Administrator
Administrator
വൈദ്യുതി പ്രതിസന്ധി: പരിഹാരം ആണവ നിലയങ്ങളോ?
Administrator
Tuesday 20th September 2011 5:12pm

കൂടംകുളത്തെ ജനത അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആണവ നിലയങ്ങള്‍ വേണമെന്ന സര്‍ക്കാറിന്റെ പതിവ് വാദങ്ങളൊന്നും അവിടത്തെ ജനതയെ അടങ്ങിയിരിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. ചെര്‍ണോബിലും ഭോപ്പാലും ഏറ്റവും ഒടുവില്‍ ഫുക്കുഷിമയും അവരോട് പറയുന്നത് മറ്റൊരു കഥയാണല്ലോ…

Ads By Google

രാജ്യത്ത് വൈദ്യുതോര്‍ജ്ജ അപര്യാപ്തമാണെന്നും ആണവോര്‍ജ്ജമുപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനമാണ് അതിന് ഒരേയൊരു പരിഹാരമെന്നും സര്‍ക്കാര്‍ ഏറെക്കാലമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കയാണ്. ബദല്‍ മാര്‍ഗ്ഗങ്ങളെക്കുറിച്ച് പലരും പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇതൊന്നും പരിഗണിക്കുന്നില്ല. തങ്ങള്‍ നിര്‍മ്മിച്ച് കൂട്ടിയ യന്ത്രങ്ങളുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും വിപണനത്തിനുള്ള മാര്‍ക്കറ്റായാണ് അമേരിക്കയുള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളെ എക്കാലത്തും കണ്ടിട്ടുള്ളത്. ഇന്ത്യയുടെ ഗുണത്തിനെന്ന് അവകാശപ്പെട്ട ആണവ കരാര്‍ ഒപ്പുവെക്കുന്നതിന് ഇന്ത്യയെക്കാള്‍ ഏറെ താല്‍പര്യം അമേരിക്കക്കായിരുന്നുവെന്നത് നാമെല്ലാം കണ്ടതാണ്.

കൂടംകുളത്ത് പ്രതിഷേധത്തിന്റെ അഗ്നിയുയര്‍ന്ന് കഴിഞ്ഞു. ജീവന്‍ നഷ്ടപ്പെട്ടാലും ആണവ നിലയം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കൂടംകുളത്തെ ജനത പ്രതിജ്ഞയെടുത്ത് കഴിഞ്ഞു. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു. വൈദ്യുതി പ്രതിസന്ധി: പരിഹാരം ആണവ നിലയങ്ങളോ?

സി.ആര്‍ നീലകണ്ഠന്‍, ആക്ടവിസ്റ്റ്

ഇന്ത്യയ്ക്ക് മാത്രമല്ല ഇനി ഒരു രാജ്യത്തിനും ആണവനിലയങ്ങള്‍ ആവശ്യമില്ല. സ്വന്തമായി ആണവ ഇന്ധനം പോലും ഇല്ലാത്ത രാജ്യമാണ് ഇന്ത്യ. ഇന്ധനത്തിനായാലും ആണവനിലയങ്ങല്‍ നിര്‍മ്മിക്കാനാവശ്യമായ സാങ്കേതിക വിദ്യകള്‍ക്കായാലും വിദേശ രാജ്യങ്ങളെ ആശ്രയിച്ചേ ഇന്ത്യയ്ക്ക് ചെയ്യാന്‍ കഴിയും. ഇത് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. പെട്രോളിന്റെയോ ഡീസലിന്റെയോ വില നിശ്ചയിക്കുന്നതുപോലെ ആണവഇന്ധനങ്ങളുടെ വില നിശ്ചയിക്കാനാവില്ല. അതിനാല്‍ ഇതിന് എത്ര വിലയാവുമെന്ന് പറയാന്‍ കഴിയില്ല. ഇതിനു പുറമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനും, പരിപാലിക്കുന്നതിനും, വേണ്ടിവന്നാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനും കോടിക്കണക്കിന് രൂപയുടെ ചിലവ് വരും. ആണവ നിലയങ്ങളില്‍ നിന്ന് വരുന്ന മാലിന്യങ്ങള്‍ ദശലക്ഷക്കണക്കിന് വര്‍ഷം സൂക്ഷിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കേണ്ടതുണ്ട്.

ഇന്ത്യയെക്കാള്‍ സാമ്പത്തിക പുരോഗതിയുള്ള ജപ്പാനില്‍ ആണവ ദുരന്തമുണ്ടായപ്പോഴുള്ള അവസ്ഥ നമ്മള്‍ കണ്ടതാണ്. ജപ്പാനേക്കാള്‍ കൂടുതല്‍ ആണവ വൈദ്യുതി ഉപയോഗിക്കുന്ന ജര്‍മ്മനി 2020ഓടെ ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്വന്തമായി സാങ്കേതിക ഉപകരണങ്ങള്‍ പോലും അവകാശപ്പെടാനില്ലാത്ത ഇന്ത്യ ആണവ നിലയങ്ങള്‍ ഉപയോഗിക്കുന്നത്.

ഇന്ത്യ യു.എസ് ആണവ കരാറിന്റെ സമയത്തെ അവകാശവാദം നോക്കുകയാണെങ്കില്‍ 2020-25 ഓടെ ആണവനിലയങ്ങളില്‍ നിന്നും 6% വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നാണ് പറഞ്ഞത്. അതായത് ശേഷിക്കുന്ന 94% നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിനു പുറമേ മലിനീകരണം കുറഞ്ഞ പദ്ധതിയാണ് ആണവോര്‍ജ്ജം എന്നത് ശുദ്ധമണ്ഡത്തരമാണ്. ഖനനം മുതല്‍ അവസാനംവരെയുണ്ടായിരുന്ന മലിനീകരണം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതമാണുണ്ടാക്കുന്നത്. ഇതില്‍ നിന്നും പുറത്തുവരുന്ന റേഡിയോ ആക്ടീവ് വികിരണങ്ങള്‍ വന്‍തോതില്‍ ദോഷം ചെയ്യും.

ചുരുക്കത്തില്‍ ആണവ നിലയങ്ങള്‍ സാമ്പത്തികമായും, പാരിസ്ഥിതികമായും, സാമൂഹികമായും യാതൊരു നേട്ടവുമുണ്ടാക്കുന്നില്ല. എന്നാല്‍ പ്രശ്‌നങ്ങള്‍ ഒരുപാടുണ്ടാക്കുന്നുണ്ടുതാനും. ഫുക്കുഷിമ ദുരന്തം പോലുള്ള ദുരന്തങ്ങളുണ്ടായ ഇന്ത്യയെ പോലെ ഒരു രാജ്യത്തിന് അത് താങ്ങാനാവില്ല. ഫുക്കുഷിമയില്‍ അണുപ്രസരണം ഉണ്ടായപ്പോള്‍ രണ്ട്് മണിക്കൂറിനുള്ളില്‍ രണ്ടരലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കാന്‍ ജപ്പാന് കഴിഞ്ഞു. കൂടംകുളത്താണ് ഇതുപോലൊരു ദുരന്തം ഉണ്ടാവുന്നതെങ്കില്‍ കന്യാകുമാരിയിലെയും, നാഗര്‍കോവിലിലെയും, തിരുവനന്തപുരത്തെയുമൊക്കെ ജനങ്ങളെ എങ്ങനെയാണ് സര്‍ക്കാര്‍ ഒഴിപ്പിക്കുക. സുനാമി, ഭോപ്പാല്‍ ദുരന്തങ്ങളുണ്ടായപ്പോള്‍ നമ്മള്‍ കണ്ടതാണ് സര്‍ക്കാരിന്റെ ഇടപെടല്‍.

കെ.സഹദേവന്‍, ആക്ടിവിസ്റ്റ്,

ലോകത്തെവിടെയും ആണവ നിലയങ്ങള്‍ ആവശ്യമില്ല. 25 കൊല്ലമായി ഈ രംഗത്ത് പഠനം നടത്തുന്നയാളാണ് ഞാന്‍. ആണവോര്‍ജ്ജങ്ങളില്‍ നിന്നും ഉല്പാദിപ്പിക്കാന്‍ കഴിയുന്ന വൈദ്യുതിയുടെ അളവ് 3 മുതല്‍ 4% വരെയാണ്. ഇന്ത്യയില്‍ വൈദ്യുതി ഉല്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന ട്രാന്‍സ്മിഷന്‍ ലോസ് ശരാശരി 24%മാണ്. കേരളത്തില്‍ ഇത് 19%മാണ്. സാങ്കേതികമായി പരിഹരിച്ചാല്‍ ഇത് 7%വരെയാക്കാമെന്നാണ് പറയുന്നത്.

1992-90 കാലഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം എന്ന സ്ഥലത്ത് വോള്‍ട്ടേജ് ക്ഷാമത്തിനെതിരെ പ്രക്ഷോഭം നടന്നിരുന്നു. ട്രാന്‍സ്മിഷന്‍ ലോസായിരുന്നു ഇവിടുത്തെ പ്രധാന പ്രശ്‌നം. അന്ന് ആണവനിലയം സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെ ആലോചിച്ചതാണ്. അതിനുശേഷം കേരളത്തില്‍ കായംകുളം താപവൈദ്യുത നിലയം മാത്രമാണ് ഉണ്ടായത്. എന്നിട്ടും കണ്ണൂരിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞു. ട്രാന്‍സ്മിഷന്‍ കപ്പാസിറ്റി വര്‍ധിപ്പിച്ചും മറ്റും ട്രാന്‍സ്മിഷന്‍ ലോസ് കുറച്ചാണ് കണ്ണൂരിലെ പ്രശ്‌നം പരിഹരിച്ചത്.

കൂടംകുളത്ത് ആണവ നിലയത്തിന്റെ ആകെ ചിലവ് 13,000 കോടി രൂപയാണ്. ഇതിന്റെ ചെറിയൊരു ശതമാനമുണ്ടെങ്കില്‍ ട്രാന്‍സ്മിഷന്‍ ലോസ് കുറച്ച് കൂടംകുളത്തുനിന്നും ലഭിക്കുന്നതിന്റെ ഇരട്ടി വൈദ്യുതി നേടാന്‍ കഴിയും. കൂടാതെ ഒരു ആണവനിലയത്തിന്റെ ആയുസ്സ് ഏറ്റവും കൂടിയത് 50 കൊല്ലമാണ്. ഇത് കഴിഞ്ഞാല്‍ നിലയം അതുപോലെ ഉപേക്ഷിച്ച് പോകാന്‍ കഴിയില്ല. വര്‍ഷങ്ങളോളം വൈദ്യുതി ഉപയോഗിച്ച് തണുപ്പിച്ചാല്‍ മാത്രമേ നിലയം പ്രവര്‍ത്തന രഹിതമാക്കാന്‍ കഴിയൂ. അല്ലെങ്കില്‍ ഇത് പൊട്ടിത്തെറിക്കും. ഈ ചിലവൊക്കെ കണക്കാക്കുമ്പോള്‍ ആണവോര്‍ജ്ജം നമുക്ക് ദോഷമേ ചെയ്യൂ എന്ന് എളുപ്പം മനസിലാവും.

vk-raveendranവി. കെ. രവീന്ദ്രന്‍, ഗദ്ദിക പത്രാധിപര്‍

ആണവോര്‍ജ്ജം കൊണ്ട് ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന് ഇന്നത്തെ കാലത്ത് സാമാന്യ ബോധമുള്ളവര്‍ വിശ്വസിക്കില്ല. മൊത്തം ആവശ്യത്തിന്റെ ചെറിയ അളവ് മാത്രമെ ആണവോര്‍ജ്ജം കൊണ്ട് സാധ്യമാകുകയുള്ളൂ.

എല്ലാവരും ആഗോളതാപനം ചര്‍ച്ച ചെയ്യുന്നു. കോപന്‍േഹഗനിലൊക്കെ ഇത്തരം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമ്പോള്‍ ഇവിടെ നമ്മുടെ മൂക്കിന്റെ താഴെ ഇത്തരം സംഗതികളാണ് നടക്കുന്നത്. സൈലന്റ് വാലിയില്‍ നമ്മള്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ പരിസ്ഥിതി നാശത്തിന്റെ തോത് ഊഹിക്കാനാകുമായിരുന്നില്ല.

ആഗോളാടിസ്ഥാനത്തില്‍ ആണവ നിലയങ്ങള്‍ അടച്ചു പൂട്ടാനും നിയന്ത്രിക്കാനുമുള്ള തീരുമാനങ്ങള്‍ (ജര്‍മ്മനി, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്റ്, ചൈന) എടുത്തു കൊണ്ടിരിക്കുമ്പോള്‍ ഇവിടെ നമ്മുടെ നാട്ടില്‍ ആണവ റിയാക്ടറുകള്‍ പണിതു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, കൂടംകുളം ആണവനിലയത്തിനെതിരെ നടക്കുന്ന ജനകീയ സമരം അനിവാര്യമാണ്.

ഇതിനെല്ലാം പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളാണ് ഉള്ളത്. ഇതിനെ സര്‍ക്കാര്‍ എക്കാലത്തും പിന്തുണക്കാന്‍ കാരണം ഇതിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് കാരണമാണ്. കോര്‍പറേറ്റുകളുമായി ഇത്തരം പദ്ധതികള്‍ സാധ്യമാകുമ്പോള്‍ വലിയ അളവിലുള്ള കമ്മീഷന്‍ ലഭിക്കുന്നു എന്നതാണ് അധികാരി വര്‍ഗ്ഗം ഇത്തരം പദ്ധതികളെ പിന്തുണക്കുന്നത്.

ഈ സമരം നടത്തുന്നത് ഒരു മനുഷ്യന്‍ മാത്രമാണെങ്കില്‍ പോലും വലിയ വിഭാഗം ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. കൂടംകുളത്തുകാര്‍ മാത്രമല്ല, കേരളം കൂടി ഈ സമരം ഏറ്റെടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.

Advertisement