Administrator
Administrator
ധനാകര്‍ഷണയന്ത്രത്തട്ടിപ്പ്: കുബേര്‍കുഞ്ചിക്കാര്‍ പിടിയില്‍
Administrator
Thursday 7th October 2010 10:40am

kuber kunchiകൊച്ചി: ധനാകര്‍ഷണയന്ത്രമെന്ന പേരില്‍ ടെലിമാര്‍ക്കറ്റിംഗ് പരസ്യങ്ങളിലൂടെ കേരളത്തില്‍ വ്യാപകമായി വിറ്റുവരുന്ന കുബേര്‍കുഞ്ചിയുടെ ഫ്രാഞ്ചൈസി ഉടമയെയും കൂട്ടളികളേയും സിറ്റി ഷാഡോ പോലീസ് പിടികൂടി. കമ്പനി ആധുനിക പ്രചാരണ രീതികളിലൂടെ അന്ധ വിശ്വാസം പ്രചരിപ്പിച്ച് മാസം തോറും രണ്ട് കോടിയില്‍പ്പരം രൂപ കേരളത്തില്‍ നിന്നും ചോര്‍ത്തിക്കൊണ്ട് പോകുന്നതായും പോലീസ് കണ്ടത്തിയിട്ടുണ്ട്.

കുബേര്‍കുഞ്ചി ഫ്രാഞ്ചൈസി നടത്തുന്ന പാലക്കാട് പത്തിരപാല സ്വദേശി മോഹന്‍ദാസ് (42), കൂട്ടളികളായ അട്ടപ്പാടി ഊര്‍പ്പായി മുളത്തൂര്‍ സേതുമാധവന്‍ (31), ആലപ്പുഴ തൈപ്പറമ്പില്‍ സോളമന്‍ (31) എന്നിവരെയാണ് കടവന്ത്രയില്‍ വെച്ച് ഷാഡോ പോലീസ് അറസ്റ്റു ചെയ്തത്. ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കാത്തതിനെത്തുടര്‍ന്ന് യന്ത്രം മടക്കി നല്‍കിയിട്ടും പണം തിരിച്ചു നല്‍കാന്‍ തയ്യാറായില്ലന്ന പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. എന്നാലിവര്‍ക്കു പാക്കറ്റിന്റെ നിര്‍മാതാക്കളെക്കുറിച്ചു യാതൊരു വിവരവുമില്ല. ഇന്‍ഡോറില്‍ കുടില്‍വ്യവസായമായി നിര്‍മിക്കുന്നതാണു കുബേര്‍കുഞ്ചി പായ്ക്കറ്റുകള്‍.

ഇന്‍ഡോര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജി.ടി.എം ടെലിഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ടെലിമാര്‍ക്കറ്റിംഗ് കമ്പനി കേരളത്തിലെ മുന്‍നിര ടെലിവിഷന്‍ ചാനലുകളില്‍ ദിവസവും പരസ്യം നല്‍കുന്നുണ്ട്. കുബേര്‍കുഞ്ചിയെന്ന താക്കോല്‍ ആകൃതിയുള്ള വസ്തു വീട്ടിലോ സ്ഥാപനങ്ങളിലോ സൂക്ഷിച്ചുവെച്ചാല്‍ വളരെ വേഗം പണക്കാരനാകുമെന്നാണ് ഇവര്‍ പരസ്യത്തിലൂടെ പ്രചരിപ്പിക്കുന്നത്. ഈ യന്ത്രം ഉപയോഗിച്ചാല്‍ 45 ദിവസത്തിനകം ലോട്ടറി അടിക്കുമെന്നും ബിസിനസില്‍ വന്‍ വളര്‍ച്ചയുണ്ടാകുമെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട് . പരസ്യത്തില്‍ പറഞ്ഞതുപോലെ നടന്നില്ലെങ്കില്‍ പണം മടക്കി നല്‍കുമെന്നും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതുപയോഗിച്ചാല്‍ ലോട്ടറി അടിക്കുമെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നതിനാല്‍ ഇവര്‍ക്ക് ലോട്ടറി മാഫിയയുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കുബേര്‍ കുഞ്ചിയെന്ന താക്കോല്‍, കുബേരന്റെ ചെറിയ വിഗ്രഹം, ഫോട്ടോ, കുബേര യന്ത്രം, പാദുകങ്ങളുടെ മാതൃക, ഇതേപ്പറ്റി വിവരിക്കുന്ന ബ്രോഷറുകള്‍, സി.ഡി എന്നിവയടങ്ങുന്ന കുബേര്‍കുഞ്ചി പാക്കറ്റിനു 3,375 രൂപ വില. ആവശ്യക്കാര്‍ പറയുന്ന സ്ഥലത്തു എത്തിച്ചു നല്‍കുന്നതിനായി 125 രൂപയും ഈടാക്കും.എറണാകുളം ജില്ലയില്‍ നിന്ന് മാത്രം ഒരുമാസം മുന്നൂറോളം കുബേര്‍കുഞ്ചി പായ്ക്കറ്റുകള്‍ വില്‍ക്കുന്നുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം ജില്ലകളിലും ഇവര്‍ക്ക് ഓഫീസുണ്ട്. കടവന്ത്രയിലെ ഓഫീസിന് സ്ഥാപനം തിരിച്ചറിയാനുള്ള ബോര്‍ഡോ മറ്റോ ഉണ്ടായിരുന്നില്ല.

Advertisement