ഡര്‍ബന്‍: തമിഴ്‌നാട്ടിലെ കൂടംകുളം ആണവോര്‍ജ നിലയത്തിലെ ആദ്യ യൂണിറ്റിന്റെ പ്രവര്‍ത്തനം അടുത്ത മാസം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അറിയിച്ചു.

Ads By Google

ഡര്‍ബനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

മൂന്നു നാലും യൂണിറ്റുകള്‍ക്ക് സുരക്ഷാ അനുമതി ലഭിച്ചതായും മന്‍മോഹന്‍സിങ് പറഞ്ഞു. നിലവിലെ സാമ്പത്തിക സഹകരണത്തില്‍ ഇരുരാജ്യങ്ങളും അസംതൃപ്തരാണ്. എന്നാല്‍ സമാധാന ഉടമ്പടി നല്ല നിലയിലാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുംകുളം ആണവ നിലയത്തിലെ പ്രവര്‍ത്തനക്ഷമമായ ഒന്നാം യൂനിറ്റ് അടുത്ത മാസം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. മൂന്നും നാലും യൂനിറ്റുകളുടെ പ്രവര്‍ത്തനത്തിന് ഇന്ത്യയിലെ വിവിധ സമിതികളുടെ സുരക്ഷാ അനുമതിലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വ്‌ളാഡിമര്‍ പുടിനുമായുള്ള ചര്‍ച്ചയില്‍ ധനകാര്യമന്ത്രി പി.ചിദംബരം, വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ എന്നിവരും സംബന്ധിച്ചിരുന്നു.

കൂടംകുളം പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിനെതിരെ പ്രക്ഷോഭം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതെന്നതും ശ്രദ്ധേയമാണ്.

റഷ്യയുടെ സഹകരണത്തോടെ ആയിരം മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് റിയാക്ടറുകളാണ് ആദ്യഘട്ടമായി കൂടങ്കുളത്ത് സ്ഥാപിച്ചത്. നാല് റിയാക്ടറുകള്‍ കൂടി ഇവിടെ സ്ഥാപിക്കാന്‍ റഷ്യയുമായി കേന്ദ്രസര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

കൂടാതെ ഡിസംബറില്‍ റഷ്യ സന്ദര്‍ശിക്കാനുള്ള മന്‍മോഹന്‍സിങിന്റെ തീരുമാനത്തെ പുടിന്‍ സ്വാഗതം ചെയ്തു. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം റഷ്യ സന്ദര്‍ശിക്കുന്നത്.

റഷ്യയുടെ സഹകരണത്തോടെ തമിഴ്‌നാട്ടിലെ തിരുനെല്ലി ജില്ലയില്‍ സ്ഥാപിച്ച കൂടംകുളം ആണവനിലയത്തിനെതിരെ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്.