ചെന്നൈ: കൂടംകുളം ആണവനിലയത്തിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം. ആണവനിലയം അടച്ചുപൂട്ടുക എന്ന മുദ്രാവാക്യമുയര്‍ത്തി കൂടംകുളം ആണവനിലയത്തിലേക്ക് നാലായിരത്തോളം ഗ്രാമവാസികള്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്.

ആണവനിലയത്തിന്റെ ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെ വെച്ച് തന്നെ ആയിരക്കണക്കിന് വരുന്ന പോലീസും ദ്രുതകര്‍മ സേനയും ഇവരെ തടഞ്ഞു. തുടര്‍ന്ന് സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു.

Ads By Google

ആണവനിലയത്തിലേക്ക്‌ സമരക്കാര്‍ അടുക്കുന്നത് തടയാനായി പോലീസ് ഗ്രാനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആണവനിലയത്തിന് ഒന്നരകിലോമീറ്റര്‍ അകലെ കടല്‍ത്തീരത്താണ് പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം നടക്കുന്നത്.

പോലീസിന്റെ ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ നിന്നും രക്ഷപ്പെടാനായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ കടലിലേക്ക് ചാടി.

പോലീസിന്റെ ശക്തമായ പ്രതിരോധമുണ്ടായിട്ടും സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടുന്ന സമരക്കാര്‍ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ്. മാര്‍ച്ച് തടയാന്‍ പോലീസ് ആണവനിലയത്തിലേക്കുള്ള പ്രധാന വഴികളും കവാടങ്ങളും അടച്ചിരുന്നു.

ആണവനിലയം അടച്ചുപൂട്ടണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും ഈ ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.

ആണവനിലയത്തില്‍ ആണവ ഇന്ധനം നിറയ്ക്കാനുള്ള നീക്കത്തിനെതിരെയാണ് സമരക്കാര്‍ രംഗത്തിറങ്ങിയത്. ഇന്ധനം നിറയ്ക്കാനുള്ള നീക്കത്തില്‍ നിന്നും  പിന്‍വാങ്ങിയാല്‍ മാത്രമേ ഇപ്പോഴുള്ള സ്ഥലത്തുനിന്ന് പിന്മാറുകയുള്ളൂവെന്ന നിലപാടിലാണ് സമരക്കാര്‍.

ആണവനിലയത്തിന് ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ മാര്‍ച്ച് നിയമവിരുദ്ധമാണെന്ന നിലപാടിലാണ് പോലീസ്. കൂടാതെ കൂടംകുളത്തും പരിസരപ്രദേശങ്ങളിലും കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

സമരക്കാര്‍ പിരിഞ്ഞുപോകണമെന്നാണ് പോലീസിന്റെ ആവശ്യം. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി ജയലളിത ഇടപെടണമെന്നാണ് സമരക്കാരുടെ ആവശ്യം.

മദ്രാസ് ഹൈക്കോടതി കൂടംകുളം ആണവനിലയത്തിന് അനുമതി നല്‍കിയതോടെയാണ് കൂടംകുളം ആണവനിലയത്തില്‍ ഇന്ധനം നിര്‍മിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് നാട്ടുകാര്‍.  ആണവനിലയപദ്ധതി പിന്‍വലിക്കുന്നത് വരെ സമരത്തില്‍ ഉറച്ചു നില്‍ക്കുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.