തിരുവനന്തപുപുരം: കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം ഒത്തുതീര്‍പ്പായി. സര്‍ക്കാരുമായി എല്‍.ഡി.എഫ് അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. കുടുംബശ്രീക്ക് സര്‍ക്കാര്‍ നല്‍കുന്ന വായ്പാ പലിശ നിരക്ക് കുറക്കാനും കുടുംബശ്രീയുടെ പരാതിയില്‍ കേന്ദ്ര കൃഷി മന്ത്രാലയം തീരുമാനമെടുക്കാനും ചര്‍ച്ചയില്‍ ധാരണായായിരുന്നു.

Ads By Google

Subscribe Us:

കുടുംബശ്രീ സമരം ഒത്തുതീര്‍പ്പായെന്ന് മന്ത്രി എം.കെ മുനീര്‍ നേരത്തേ അറിയിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച് സമരക്കാരുടെ വിശദീകരണം ലഭ്യമായിരുന്നില്ല. ആഭ്യന്തരമന്ത്രി രാധാകൃഷ്ണന്റെയും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ.മുനീറിന്റെയും നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. പലിശനിരക്ക് 12 ശതമാനം എന്നുള്ളത് ഏഴ് ശതമാനം ആക്കാനും തൊഴിലുറപ്പ് പദ്ധതിക്ക് കുടുംബശ്രീയുടെ എ.ഡി.എസ് അംഗത്വം മാനദണ്ഡമാക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.

കേന്ദ്രസര്‍ക്കാറിന്റെ ദേശീയ ഉപജീവന മിഷന്റെ കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീ ആയിരിക്കുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി.

കുടുംബശ്രീ പ്രവര്‍ത്തകരുടെ സമരം എല്‍.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത്. എം.എം ഹസ്സന്‍ ചെയര്‍മാനായ ജനശ്രീക്ക് നല്‍കിയ ഫണ്ട് തിരിച്ചുപിടിക്കുക, കുടുംബശ്രീയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലെ സമരം. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ എത്തിയിരുന്നു.