Administrator
Administrator
കെ.ടിയുടെ നാലു നാടകങ്ങള്‍
Administrator
Thursday 23rd December 2010 5:54pm

പുസ്തകം: കെ.ടിയുടെ നാലു നാടകങ്ങള്‍  (കറവറ്റ പശു, സൃഷ്ടി, സ്വന്തം ലേഖകന്‍, ഇതു ഭൂമിയാണ്)
എഴുത്തുകാരന്‍: കെ.ടി മുഹമ്മദ്
വിഭാഗം: നാടകം
പേജ്: 232
വില:150
പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്. കോഴിക്കോട്‌

മലയാള നാടവേദിയെ ജനകീയമായ ആധുനികവത്കരണത്തിലേക്ക് നയിക്കുകയും നാടകത്തെ സാമൂഹ്യപരിഷ്‌കരണത്തിനുള്ള ശക്തമായ മാധ്യമമാക്കി തീര്‍ക്കുകയും ചെയ്ത എഴുത്തുകാരനാണ് കെ.ടി മുഹമ്മദ്. അദ്ദേഹത്തിന്റെ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കെ.ടിയുടെ നാലു നാടകങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്

പശുവും കാലവും ഞാനും കെ.ടി മുഹമ്മദ്

പശു കറവറ്റ പശു തന്നെ

പശു ഒരു വീട്ടുമൃഗമാകുന്നു. അതിന്റെ സുപ്രധാനമായ കര്‍മവും ധര്‍മവും ക്ഷീരോത്പാദനമാണെന്നു പറയാമല്ലോ. ആ മിണ്ടാപ്രാണികള്‍ അക്കാര്യം സമ്മതിച്ചു തരുമോ എന്നറിഞ്ഞുകൂടാ. പ്രയോജനവാദിയായ മനുഷ്യന്റെ സ്വാര്‍ത്ഥതകളില്‍ പശു പാലുല്പാദനകേന്ദ്രമാണ്.
വിശ്വാസശൈലികളിലും വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളിലും പശുവിനുള്ള സ്ഥാനം ഇവിടെ പ്രസക്തമാവുന്നില്ല.

ജൈവശാസ്ത്രത്തിന്റെ പ്രാകൃതികമായ നിയമങ്ങളെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി തിരുത്തിക്കുറിക്കുന്ന ചരിത്രമാണല്ലോ മനുഷ്യന്റേത്. പശു തന്റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി പാല്‍ ചുരത്തുന്നു. പശുക്കള്‍ മാത്രമല്ല,സസ്തനജീവികളെല്ലാം അതിലുള്‍പ്പെടുന്നു. ചില മനുഷ്യ സ്തീകളും.

ജീവികളുടെ വര്‍ഗവളര്‍ച്ചകളുടേയും സംരക്ഷണത്തിന്റെയും നിയാമക ഘടകം ആഹാരപരമായ ക്രമീകരണമാണെന്ന് ജീവശാസ്ത്രം സമ്മതിക്കാതിരിക്കില്ല..

പാല്‍, തോല്‍, മാംസം, അസ്ഥി എന്നീ ഇനങ്ങളില്‍ മനുഷ്യന്‍ പശുവിനെ പ്രയോജനപ്പെടുത്തുന്നു. കറവ വറ്റുമ്പോള്‍ പശുവിന്റെ പ്രയോജനപരമായ പ്രാധാന്യം കുറയുന്നു. പിന്നെ അവശേഷിക്കുന്നത് തോലും മാംസവും അസ്ഥിയും മാത്രം. അറവുകാരനിലൂടെ അവയുടെ വില നാം ഇടാക്കുന്നു. വികാരപരമായ ചിന്തകള്‍ക്ക് ആ പരിണാമങ്ങളലുള്ള പ്രസക്തിയുടെ ഒരു ഭാവമാണ് ഈ നാടകം.

ഞാനിതെഴുതുന്നത് 1952ലാണ്. ഇരുപതുകളുടെ ആദ്യപകുതിയിലായിരുന്നു എന്റെ പ്രായം. ആ പ്രായത്തിന് ജീവിതത്തിന്റെ സുന്ദരവും തീഷ്ണവുമായ കാലഘട്ടം എന്നു പറഞ്ഞുകൂടേ?

ഒരു പുതിയ വീട്, വെളിച്ചം വിളക്കന്വേഷിക്കുന്നു എന്നീ നാടകങ്ങള്‍ പശുവിന് മുമ്പ് എഴുതി അവതരിപ്പിച്ചിരുന്നു. മതഭേദങ്ങളെ അതിജീവിക്കുന്ന മാനുഷിക ബന്ധങ്ങളായിരുന്നു രണ്ടിലേയും പ്രമേയം.

ആ കാലത്ത് പല ചെറുകഥകളും എഴുതുകയുണ്ടായി. അവയിലൊന്നായ കണ്ണുകള്‍ എന്ന കഥ ഒരു ലോക കഥാമത്സരത്തിന്റെ ഭാഗമായി ഇന്ത്യയില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായി. ആ കാലാനുക്രമമായി പറയാന്‍ വയ്യെങ്കിലും മതിവിശ്വാസങ്ങളുടെ പേരില്‍ വെട്ടുമുറിക്കപ്പെട്ട നാടിന്റെ ചിത്രം അസ്വസ്ഥമാക്കിയിരുന്ന ഒരു മാനസികാവസ്ഥയായിരുന്നു അന്നെന്റേത്. എളിയതെങ്കിലും എന്റെ അന്നത്തെ സാഹിത്യശ്രമങ്ങളിലും അതു നിറഞ്ഞുനിന്നിരുന്നു.

ആ സാഹചര്യത്തിലാണ് മനസ്സ് ഒരു കറവറ്റ പശവിനെ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും. അന്ന് കോഴിക്കോട്ട് കേന്ദ്രകലാസമിതി സംഘടിപ്പിച്ച നാടകമത്സരത്തില്‍ രചനയ്ക്കുള്ള ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു. 1957ല്‍ ഐക്യകേരളം രൂപപ്പെടുന്നതുവരെ മലബാര്‍, മദിരാശിസംസ്ഥാനത്തിന്റെ ഭാഗമായിരുന്നുവല്ലോ ? ‘ കറവറ്റ പശു പുസ്തകമാക്കിയപ്പോള്‍ മദിരാശി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സാഹിത്യ അക്കാദമിയുടെ ആ വര്‍ഷത്തെ നല്ല നാടകത്തിനുള്ള പുരസ്‌കാരവും നേടുകയുണ്ടായി. സഹൃദയലോകം ശ്രദ്ധിച്ച ഒരു നാടകമത്സരമെഴുതി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തില്‍ എന്റെ ശ്രമങ്ങള്‍ തുടര്‍ന്നുപോന്നു. ആ ശ്രമത്തില്‍ ചെറുകഥാമാര്‍ഗം കൈമോശം വന്നുപോയതായി ഞാനറിയുന്നു.

അന്നോന്നും സാഹിത്യം ഒരു ഉപജീവനമാര്‍ഗമായിരുന്നില്ല. ആ വഴിക്ക് ചിന്തിക്കുകയും ചെയ്തിരുന്നില്ല. നിത്യവൃത്തിക്ക് കമ്പിത്തപ്പാല്‍ വകുപ്പില്‍ ചെറിയൊരുദ്യോഗമുണ്ടായിരുന്നു.

ആത്മാവിഷ്‌കാര സാഫല്യത്തില്‍ നിന്നുള്ള സംതൃപ്തി. ആ സംതൃപ്തി കൈവരിച്ചിരുന്നത്. ബോധപൂര്‍വമായ ഒരു പ്ര്ക്രിയയിലൂടെയായിരുന്നു എന്ന് പറയാന്‍ മടിയുണ്ട്. നൈസര്‍ഗികമായ ഒരു പ്രചോദനം എന്നെ ചലിപ്പിക്കുകയായിരുന്നു എന്നു പറയാനാണ്. ഞാനാഗ്രഹിക്കുന്നത്.
ഗോട്ടികളിച്ച് നടന്നിരുന്ന എന്റെ പ്ന്ത്രണ്ടാമത്തെ വയസ്സില്‍ ഞാന്‍ നാടകമെഴുതിയിരുന്നു എന്ന കാര്യം ഇപ്പോഴും എന്റെ ഓര്‍മകളിലും ചിന്തകളിലും എന്നെ പിന്തുടരുന്നുണ്ട്.

പിതാവ് ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നു. കളിച്ചുവളര്‍ന്ന് പോലീസ് ലൈനിലും. അടുത്തും അകലെയുമുള്ള കുടുംബബന്ധങ്ങളില്‍ നിന്ന് പാരമ്പര്യമായി അത്തരം ഒരു വാസന വന്നുഭവിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നതുമില്ല.

വളര്‍ന്നപ്പോള്‍ ഒരാത്മാന്വേഷണത്തിന് പലപ്പോഴും മനസ്സ് മുതിര്‍ന്നു. ചെന്നെത്തിയത് കോഴിക്കോട്ട് പോലീസ് ലൈനിനടുത്തുള്ള സിനിമാ തിയേറ്ററിലാണ്.

ടിക്കറ്റെടുത്തും കാശി്ല്ലാത്തപ്പോള്‍ രഹസ്യമായി ചാടിക്കടന്നും അന്നു സിനിമകളേറെ കാണുമായിരുന്നു. എന്റെ നൈസര്‍ഗികതകളെ അവ ഉണര്‍ത്തുകയും ഉജ്ജീവിപ്പിക്കുകയും ചെയ്തിരിക്കാം.

ഭാഗ്യവശാലോ, നിര്‍ഭാഗ്യവശാലോ എട്ടാംതരത്തിലേറെയുള്ള വിദ്യാഭ്യാസയോഗ്യത നേടാന്‍ എനിക്കായില്ല. അതുകൊണ്ട് വായിച്ചു പഠച്ചുണ്ടായ ഒരു നാടകാവബോധത്തില്‍ നിന്നായിരുന്നില്ല. എന്റെ തുടക്കം.

എന്റെ ആദ്യകാലനാടകങ്ങളില്‍ സ്ഥലകാലക്രിയകളെകുറിച്ചുള്ള ശില്പപരമായ ഒരന്വേഷണം നടത്തുമ്പോള്‍ ആ കാര്യം വ്യക്തമാ മാവുമെന്നു ഞാന്‍ വിചാരിക്കുന്നു. കറവറ്റ പശുവും അതിനുദാഹരണമായിട്ടെടുക്കാം. ഇന്നാണ് കറവറ്റ പശു ഞാനെഴുതുന്നതെങ്കില്‍ അതിന്ന് ഇത്രയേറെ രംഗങ്ങളുണ്ടാവുമായിരുന്നില്ല. അനുഭവങ്ങളിലൂടെ അറിവുകളിലൂടെ സ്ഥലകാലക്രിയകള്‍ക്ക് ഘടനാപരമായി പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു.

മുപ്പത്തിയാറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ കറവറ്റ പശു അറുപതാം വയസ്സിലേക്കു നീങ്ങുന്ന എന്റെ പ്രായം സൂക്ഷിക്കുന്ന മനസ്സിന്റെ മുമ്പില്‍ ഒരു ചോദ്യംചിഹ്നം ഉയര്‍ത്തുന്നു. ഈ ആമുഖം എഴുതാനുള്ള പുറപ്പാടില്‍ അതുയര്‍ന്നു വന്നു.

പ്രായം മനുഷ്യനെ കറവറ്റ പശുക്കളുടെ അവസ്ഥയിലേക്കാണല്ലോ നയിച്ചുകൊണ്ടിരിക്കുക. കറവറ്റ ്അവസ്ഥയുടെ മാനസിക ഭാരം സ്വയം ബോധ്യപ്പെടുന്ന മുഹൂര്‍ത്തങ്ങളെക്കുറിച്ച് ചിന്തിച്ചുനോക്കൂ. അസ്വസ്ഥഭരിതമായ ഭയാനകത തോന്നാതിരിക്കില്ല. കറവറ്റ പശുവിലെ വൃദ്ധന്‍ എല്ലാ മനുഷ്യരിലുമുണ്ട്. കറവറ്റ പശുവിലെ വൃദ്ധന്‍ എല്ലാമനുഷ്യരിലുമുണ്ട്. ക്ഷയരോഗത്തെ വൈദ്യശാസ്ത്രം ഏറെക്കുറെ ഇന്ന് കീഴ്‌പ്പെടുത്തിക്കഴിഞ്ഞു. നാടകമെഴുതുന്ന കാലത്ത് ക്ഷയരോഗം മരണത്തിലേക്കു സഞ്ചരിക്കുന്ന ഒരു മനുഷ്യനെയാണ് അന്നു കണ്ടിരുന്നത്. യുവാവാണെങ്കിലും നാടകത്തിലെ പുരുഷു കറവറ്റ മാനസികാവാസ്ഥയുമായി മല്ലിടുന്നത് ആ നിസ്സഹായതയിലാണ്.

എന്നെ അലട്ടുന്ന ചോദ്യം അവതരിപ്പിക്കാം. 1961ല്‍ ഞാന്‍ ക്ഷയരോഗബാധിതനായി. മൂന്നുമാസക്കാലത്തോളം കോഴിക്കോട്ട് ചികിത്സ. തുടര്‍ന്ന് തപ്പാല്‍ വകുപ്പു വഴി ഡല്‍ഹിയിലെ മെഹറൊലി ടി.ബി. ഹോസ്പിറ്റല്‍ പ്രവേശിപ്പിക്കപ്പെട്ടു. 62 മെയ് മാസം വരെ അവിടെ ചികിത്സയിലായിരുന്നു. മഹാകവി കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടേയും മഹാകവി കുമാരനാശാന്റെയും മരണങ്ങള്‍ അറം പറ്റിയവയായിരുന്നു എന്നും നാം കേട്ടിട്ടുണ്ടല്ലോ. അങ്ങനെ എളിയവനായ എനിക്കും സംഭവിച്ചതാകുമോ? സുഹൃത്തുക്കളുടെ സംഭാഷണങ്ങളില്‍ ആ വഴിക്കുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നു.
പത്തു പന്ത്രണ്ടു കൊല്ലം എന്റെ വികാരങ്ങളെയും ചിന്തകളെയും പൂര്‍ണമായും കീഴടക്കിയിരുന്ന കാമുകി എനിക്ക് നഷ്ടപ്പെടുന്നത് ആ രോഗത്തിന്റെ മുമ്പില്‍ വച്ചായിരുന്നു. തുടര്‍ന്ന് അമ്പതാം വയസ്സില്‍ വിവാഹിതനാവുന്നതിനിടയ്ക്ക് മനസ്സിനെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തില്‍ മറ്റൊരു പ്രേമബന്ധവും കൂടി തകര്‍ന്നു. ആരണ്ടു പ്രേമബന്ധങ്ങളും എന്റെ മനസ്സിലെ മതാതീതങ്ങളായ മനുഷ്യമൈത്രിയുടെ സാക്ഷാത്കാരത്തെ ന്യായീകരിക്കുന്നതായിരുന്നു.

ആ നഷ്ടങ്ങളോ, പരാജയങ്ങളോ നല്‍കിയ വേദനകളിലായിരുന്നില്ല കറവറ്റ പശു രൂപം കൊള്ളുന്നത്. കൂടിക്കൂടി വരുന്ന പ്രായത്തിന്റെ ഗര്‍ഭപാത്രത്തില്‍ ഒരു കറവറ്റ പശു രൂപപ്പെട്ടേക്കാം. അങ്ങനെ സംഭവിക്കുന്നില്ല.

മറ്റാരീ നാടകമെഴുതിയാലും എഴുതിയത് പ്രായത്തില്‍ കാല്‍ശതാബ്ദത്തിനു മുമ്പാണെങ്കില്‍ ഈ ചോദ്യം എനിക്ക് ചോദിക്കാന്‍ തോന്നും

ആ ചോദ്യത്തിന് ഉത്തരം കാണാന്‍ ആത്മകഥയിലൂടെയുള്ള ഒരു യാത്ര അനിവാര്യമാണെന്ന് ഞാന്‍ വിചാരിക്കുന്നു.

ആനാടകമുഖം ആവഴിക്ക് നീട്ടികൊണ്ടുപോകുന്നതിലര്‍ത്ഥമുണ്ടോ അതിന്റെ ആവശ്യമുണ്ടോ

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഇന്ത്യന്‍ സാമൂഹിക സാഹചര്യവുമായി മനസ്സിനെ ബോധ്യപ്പെടുത്തി ചിന്തിക്കേണ്ടതുണ്ട്. നാടകമെഴുത്ത് എന്നതില്‍ കവിഞ്ഞ് ബൗദ്ധിക തീഷ്ണമായ ഒരു രചനാ പ്രക്രിയയായിരുന്നില്ല കറവറ്റ പശുവിന്റേത്. എന്നാല്‍ അസ്വസ്ഥമായ ഒരു വികാരാവേശത്തിന്റെ തീവ്രത രചനാക്കാലത്ത് അനുഭവിക്കുകയും ചെയ്തിരുന്നു.

ആറ്റിക്കുറുക്കി ഇത്രയും പറയാം.

ഞാന്‍ ജനിക്കുമ്പോള്‍ പോലീസുകാരനായിരുന്ന പിതാവിന്റെ ശമ്പളം എട്ടുരൂപയായിരുന്നു. ശമ്പളവര്‍ദ്ധനവ് ക്രമത്തിലുണ്ടായിരുന്നെങ്കിലും ആറു സഹോദരികളും ഒരു സഹോദരനുമടക്കം മക്കള്‍ എട്ടുപേരായി . പിതാവിന്റെ ശമ്പളത്തിനു താങ്ങാനാവാത്ത കുടുംബഭാരം.

കുട്ടിക്കാലത്ത് ഓത്തുപള്ളിയില്‍ പോയതോര്‍മയുണ്ട്. സ്‌ക്കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത് മൂന്നാംതരം തൊട്ടാണ്. അതുവരെ മൂന്നാം തരം പാസ്സായിരുന്ന പിതാവില്‍ നിന്ന് പഠിച്ചു. അന്നു വിദ്യാഭ്യാസ വിദ്യാഭ്യാസ നിയമങ്ങള്‍ ഇന്നത്തെപ്പോലെ കുരുക്കഴിക്കാന്‍ പറ്റാത്തതായിരുന്നില്ലല്ലോ. മൂന്നില്‍ നിന്ന് അഞ്ചിലേക്ക് ഇരട്ടക്കയറ്റം കിട്ടി.

തുടര്‍ന്നു പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പിതാവിന്റെ ശമ്പളം അതിനനുവദിച്ചില്ല. രണ്ടു വര്‍ഷക്കാലം ഒരു കടയിലെ ജോലിക്കാരനായിരുന്നു. സമപ്രായക്കാരില്‍ നിന്ന് അകന്നുനില്‍ക്കേണ്ടിവന്ന ആകാലം ഇന്നും ഓര്‍ക്കുന്നു. കളിപ്രായമായിരുന്നല്ലോ അത്.

പഠിക്കാനുള്ള അദമ്യമായ ആഗ്രഹത്തിന് തുടര്‍ന്നു ഫലമുണ്ടായി. കോഴിക്കോട്ടെ ഹയര്‍ എലിമെന്ററി സ്‌ക്കൂളില്‍ ചേര്‍ന്നു. ആറ്, ഏഴ്, എട്ട് ക്ലാസ്സുകളില്‍. ഏഴിലും എട്ടിലും പഠിക്കുമ്പോള്‍ സ്‌ക്കൂള്‍ വാര്‍ഷികത്തിലെ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ഒന്നാമത്തെ അഭിനയത്തില്‍ തന്നെ നല്ല നടനുള്ള സമ്മാനവും കിട്ടി.

രണ്ടാമത്തെ നാടകം ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ആ ഗാനങ്ങള്‍ എഴുതാന്‍ എിക്കവസരം കിട്ടി. അതിലേറെ പ്രധാനം എന്റെ തലയ്ക്കു കിട്ടിയ മോചനമായിരുന്നു. അന്നുവരെ മാസത്തില്‍ രണ്ടുതവണ തല മൊട്ടയടിക്കുമായിരുന്നു. യാഥാസ്ഥിതികരായിരുന്നു മാതാപിതാക്കള്‍. നാടകത്തിലെ കഥാപാത്രത്തിനു ക്രോപ്പ് ചെയ്ത തലവേണം. ആ വിവരം മാതാപിതാക്കളെ അറിയിച്ചു. അവര്‍ സമ്മതം തന്നു. അങ്ങനെയാണ് ഞാനാദ്യമായി മുടിവയ്ക്കുന്നത്. അന്ന് മതാനുഷ്ഠാനങ്ങളും തെറ്റാതെ നിര്‍വഹിച്ചിരുന്നു.

എട്ടാംതരം പാസായപ്പോള്‍ പഠിപ്പ് നിര്‍ത്തേണ്ടി വന്നു. ഞങ്ങള്‍ മക്കള്‍ വളരുകയായിരുന്നു. ആറു പെണ്‍കുട്ടികള്‍. കോഴിക്കോട് മിഠായിത്തെരുവിലെ ഒരു വലിയ കടയില്‍ ഞാന്‍ ഒരു കൊച്ചു ജോലിക്കാരനായി. അന്നെന്റെ ശമ്പളം പതിനെട്ടുരൂപ. 1944ല്‍ ആയിരുന്നു. പകലന്തിയാവോളം ആ ജോലി എന്റെസമയം അപഹരിക്കും. കളിക്കാനോ, കൂട്ടുകൂടാനോ നേരം കിട്ടില്ല. മനസ്സിനിണങ്ങാത്ത ജോലി. ആ പ്രായത്തിനിണങ്ങാത്തതും. ഞാന്‍ മാതാപിതാക്കളോട് പറഞ്ഞു. യുദ്ധകാലമായിരുന്നു അന്ന് ഞാന്‍ പട്ടാളത്തില്‍ പോയ്‌ക്കൊളാം. സമ്മതിച്ചില്ല. അങ്ങനെയാണ് ഞാന്‍ തപാല്‍ വകുപ്പില്‍ പ്യൂണായി ജോലിയാക്കിത്തരുന്നത്.

ഇഷ്ടപ്പെടാത്ത പുരുഷന്റെ ഭാര്യയാകേണ്ടിവന്ന ഒരു സ്ത്രീയുടേതുപോലെയായിരുന്നു ആ ജീവിതം.

അറിവും അനുഭവങ്ങളും എനിക്ക് എന്റേതായ ഒരു ജീവിതം കാണിച്ചുതന്നു. അങ്ങോട്ട് എനിക്ക് പ്രവേശനമില്ലെന്ന സത്യം ഞാനറിയുന്നു.

മതസാമുദായിക കാര്യങ്ങളിലുണ്ടായ ധാരണകള്‍ അദൃശ്യശക്തികളുമായി ഏറ്റുമുട്ടി. മനുഷ്യന്‍ കാരാഗൃഹത്തിലാണ് എന്നൊരു ചിന്ത ജനിച്ചുകഴിഞ്ഞിരുന്നു. ആ പേരില്‍ ഒരു നാടകം ഞാനെഴുതുകയുണ്ടായി.

സ്വന്തമായ വിശ്വാസ പ്രമാണങ്ങല്‍ മുന്നോട്ട് ചലിക്കുന്നില്ല.

കറവ് വറ്റിയ പശുവിനെക്കുറിച്ചാണോ ആദ്യം ചിന്തിച്ചത്? അറിഞ്ഞുകൂടാ.

പ്രായാധിക്യം ജീവിതത്തിന്റെ അതിര്‍ത്തി കടന്നു നില്‍ക്കുന്ന വൃദ്ധനായിരിക്കുമോ?
മാറാരോഗം ബാധിച്ച പുരുഷു എന്ന കഥാപാത്രത്തില്‍ ഞാനെന്നെ കണ്ടെത്തുകയായിരുന്നുവോ?
എല്ലാം കൂടി ഒത്തുചേര്‍ന്നതാവാം. ഒന്നിച്ചു സംഭവിച്ചതാകാം.

കറവറ്റ പശു സൃഷ്ടിക്കുന്ന മനസ്സിന്റെ ലോകത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഈ ആമുഖം അല്പമെങ്കിലും പ്രാകാശം നല്‍കുമെന്ന് വിശ്വസിക്കുന്നു.

Book Name: KT-yude Nalu Natakakangal (Karavatta pashu, Srishti,  Swantham Lekhakan, Ithu Bhumiyanu)

Author: kt muhammed
Classification: Plays
Page: 247
Price: Rs 15o

Publisher: mathrubhumi Books, kozhikode

Advertisement