Administrator
Administrator
‘മുല്ലപ്പെരിയാര്‍ മറക്കണം; കൂടംകുളത്തിനായി ഒന്നിക്കണം’
Administrator
Thursday 29th December 2011 7:56pm

kudamkulam-protest

കന്യാകുമാരി: മുല്ലപ്പെരിയാറിന്റെ പേരില്‍ ഇപ്പോഴുള്ള ഭിന്നത മറന്ന് കൂടംകുളം ആണവ നിലയത്തിനെതിരെ കേരളവും തമിഴ്‌നാടും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് തമിഴ് സംഘടനാ നേതാക്കള്‍. കൂടം കുളം സമരം 200 ദിവസം പിന്നിടുന്നതിന്റെ ഭാഗമായി കന്യാകുമാരിയില്‍ സംഘടിപ്പിച്ച സമര ഐക്യധാര്‍ഢ്യ സംഗമത്തില്‍ സംസാരിച്ച വിവിധ തമിഴ് സംഘടനാ നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പേരില്‍ രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ കൂടംകുളം ആണവ പദ്ധതി തമിഴ്‌നാടിനെയും കേരളത്തെയും കര്‍ണ്ണാടകത്തെയും ബാധിക്കുന്ന വിഷയമാണ്. ഈ മൂന്ന് സംസ്ഥാനങ്ങളും ഒന്നിച്ച് ആണവ പദ്ധതിയെ എതിര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒന്നിച്ചു. എന്നാല്‍ അതിനേക്കാള്‍ ഭീകരമായ കൂടംകുളത്തിന് വേണ്ടി അവര്‍ എന്തുകൊണ്ട് ഒന്നിക്കാന്‍ തയ്യാറാകുന്നില്ലെന്നും നേതാക്കള്‍ ചോദിച്ചു.

a-vasu

കന്യാകുമാരിയില്‍ നടന്ന സംഗമത്തില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. സമര നേതാക്കള്‍ വിദേശ ഫണ്ട് വാങ്ങുന്നുണ്ടെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. അങ്ങിനെയെങ്കില്‍ അവരുടെ ബാങ്ക് എക്കൗണ്ട് പരിശോധിച്ച് അത് തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ലോകത്തെങ്ങും ആണവ നിലയങ്ങള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയില്‍ അത് തുറക്കാന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തമിഴ്‌നാട് സന്ദര്‍ശിച്ചത് കൂടംകുളത്ത് ആണപദ്ധതി നടപ്പാക്കുമെന്ന് ജയലളിതയില്‍ നിന്ന് ഉറപ്പ് വാങ്ങാനാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നില്ല പ്രധാനമന്ത്രിയുടെ ലക്ഷ്യം- നേതാക്കള്‍ പറഞ്ഞു.

പ്രതിഷേധത്തില്‍ തമിഴ്‌നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളൊന്നും പങ്കെടുത്തില്ല. സി.പി.ഐ.എം.എല്‍ ലിബറേഷന്‍, എസ്.യു.സി.ഐ, പെരിയാര്‍ ദ്രാവിഡ കഴകം, എസ്.ഡി.പി.ഐ തമിഴ്‌നാട് ഘടകം, എന്‍.സി.എച്ച്.ആര്‍.ഒ തുടങ്ങിയ സങ്കടനകള്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് എ.വാസു പ്രസംഗിച്ചു.

ചിത്രങ്ങള്‍: രാംകുമാര്‍

Advertisement