Categories

തീവ്രഹിന്ദുത്വ ഭീഷണിയും മതനിരപേക്ഷ ജനാധിപത്യ നിലപാടുകളുടെ പ്രസക്തിയും

 

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, യു.പിയില്‍ ഭൂരിപക്ഷം കിട്ടിയ ബി.ജെ.പി നിയമസഭാ അംഗംപോലുമല്ലാത്ത കടുത്ത ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി വാഴിച്ചിരിക്കുകയാണ്. അത് നല്‍കുന്ന സന്ദേശം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്ന ബി.ജെ.പി കടുത്ത വര്‍ഗീയ അജണ്ടയുമായി മുന്നോട്ടുപോകുമെന്നാണ്.

നോട്ട് നിരോധനവും ഉല്പാദനതകര്‍ച്ചയും വിലക്കയറ്റവും സൃഷ്ടിക്കുന്ന ജീവിതപ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളെ വര്‍ഗീയ അജണ്ടകളിലേക്ക് പിടിച്ചുവലിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രം. ആപ്‌കോ വേള്‍ഡ്‌വൈഡ് പോലുള്ള അന്താരാഷ്ട്ര പബ്ലിക്‌റിലേഷന്‍സ് കമ്പനികളാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രവും രാഷ്ട്രീയ പ്രചാരണവിദ്യകളും രൂപപ്പെടുത്തുന്നത്.


Alao read കാസര്‍ഗോഡ് മദ്രസാധ്യാപകന്റെ കൊലപാതകം; അറസ്റ്റിലായ മൂന്ന് പേര്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍


16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെന്നപോലെ മതനിരപേക്ഷ വോട്ടുകളുടെ ശിഥിലീകരണവും ജാതിസ്വത്വത്തെ ഹിന്ദുത്വത്തിലേക്ക് വലിച്ചടിപ്പിക്കുന്ന സാമൂഹ്യ എഞ്ചിനീയറിംഗുമാണ് യു.പിയിലെയും ഉത്തരാഖണ്ഡിലെയും ബി.ജെ.പി വിജയത്തിന് കാരണമായത്.

യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പി നേടിയ വിജയത്തെ തുടര്‍ന്ന് മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം ഇന്ത്യയുടെ ഹൃദയഭൂമിയില്‍ ‘മോദീസ്വാധീനം’ ആഞ്ഞുവീശുകയാണെന്ന വ്യാപകമായ പ്രചാരണങ്ങളാണ് നടത്തിയത്. പഞ്ചാബിലും ഗോവയിലും ബി.ജെ.പിക്ക് നേരിട്ട തിരിച്ചടികളെക്കുറിച്ച് ഈ മാധ്യമങ്ങള്‍ നിശ്ശബ്ദത പാലിക്കുകയായിരുന്നല്ലോ. അവരുടെ കുതിരക്കച്ചവടത്തില്‍ ഒരധാര്‍മ്മികതയും മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ടില്ലല്ലോ.

മണിപ്പൂരില്‍ 60 അംഗ നിയമസഭയില്‍ 21 അംഗങ്ങളുള്ള ബി.ജെ.പി ജനാധിപത്യത്തിന്റെ എല്ലാ കീഴ്‌വഴക്കങ്ങളെയും അട്ടിമറിച്ചുകൊണ്ട് എം.എല്‍.എമാരെ വിലയ്‌ക്കെടുത്താണ് അധികാരം കൈയടക്കിയിരിക്കുന്നത്. ഗോവയില്‍ 13 സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. എന്നിട്ടും പരേക്കറെ രംഗത്തിറക്കി അട്ടിമറിയിലൂടെ അധികാരം കൈയടക്കാനുള്ള കുത്സിത നീക്കമാണ് നടത്തിയത്.

 

ഗോവയിലും മണിപ്പൂരിലുമെല്ലാം അരങ്ങേറിയ അട്ടിമറി നീക്കങ്ങളെ നിരീക്ഷിച്ചുകൊണ്ട് സുപ്രീംകോടതി ചോദിച്ചത് ഈ രാഷ്ട്രീയപ്രതിസന്ധിയെ രാഷ്ട്രീയമായി നേരിടാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നാണ്. ഹിന്ദുത്വ ഫാസിസ്റ്റുകള്‍ കോണ്‍ഗ്രസിന്റെ ദുര്‍ബലവും രാഷ്ട്രീയ ഇച്ഛാശക്തി നഷ്ടപ്പെട്ടതുമായ സാഹചര്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുകൂടിയാണ് ഗോവയിലും മണിപ്പൂരിലുമൊക്കെ ഇപ്പോള്‍ അധികാരം പിടിച്ചെടുത്തിരിക്കുന്നത്. ഗോവയിലും മണിപ്പൂരിലും ബി.ജെ.പി നടത്തിയ കുതിരക്കച്ചവടത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

സംഘപരിവാറിന്റെ അധികാരാരോഹണവും അതിന് വളര്‍ന്നുവരാന്‍ കഴിഞ്ഞതും കോണ്‍ഗ്രസ് സൃഷ്ടിച്ച അഴിമതിഗ്രസ്തമായ സാഹചര്യത്തെക്കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ്. അഖിലേഷ്‌യാദവും രാഹുല്‍ഗാന്ധിയും ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യം നവതരംഗമാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. ബി.ജെ.പിയെ ശക്തമായി പ്രതിരോധിക്കാന്‍ മായാവതിയുടെ ബി.എസ്.പിക്ക് കഴിയുമെന്ന് പലരും പ്രത്യാശപുലര്‍ത്തിയിരുന്നു.

യു.പി തെരഞ്ഞെടുപ്പ് ഫലങ്ങളെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന കാര്യം എസ്.പി, ബി.എസ്.പി കക്ഷികള്‍ കൈകാര്യം ചെയ്ത ജാതിസ്വത്വരാഷ്ട്രീയത്തിന്റെ നിര്‍ഭാഗ്യകരമായ പതനവും ഹിന്ദുത്വത്തിലേക്കുള്ള അതിന്റെ പരിണാമവുമാണ്. ബി.എസ്.പിക്കും എസ്.പിക്കുമെല്ലാം പരമ്പരാഗതമായി വോട്ടുചെയ്തുപോന്ന യാദവ-ദളിത് വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ അമിത്ഷായുടെ സോഷ്യല്‍ എഞ്ചിനീയറിംഗിന് കഴിഞ്ഞുവെന്നതാണ്.


Dont miss ആവശ്യങ്ങള്‍ പറഞ്ഞ് യോഗി ആദിത്യനാഥിനെ ബുദ്ധിമുട്ടിക്കരുത്: എം.പിമാരോട് മോദി 


മതനിരപേക്ഷജനാധിപത്യ നിലപാടുകളില്‍ നിന്ന് ബി.ജെ.പിയെ പ്രതിരോധിക്കാനും കഴിഞ്ഞില്ല എന്നുള്ളതാണ് കോണ്‍ഗ്രസ്-എസ്.പി-ബി.എസ്.പി കക്ഷികള്‍ക്കുണ്ടായ തിരിച്ചടികള്‍ക്ക് കാരണമെന്നാണ് സത്യസന്ധമായ വിശകലനങ്ങളെല്ലാം കാണിക്കുന്നത്.

മതനിരപേക്ഷ ജനാധിപത്യധാരയിലേക്ക് വരേണ്ട ന്യൂനപക്ഷ-പിന്നോക്ക-ദളിത് ജനസമൂഹങ്ങളെ ഹിന്ദുത്വതന്ത്രത്തിലേക്ക് ഉദ്ഗ്രഥിച്ചെടുക്കുന്ന സംഘപരിവാര്‍ പദ്ധതികളെ തുറന്നുകാണിക്കാനും മതനിരപേക്ഷ നിലപാടുകളില്‍ നിന്ന് ബി.ജെ.പിയുടെ വികസന അജണ്ടകളും നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാക്കിയ ആഘാതങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസും എസ്.പിയും ബി.എസ്.പിയും ശ്രമിച്ചതുമില്ല.

മതനിരപേക്ഷ ജനാധിപത്യശക്തികളുടെ ഐക്യമില്ലായ്മയാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണമായത്. മാധ്യമങ്ങളും ബൂര്‍ഷ്വാരാഷ്ട്രീയ നിരീക്ഷകരും പ്രചരിപ്പിക്കുന്നതുപോലെ ഇന്ത്യയുടെ ഹൃദയഭൂമിയില്‍ വലിയ മുന്നേറ്റമൊന്നും ബി.ജെ.പി ഉണ്ടാക്കിയിട്ടില്ല.

 

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും എന്‍.ഡി.എ കക്ഷികള്‍ക്കും കൂടി യു.പിയില്‍ കിട്ടിയ വോട്ട് 43.6% ആയിരുന്നു. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് കിട്ടിയത് 41.4% വോട്ടുകള്‍ മാത്രമാണ്. അതിനര്‍ത്ഥം ഭരണവിരുദ്ധ വികാരവും മതനിരപേക്ഷ ശക്തികളുടെ അനൈക്യവും ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചുവെന്നാണ്.

മുലായം സിംഗ് യാദവിന്റെയും ലാലുപ്രസാദ് യാദവിന്റെയുമൊക്കെ നേതൃത്വത്തില്‍ വളര്‍ന്നുവന്ന സാമൂഹ്യനീതി പ്രസ്ഥാനങ്ങളാണ് നേരത്തെ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദല്‍ ശക്തിയായി മാറിയത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതുണ്ടാക്കിയ മേല്‍ജാതി കീഴ്ജാതി ധ്രുവീകരണവും പിന്നോക്ക ദളിത് രാഷ്ട്രീയത്തിന് കരുത്തുപകര്‍ന്നു.

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരായി ദളിത് ആദിവാസി പിന്നോക്ക ന്യൂനപക്ഷ ഐക്യം മതനിരപേക്ഷ നിലപാടുകളില്‍ നിന്ന് ഉയര്‍ത്താന്‍ കഴിയുന്ന ഇടതുപക്ഷം ഉള്‍പ്പെടെയുള്ള ബദല്‍ശക്തികളുടെ ദയനീയമായ ദുര്‍ബലാവസ്ഥയും കൂടി ചേര്‍ന്നാണ് യോഗി ആദിത്യനാഥിന് യു.പിയില്‍ മുഖ്യമന്ത്രിയാകാന്‍ സാഹചര്യം ഒരുക്കിയത്.

 

ജാതിമതസ്വത്വരാഷ്ട്രീയം ഹിന്ദുത്വത്തിന് വളരാനുള്ള വളക്കൂറുള്ള മണ്ണൊരുക്കുകയാണ് യു.പിയില്‍ ചെയ്തതെന്ന കാര്യം മതനിരപേക്ഷശക്തികള്‍ ഗൗരവാവഹമായി പരിഗണിക്കേണ്ടതുണ്ട്. സാമൂഹ്യനീതിയും നിയോലിബറല്‍ നയങ്ങള്‍ക്കെതിരായിട്ടുള്ള സമരവും തമ്മിലുള്ള ബന്ധത്തെ നിഷേധിച്ച് സാമൂഹ്യനീതിയുടെ മറവില്‍ സ്വത്വരാഷ്ട്രീയവും വോട്ടുബാങ്കുകളും സൃഷ്ടിക്കാനാണ് സമാജ്‌വാദി പാര്‍ടിയും ബി.എസ്.പിയുമെല്ലാം കഴിഞ്ഞ കുറേക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ആഗോളവല്‍ക്കരണത്തിന്റെ സൗകര്യങ്ങളും സൗജന്യങ്ങളും ഉപയോഗിച്ച് വളരാനാഗ്രഹിക്കുന്ന പിന്നോക്ക ദളിത് വിഭാഗങ്ങളിലെ നവസമ്പന്നവര്‍ഗങ്ങളാണ് ബി.ജെ.പിയുടെ സാമൂഹ്യ എഞ്ചിനീയറിംഗിന്റെ ചാലകശക്തിയായി നിന്നത്.

ദളിത് അടിച്ചമര്‍ത്തലുകളുടെയും വിവേചനങ്ങളുടേതുമായ സാഹചര്യത്തിലാണ് യു.പിയില്‍ കാന്‍ഷിറാമിന്റെ പിന്നോക്ക-ദളിത് വിഭാഗങ്ങളുടേതായ ബഹുജന രാഷ്ട്രീയം വളര്‍ന്നുവന്നത്. ബാബ്‌റിമസ്ജിദ് പ്രശ്‌നത്തെയും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെയും തുടര്‍ന്ന് ദളിത്-പിന്നോക്ക-ന്യൂനപക്ഷ രാഷ്ട്രീയവുമാണ് സംഘപരിവാറിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമെന്ന് പലരും കരുതി. ഹിന്ദുത്വ വര്‍ഗീയതയും ആഗോളവല്‍ക്കരണ നയങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, അവയുടെ പാരസ്പര്യം എന്താണെന്ന കാര്യത്തെക്കുറിച്ച് ഇത്തരക്കാര്‍ കുറ്റകരമായ മൗനം പാലിക്കുകയായിയിരുന്നു.

 

1990-കളിലാരംഭിച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ മുലായം, ലാലുപ്രസാദ്, മായാവതി തുടങ്ങിയ പിന്നോക്ക രാഷ്ട്രീയത്തിന്റെയും സാമൂഹ്യനീതി പ്രസ്ഥാനത്തിന്റെയും ചാമ്പ്യമാരെ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ആലയില്‍കൊണ്ടുപോയി കെട്ടിയിടുന്നതിലേക്ക് എത്തിച്ചു. ആഗോളവല്‍ക്കരണം സൃഷ്ടിച്ച സൗകര്യങ്ങളും സൗജന്യങ്ങളും തങ്ങള്‍ക്കുംകൂടി നേടിയെടുക്കാനാവുമെന്ന മോഹം സാമൂഹ്യനീതി ഉള്‍പ്പെടെയുള്ള എല്ലാ ആദര്‍ശങ്ങളും ഉപേക്ഷിക്കുന്നതിലേക്കാണ് ഈ പിന്നോക്ക-ദളിത് രാഷ്ട്രീയ നേതൃത്വങ്ങളെ എത്തിച്ചത്.

ഈയൊരു സാഹചര്യത്തില്‍ ന്യൂനപക്ഷ-പിന്നോക്ക-ദളിത് ഐക്യം ഹിന്ദുത്വത്തിനുനേരെ ഉയര്‍ത്തുന്ന വെല്ലുവിളിയെ മറികടക്കാന്‍ ആര്‍.എസ്.എസ് ആസൂത്രിതമായ പരിപാടികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരുന്നു. നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച് ജാതിസ്വത്വങ്ങളെ ഹിന്ദുത്വത്തിലേക്ക് വിലയിപ്പിച്ചെടുക്കാന്‍ ഗോവിന്ദാചാര്യയെയും ഉമാഭാരതിയെയും എല്ലാം മുന്‍നിര്‍ത്തി സംഘപരിവാര്‍ തന്ത്രങ്ങളാവിഷ്‌കരിച്ചെടുത്തു.

പിന്നോക്ക-ദളിത് സമൂഹങ്ങളില്‍ വളര്‍ന്നുവന്ന പുതിയ സമ്പന്നവിഭാഗങ്ങളെയും മധ്യവര്‍ഗങ്ങളെയും അടിസ്ഥാനമാക്കിയുള്ള സോഷ്യല്‍ എഞ്ചിനീയറിംഗ്. കോര്‍പ്പറേറ്റ് മൂലധനത്തിന്റെയും മോഡി-അമിത്ഷാ കൂട്ടുകെട്ടിന്റെയും ആസൂത്രണത്തില്‍ നടന്ന ജാതി സാമൂഹ്യ എഞ്ചിനീയറിംഗ് വഴിയാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരം പിടിക്കുന്നത്. ആ തന്ത്രമാണ് ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും സമര്‍ത്ഥമായി പരീക്ഷിക്കപ്പെട്ടത്.