തിരുവനന്തപുരം: കുടുംബശ്രീ സമരം ഒത്തുതീര്‍പ്പായതായി മന്ത്രി എം.കെ മുനീര്‍. സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനങ്ങള്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.  സര്‍ക്കാരുമായി എല്‍.ഡി.എഫ് അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.  കുടംബശ്രീയുടെ പരാതിയില്‍ കേന്ദ്രകൃഷിമന്ത്രാലയം തീരുമാനിക്കട്ടെയെന്നാണ് ധാരണയായത്.

Ads By Google

കുടംബശ്രീക്ക് സര്‍ക്കാര്‍ നല്‍കുന്ന വായ്പകളുടെ പലിശനിരക്ക് കുറക്കാനും ധാരണയായി. പലിശനിരക്ക് 12 ശതമാനം എന്നുള്ളത് ഏഴ് ശതമാനം ആക്കും. തൊഴിലുറപ്പ് പദ്ധതിക്ക് കുടുംബശ്രീയുടെ എ.ഡി.എസ് അംഗത്വം മാനദണ്ഡമാക്കും. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീറുമാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്.

ജനശ്രീക്ക് ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ടു സെക്രട്ടേറിയറ്റിന് മുന്‍പില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം ഏറ്റെടുക്കുമെന്ന് എല്‍.ഡി.എഫ്  പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്.

എം.എം ഹസ്സന്‍ ചെയര്‍മാനായ ജനശ്രീക്ക് നല്‍കിയ ഫണ്ട് തിരിച്ചുപിടിക്കുക, കുടുംബശ്രീയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലെ സമരം. സമരത്തിന് പിന്തുണയുമായി സി.പി.ഐ.എം നേതാക്കളടക്കം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് സമരപന്തലില്‍ എത്തിക്കൊണ്ടിരിക്കുന്നത്.