാറാക്കിയ പ്രമേയമാണ് പാര്‍ലമെന്റില്‍ ഇന്നവതരിപ്പിച്ചത്. പാര്‍ലമെന്റില്‍ മുഴുവന്‍ കക്ഷികളും ഒറ്റക്കെട്ടായാണ് പാക് നടപടിക്കെതിരെ രംഗത്ത് വന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥന്‍ എന്നാരോപിച്ച് ബലൂചിസ്ഥാനില്‍ നിന്നായിരുന്നു കുല്‍ഭൂഷണെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തിരുന്നത്.


Also Read: അറസ്റ്റ് ചെയ്യാനെത്തിയ പാക് നാവികരുടെ ബോട്ട് തകര്‍ന്നു; രക്ഷകരായി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍


ലോകസഭയില്‍ വിദേശകാര്യമന്ത്രി അദ്ദേഹം ചാരനല്ലെന്നും ഇന്ത്യന്‍ പൗരനാണെന്നും വ്യക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂറിനെ സമീപിച്ച് പ്രമേയം തയ്യാറാക്കാന്‍ സഹായം ആവശ്യപ്പെട്ടത്. ബി.ജെ.പി നേതാവ് തന്റെയടുത്ത് സഹായത്തിനെത്തിയതോടെ തരൂര്‍ തീരുമാനത്തിനായി പാര്‍ട്ടി നേതാവിന്റെ അനുമതി തേടുകയായിരുന്നു.
ബി.ജെ.പിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി നേതാവായ മല്ലികാര്‍ജുനന്‍ ഖാര്‍ഘെയുടെ അനുമതി ലഭിച്ചയുടന്‍ തരൂര്‍ പ്രമേയം തയ്യാറാക്കി നല്‍കുകയും ചെയ്തു.

ഇതാദ്യമായല്ല ബി.ജെ.പി സര്‍ക്കാരിന് സഹായവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തുന്നത്. പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായും തരൂര്‍ മുമ്പ് പ്രത്യക്ഷപ്പെട്ടിരുന്നു.

പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വവയാണ് കുല്‍ഭൂഷണിനെ വധശിക്ഷയ്ക്ക് വിധിച്ച കാര്യം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. പാക് സൈനിക നിയമപ്രകാരമാണ് ഇയാള്‍ക്കെതിരായ വധശിക്ഷയെന്നും ബജ്വവ പറഞ്ഞിരുന്നു.