ചെന്നൈ: ഒരു വര്‍ഷത്തിലേറെയായി തുടരുന്ന കൂടംകുളം സമരം പുതിയ രൂപത്തിലേക്ക് നീളുന്നു. കൂടംകുളത്തെ ആണവനിലയം അടച്ചുപൂട്ടണമെന്ന ആവശ്യം ഉന്നയിച്ച് ഇന്ന് പ്രതിഷേധക്കാര്‍ തമിഴ്‌നാട് നിയമസഭ ഉപരോധിക്കും.

Subscribe Us:

ആണവനിലയത്തില്‍ ഇന്ധനം നിറച്ചിട്ട് നാളുകളേറെയായെങ്കിലും അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തത് കൊണ്ട് മത്രമാണ് നിലയം കമ്മീഷന്‍ ചെയ്യാതിരിക്കുന്നത്.

Ads By Google

ഈ സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ആണവ വിരുദ്ധ സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഇന്ന് നിയമസഭ ഉപരോധിക്കുന്നത്.

ആണവനിലയം സുരക്ഷിതമല്ലെന്ന് കാണിച്ച് സുപ്രീംകോടതിയേയും സമിതി സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ട് കമ്മിറ്റികളും നിലയം സുരക്ഷിതമാണെന്ന നിലപാടാണ് സ്വീകരിച്ചത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫുകുഷിമയിലുണ്ടായ ആണവ ദുരന്തം നേരിടാന്‍ വികസിത രാജ്യമായ ജപ്പാന് പോലും സാധ്യമായിരുന്നില്ലെന്നും അപ്പോള്‍ ഇന്ത്യയുടെ അവസ്ഥ എന്താകുമെന്നുമാണ് ആണവ വിരുദ്ധ സമിതി ചോദിക്കുന്നത്.

ആണവനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതി നേതാവ് എസ്.പി ഉദയകുമാറിന്റെ നേതൃത്വത്തില്‍ പതിനായിരത്തോളം വരുന്ന ഗ്രാമവാസികള്‍ കടലിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

ഇന്ന് നടക്കുന്ന നിയമസഭാ ഉപരോധത്തില്‍ പി.എം.കെ (പട്ടാളി മക്കള്‍ കക്ഷി) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും നിയമസഭ ഉപരോധിക്കാനാണ് സമര സമിതി തീരുമാനിച്ചിരിക്കുന്നത്.