കൊച്ചി : ഇടുക്കിയിലെ അണക്കെട്ടിലൊന്നായ കുളമാവ് ഡാമിന്റെ മണ്‍തിട്ട അപകടഭീഷണി ഉണ്ടാക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇടുക്കി ജലസംഭരണിയിലെ ഏറ്റവും ദുര്‍ബലമായ ഭാഗമാണിത്.

Ads By Google

അണക്കെട്ടിന്റെ ചോര്‍ച്ച വന്‍ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെയുണ്ടായിരുന്നു. 1975-76 ലാണ് കുളമാവ് അണക്കെട്ട് നിര്‍മിച്ചത്. ചോര്‍ച്ച നേരത്തെ കണ്ടെത്തിയതാണെങ്കിലും ഇതിന്റെ യഥാര്‍ത്ഥ കാരണം സംബന്ധിച്ച് ഇപ്പോഴും പഠനറിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.

തീവ്രവാദി ഭീഷണിയുള്ളതനാല്‍ ഇടുക്കി അണക്കെട്ടിന്റെ സുരക്ഷ ശക്തമാക്കണമെന്ന് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. വെള്ളൂരില്‍ ട്രെയിന്‍ അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അട്ടിമറി സാധ്യത ഏറെയുള്ള മേഖലയാണിത്.

കോണ്‍ക്രീറ്റ് അണക്കെട്ടിനോട്‌ ചേര്‍ന്ന് 684. 45 മീറ്റര്‍ ഉയരത്തിലും 30 മീറ്റര്‍ നീളത്തിലും 200 അടി വീതിയിലുമായി മണ്ണും കരിങ്കല്ലും കൊണ്ട് നിര്‍മിച്ചിട്ടുള്ള ഡാമില്‍ മഴ ശക്തിപ്രാപിച്ചതോടെ ചോര്‍ച്ചയും ശക്തമായിട്ടുള്ളത്. ഇത് ഇടുക്കി അണക്കെട്ടിനകത്തെ വെള്ളമാണോ മലയില്‍ നിന്നുള്ള ഉറവയാണോ എന്നത് ഇതുവരെയും കണ്ടെത്താനായിട്ടില്ല.

കരിങ്കല്ല് കെട്ടി അതിന്‌ മുകളില്‍ മണ്ണിട്ടാണ് ഡാം നിര്‍മിച്ചത്. കരിങ്കല്ലിനിടയിലൂടെ വെള്ളമിറങ്ങി താഴോട്ടുവലിക്കുന്നതാണെന്നാണ് പ്രാഥമിക നിഗമനം. ഇതു സ്ഥിരീകരിക്കുന്ന പക്ഷം ചോര്‍ച്ച അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതുണ്ട്.

ശക്തിയായ വെള്ളപ്പൊക്കത്തില്‍ മണ്‍തിട്ട തള്ളിപ്പോകുന്നപക്ഷം താഴേക്ക് കുത്തിയൊലിച്ച് ഇറങ്ങുന്ന വെള്ളം തൊടുപുഴയാറ്റിലെത്തി താഴ്‌വാരങ്ങളില്‍ വന്‍ നാശനഷ്ടങ്ങളുണ്ടാക്കും.  പലഘട്ടങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇതുവരെ നടപടി സ്വീകരിക്കാത്തത് ഗൗരവമായെടുക്കണമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു.