Categories

കൂടംകുളത്ത് ഉപരോധം: 700 ശാസ്ത്രജ്ഞരെ തടഞ്ഞു

chernobilകൂടംകുളം: തമിഴ്‌നാട്ടില്‍ കൂടംകുളം ആണവനിലയത്തിനെതിരെ ഗ്രാമവാസികള്‍ നടത്തുന്ന സമരം ശക്തമാകുന്നു. ആണവനിലയം നാട്ടുകാര്‍ ഉപരോധിച്ചിരിക്കുകയാണ്. ജീവനക്കാരേയും ശാസ്ത്രജ്ഞരേയും ആണവകേന്ദ്രത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ നാട്ടുകാര്‍ അനുവദിക്കുന്നില്ല.

ആകെയുള്ള 1000 ശാസ്ത്രജ്ഞരില്‍ 700 പേരെ നാട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. 5000 കരാര്‍ തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് പ്രവേശിക്കാന്‍ നാട്ടുകാര്‍ അനുവദിക്കുന്നില്ല. 6000 കരാര്‍ തൊഴിലാളികളാണ് നിലയത്തില്‍ ജോലിചെയ്യുന്നത്.

കൂടംകുളം നിലയത്തിനെതിരെ നടന്നുവരുന്ന സമരം പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ആണവനിലയം നിര്‍ദ്ദിഷ്ട സമയത്തിനകം പ്രവര്‍ത്തനമാരംഭിക്കാന്‍ പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് പ്രധാനമന്ത്രി കത്തയച്ചതോടെ സമരം വീണ്ടും ശക്തമാകുകയായിരുന്നു. ചൊവ്വാഴ്ചയ്ക്കകം ആണവനിലയത്തിന്റെ ജോലികള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ പോരാട്ടം ശക്തമാക്കുമെന്ന് കൂടംകുളംസമരസമിതി കണ്‍വീനര്‍ എസ്.പി ഉദയകുമാര്‍ അറിയിച്ചിരുന്നു.

കൂടംകുളത്തിന്റെ സമീപപ്രദേശമായ ഇടിന്തകരയില്‍ ഞായറാഴ്ചയാണ് നിരാഹാരസമരം പുനരാരംഭിച്ചത്. നിരാഹാരത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. കൂടംകുളത്തെയും സമീപപ്രദേശങ്ങളിലെയും മുക്കുവര്‍ തിങ്കളാഴ്ച മുതല്‍ മീന്‍പിടിക്കാന്‍ കടലില്‍ പോകില്ലെന്ന് പ്രഖ്യാപിച്ച് സമരത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു.

സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും പഠിപ്പുമുടക്കി നിരാഹാരത്തില്‍ പങ്കെടുക്കുകയാണ്. സമരത്തെ തുടര്‍ന്ന് ഈ മേഖലയിലേക്കുള്ള ബസ് ഗതാഗതം ഞായറാഴ്ച മുതല്‍ നിര്‍ത്തിവെച്ചിരുന്നു.

തമിഴ്‌നാട്ടിലെ തീരപ്രദേശമായ കൂടംകുളത്ത് ആണവനിലയം സ്ഥാപിക്കുന്നത് അവിടങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ സമരം തുടങ്ങിയത്. അടുത്തിടെ ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലുണ്ടായ ദുരന്തങ്ങള്‍ ഇവരുടെ ഭീതിക്ക് ആക്കം കൂട്ടി. ഇന്ത്യന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര നിരീക്ഷകരും കൂടംകുളം നിലയത്തിന്റെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും ഉണ്ടായിട്ടും ആണവദുരന്തത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ജപ്പാന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ജനജീവിതത്തിന് ഭീഷണി നിലനിര്‍ത്തിക്കൊണ്ട് ഇവിടെയൊരു ആണവനിലയം വേണ്ടെന്നാണ് സമരക്കാരുടെ ആവശ്യം.

ആണവനിലയത്തിലുള്‍പ്പെട്ട ആദ്യ രണ്ട് ന്യൂക്ലിയര്‍ റിയാക്ടറുകളുടെ പ്രവര്‍ത്തനം ഈ മാസം ആരംഭിക്കാനാണ് നീക്കം. ഇന്ത്യയിലെ ഏറ്റവും വലിയ ആണവോര്‍ജ്ജ കേന്ദ്രമാക്കി കൂടംകുളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ സര്‍ക്കാര്‍ നീക്കം എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് പ്രദേശവാസികള്‍ അറിയിച്ചു.

One Response to “കൂടംകുളത്ത് ഉപരോധം: 700 ശാസ്ത്രജ്ഞരെ തടഞ്ഞു”

  1. vinesh

    Germany has set higher targets for renewable energy usage than any other industrialized nation. Angela Merkel’s government plans to decommission its nuclear plants by 2022 and to obtain 80 percent of all energy from renewables…
    എന്നിട്ട് നമ്മള്‍ എവിടേ ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.