എഡിറ്റര്‍
എഡിറ്റര്‍
ഗോവധ നിരോധനത്തിന്റെ ചരിത്രവും അര്‍ത്ഥശാസ്ത്രവും
എഡിറ്റര്‍
Wednesday 31st May 2017 1:03pm

കശാപ്പ് നിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ആര്‍.എസ്.എസിന്റെ ബ്രാഹ്മണിക് അജണ്ട നടപ്പിലാക്കുന്നതിലൂടെയുള്ള വര്‍ഗീയ ധ്രുവീകരണം മാത്രമല്ല ഇന്ത്യയിലെ ബീഫ് കച്ചവടവും കയറ്റുമതിയും ഒന്നടങ്കം ബി.ജെ.പി നേതാക്കളുടെ ഉടമസ്ഥതയിലുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് തീറെഴുതിക്കൊടുക്കുകയെന്നതാണ്. മൃഗസംരക്ഷണത്തിന്റെ മറപറ്റി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കന്നുകാലികളെ ഇറച്ചിക്കായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമത്തിന്റെ ലക്ഷ്യങ്ങളും അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കുന്ന ദോഷങ്ങളും പരിശോധിക്കുന്നു കെ.ടി കുഞ്ഞിക്കണ്ണന്‍ ഈ ലേഖനത്തിലൂടെ….


 

 


പശുവിന്റെ പേരില്‍ കലാപങ്ങള്‍ വളര്‍ത്തുന്ന ബി.ജെ.പി നേതാക്കളും അവരുമായി ബന്ധപ്പെട്ടവരും തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി കുത്തകകള്‍ എന്നതാണ് ഈ കഥയിലെ വിചിത്രമായ വസ്തുത! അതുതന്നെയാണ് ഗോവധനിരോധന അജണ്ടയുടെ ഉള്‍പ്രരകവും.


കന്നുകാലികളെ ഇറച്ചിക്കായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം ഭരണഘടനാവിരുദ്ധവും ഫെഡറല്‍ തത്വങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് മദ്രാസ് ഹൈക്കോടതി തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണല്ലോ. മനുഷ്യരുടെ ജീവന്റെ അടിസ്ഥാനമായ ഭക്ഷണകാര്യത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്തവകാശമാണുള്ളതെന്ന് ചോദിച്ചുകൊണ്ടാണ് കോടതി വിജ്ഞാപനം സ്റ്റേ ചെയ്തിരിക്കുന്നത്. നാലാഴ്ചക്കുള്ളില്‍ കേന്ദ്രസര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും ഇക്കാര്യത്തില്‍ തങ്ങളുടെ വിശദീകരണം കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.

1960-ലെ മൃഗങ്ങള്‍ക്കുനേരെയുള്ള ക്രൂരത തടയല്‍ നിയമം ഉപയോഗിച്ചാണ് മോദി സര്‍ക്കാര്‍ കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞുകൊണ്ട് വിജ്ഞാപനം ഇറക്കിയത്. 1960-ലെ നിയമത്തില്‍ മതപരമായ കാര്യങ്ങള്‍ക്കായി കശാപ്പ് നടത്തുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് എടുത്തുപറയുന്നുമുണ്ട്.

പൗരന്മാരുടെ തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള ഭരണഘടനയിലെ 19-ാം അനുച്ഛേദത്തിന്റെ ലംഘനവും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യത്തിന്റെ ധ്വംസനവുമാണ് ഈ വിജ്ഞാപനം. ഭരണഘടനയുടെ മൗലികാവകാശങ്ങളുടെയും ഫെഡറല്‍ അവകാശങ്ങളുടെയും പരസ്യമായ നിഷേധമാണ് ഇത്തരമൊരു നീക്കം വഴി കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കായ് രാജ്യത്തെ വര്‍ഗീയമായി ചേരിതിരിക്കുക എന്ന ലക്ഷ്യത്തോടെ കൊളോണിയല്‍ കാലഘട്ടം മുതല്‍ ഹിന്ദുമഹാസഭയും ആര്‍.എസ്.എസും ഉയര്‍ത്തിക്കൊണ്ടുവന്ന മുദ്രാവാക്യമാണ് ഗോവധ നിരോധനം. 19-ാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളില്‍ പഞ്ചാബില്‍ ഉയര്‍ന്നുവന്ന കര്‍ഷക സമരങ്ങളെ അസ്ഥിരീകരിക്കാനാണ് ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആസൂത്രണത്തില്‍ ഗോവധം പ്രശ്‌നവല്‍ക്കരിക്കപ്പെട്ടത്.

ബ്രിട്ടീഷ് ഭൂനയങ്ങള്‍ക്കും സെമീന്ദാരി സമ്പ്രദായത്തിനുമെതിരെ ബ്രാഹ്മണരും ശൂദ്രരും മുസ്‌ലീങ്ങളുമായ കൃഷിക്കാര്‍ നടത്തിയ ഐതിഹാസികമായ സമരം കണ്ട് പരിഭ്രാന്തരായ സെമീന്ദാരി ബുദ്ധിജീവികളും ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഉദേ്യാഗസ്ഥരുമാണ് ഗോവധപ്രശ്‌നമുയര്‍ത്തി മതപരമായ ഭിന്നത സൃഷ്ടിച്ച് കര്‍ഷക ഐക്യത്തെ തകര്‍ക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നത്.

ബ്രിട്ടീഷ് നികുതിനയങ്ങളോ സെമീന്ദാരി സമ്പ്രദായമോ അല്ല കാര്‍ഷിക തകര്‍ച്ചക്കും കൃഷിക്കാരുടെ ദുരിതങ്ങള്‍ക്കും കാരണമെന്നാണ് ബ്രാഹ്മണ ബുദ്ധിജീവികളെ മുന്‍നിര്‍ത്തി പ്രചാരണമഴിച്ചുവിട്ടത്. കൃഷിക്കാവശ്യമുള്ള കന്നുകാലികളെ കൊന്നുതിന്നുന്നവരും കന്നുകാലികച്ചവടക്കാരുമായ മുസ്‌ലീങ്ങളുമാണ് പഞ്ചാബിലെ കാര്‍ഷിക തകര്‍ച്ചക്ക് കാരണമെന്ന് പ്രചരിപ്പിച്ച് ഹിന്ദു മുസ്‌ലീം സംഘര്‍ഷം വളര്‍ത്തുകയായിരുന്നു. ഇതിനായി പഞ്ചാബിലുടനീളം അവര്‍ ഗോരക്ഷിണി സഭകള്‍ക്ക് രൂപം കൊടുത്തു.

ദയാനന്ദ സരസ്വതിയുടെ ആര്യസമാജം തന്നെ ഇതിന് മുന്‍കയ്യെടുത്തു. പഞ്ചാബിലും മധേ്യന്ത്യയലാകെയും വര്‍ഗീയ കലാപങ്ങള്‍ പടര്‍ത്തി. ഈയൊരു വിദ്വേഷ ക്യാമ്പയിനിന്റെ ബൗദ്ധിക നേതൃത്വമായി വര്‍ത്തിച്ചത് ഹിന്ദുമഹാസഭയുടെ സ്ഥാപകനായരുന്ന ലാലാലാല്‍ചന്ദായിരുന്നു. നാം ഒന്നാമതായി ഹിന്ദുക്കളാണെന്നും രണ്ടാമതായി മാത്രമെ ഇന്ത്യക്കാരാകുന്നുള്ളൂവെന്ന മതരാഷ്ട്രവാദപരമായ ദേശീയ വീക്ഷണങ്ങള്‍ക്ക് വഴികീറിയത് ലാലാലാല്‍ചന്ദാണ്.

ഗോവധ നിരോധന പ്രസ്ഥാനം ഹിന്ദുരാഷ്ട്രവാദത്തിന്റെ പ്രത്യയശാസ്ത്ര പദ്ധതിയായാണ് ജന്മമെടുക്കുന്നത്. ലാലാലാല്‍ചന്ദിന്റെ കുപ്രസിദ്ധ രചനയായ ‘സെല്‍ഫ്അബ്‌നഗേഷന്‍ ഇന്‍ പൊളിറ്റിക്‌സ്’ (Self Abnegation In Politics) എന്ന പുസ്തകം ഹിന്ദുരാഷ്ട്രവാദത്തിന്റെ ആദ്യത്തെ രാഷ്ട്രീയ സൈദ്ധാന്തിക അവതരണം കൂടിയാണ്.

ഗോവധ നിരോധന വാദത്തിന്റെ ഇന്ത്യയിലെ പൗരാണിക ചരിത്രമോ ഋഷിപ്രോക്ത സംസ്‌കാരമോ ആയി ഇതിന് യാതൊരു ബന്ധവുമില്ല. കിഴക്കിനെ ആദര്‍ശവല്‍ക്കരിക്കുന്ന പാശ്ചാത്യ ഓറിയന്റലിസ്റ്റ് പഠനങ്ങളിലും രാജ്യദ്രോഹപരമായ ബ്രിട്ടീഷ് സേവയിലുമാണ് ഗോവധ നിരോധന പ്രസ്ഥാനത്തിന്റെ ചരിത്രപരമായ വേരുകള്‍ ആഴ്ന്നുകിടക്കുന്നത്.

ഹിന്ദുത്വമെന്നപോലെ പശുരാഷ്ട്രീയവും സാമ്രാജ്യത്വപ്രോക്ത പ്രത്യയശാസ്ത്ര പദ്ധതിയാണ്. 1947-വരെ ബ്രിട്ടീഷുകാര്‍ നാടുവിടില്ലെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കില്ലെന്നും കൊളോണിയല്‍ ഭരണത്തിനുകീഴിലെ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിലൂടെ ഹിന്ദുരാഷ്ട്രം യാഥാര്‍ത്ഥ്യമാക്കാമെന്നെല്ലാമുള്ള മൂഢചിന്തകളിലായിരുന്നല്ലോ ഗോള്‍വാള്‍ക്കറും ആര്‍.എസ്.എസും കഴിഞ്ഞിരുന്നത്.

ഹിന്ദുമുസ്‌ലിം മൈത്രിയെയും ഗാന്ധിയുടെ സ്വരാജിനെയും എതിര്‍ത്തുകൊണ്ടാണ് ഹെഡ്‌ഗേവാറും ഗോള്‍വാള്‍ക്കറും ദേശീയപ്രസ്ഥാനത്തെ ഭിന്നിപ്പിക്കാനുള്ള വര്‍ഗീയവല്‍ക്കരണ അജണ്ടയുമായി മുന്നോട്ടുപോയത്. 1947-ലെ അധികാരകൈമാറ്റവും ഒരു പരമാധികാര മതിനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായുള്ള ഇന്ത്യയുടെ രാഷ്ട്രരൂപീകരണ പ്രക്രിയയും അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് ആര്‍.എസ്.എസ് കണ്ടത്.

ഈയൊരു അസഹിഷ്ണുതയുടെയും വിദേ്വഷത്തിന്റെയും രാഷ്ട്രീയമാണ് ഗാന്ധിവധമെന്ന മഹാഅപരാധത്തിലേക്ക് അവരെ നയിച്ചത്. ഗാന്ധിവധംമൂലം ഒറ്റപ്പെട്ടുപോയ സാഹചര്യത്തെ അതിജീവിക്കാനാണ് ഗോവധ പ്രശ്‌നമുയര്‍ത്തി വര്‍ഗീയ ധ്രുവീകരണത്തിനുവേണ്ടിയുള്ള കലാപങ്ങള്‍ സ്വതന്ത്ര്യാനന്തരം രാജ്യമെമ്പാടും ആര്‍.എസ്.എസ് ആസൂത്രിതമായി കുത്തിപ്പൊക്കിയത്. 1950-കളില്‍ കേരളത്തില്‍പോലും ഗോവധനിരോധന പ്രസ്ഥാനം നിരവധി പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളും വര്‍ഗീയകലാപങ്ങളും സൃഷ്ടിച്ചു.

കഴിഞ്ഞ എത്രയോ ദശകങ്ങളായി പശുകള്ളക്കടത്തുകാര്‍ക്കും പശുവിനെ കൊല്ലുന്നവര്‍ക്കും വധശിക്ഷനല്‍കണമെന്നാണ് രാജ്യമെമ്പാടും സംഘപരിവാര്‍ നടത്തുന്ന പ്രചരണം. മോദി സര്‍ക്കാറിലൂടെ തങ്ങള്‍ക്ക് ദേശീയാധികാരം കരഗതമായി എന്നാണ് ആര്‍.എസ്.എസ് നേതൃത്വം വിലയിരുത്തുന്നത്.

ഈ ദേശീയാധികാരത്തിന്റെ സൗകര്യങ്ങളുപയോഗിച്ച് ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കുവേണ്ടിയുള്ള വര്‍ഗീയ അജണ്ടകള്‍ ഓരോന്നായി പുറത്തെടുത്തിരിക്കുകയാണ് ആര്‍.എസ്.എസ്. തങ്ങള്‍ക്ക് അനഭിമതരായവരെ പശുഘാതകരാക്കി വേട്ടയാടുന്നത് ഹിന്ദുത്വനിര്‍മ്മിതിക്കുള്ള ഒരു രാഷ്ട്രീയ തന്ത്രമായി സ്വീകരിച്ചിരിക്കുകയാണ് ആര്‍.എസ്.എസുകാര്‍.

ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക്ക് എന്ന പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയെ ഇരുന്നൂറോളം വരുന്ന ആള്‍ക്കൂട്ടമാണ് തല്ലിക്കൊന്നത്. ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ ഗോരക്ഷസഭക്കാരാണ് ന്യൂമാന്‍ എന്ന യാത്രക്കാരനെ കന്നുകാലിക്കടത്ത് ആരോപിച്ച് മൃഗീയമായി കൊലചെയ്തത്. കാശ്മീരിലും ഇത് ആവര്‍ത്തിച്ചു. ജാര്‍ഖണ്ഡില്‍ കന്നുകാലി കച്ചവടമാരോപിച്ചാണ് രണ്ടുപേരെ തല്ലിക്കൊന്ന് വനത്തില്‍ കൊണ്ടുപോയി മരത്തില്‍ കെട്ടിത്തൂക്കിയത്. പശുവിന്റെ പേരില്‍ ഉന്മാദം സൃഷ്ടിച്ച് തങ്ങള്‍ക്ക് അനഭിമതരായവരെ വേട്ടയാടാന്‍ മോദി ഭരണം ആര്‍.എസ്.എസുകാര്‍ക്ക് ഒത്താശചെയ്യുകയാണ്.

ഏറ്റവുമൊടുവില്‍ ഹരിയാനയിലെ ക്ഷീരകര്‍ഷകനായ പെഹ്‌ലൂഖാനെ തല്ലിക്കൊന്ന നടപടിയെ ന്യായീകരിച്ചുകൊണ്ട് രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ്അഹൂജ നടത്തിയ പ്രസ്താവന ജനാധിപത്യബോധമുള്ള എല്ലാവരെയും ഞെട്ടിപ്പിക്കുന്നതാണ്. ജയ്പൂര്‍ കന്നുകാലിമേളയില്‍ നിന്നും പശുക്കളെ വാങ്ങി സ്വദേശമായ ഹരിയാനയിലെ മേവാദിലേക്കുള്ള യാത്രക്കിടയിലാണ് പെഹ്‌ലൂഖാനെ ഹിന്ദുത്വവാദികള്‍ തല്ലിക്കൊന്നത്.

പശുവിനെ കറന്ന് പാല്‍ വിറ്റ് ഉപജീവനം കഴിക്കുന്ന ഈ പാവപ്പെട്ട ക്ഷീരകര്‍ഷകന്‍ മഹാപാപിയാണെന്നാണ് അഹൂജയുടെ വാദം. അത്തരക്കാര്‍ക്ക് മരണത്തില്‍ കുറഞ്ഞ ശിക്ഷയൊന്നും ഇല്ലെന്നാണ് അഹൂജ പറയുന്നത്. ക്ഷീരകര്‍ഷകരും കന്നുകാലി വ്യാപാരികളും ഗോമാംസം കഴിക്കുന്നവരും പാപികളായി മുദ്രകുത്തപ്പെടുന്ന കാലം! നരേന്ദ്രമോദിയുടെ ഗുജറാത്തില്‍ പശുവിന്റെ തോലെടുക്കുന്നവരും മഹാപാപികളാണല്ലോ. ഇന്നിപ്പോള്‍ വിദേ്വഷത്തിന്റെ ഉന്മാദം പടര്‍ത്തുന്ന ഹിന്ദുത്വവും മാംസക്കയറ്റുമതിയിലൂടെ സഹസ്രകോടികള്‍ കൊയ്യുന്ന കോര്‍പ്പറേറ്റ് മൂലധനതാല്പര്യവും ചേര്‍ന്നാണ് കശാപ്പ് നിരോധന വിജ്ഞാപനത്തിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ പുതിയ മുഖ്യമന്ത്രിയായ യോഗിആദിത്യനാഥ് അധികാരത്തിലെത്തിയ ഉടനെ അറവുശാലകള്‍ അടച്ചുപൂട്ടുന്ന നടപടിയിലൂടെ നല്‍കിയ സന്ദേശമെന്തായിരുന്നു? ക്ഷീരകൃഷിയെയും മാംസവ്യാപാരത്തെയും ആശ്രയിച്ചു ജീവിച്ചുപോകുന്ന ജനസമൂഹങ്ങളെ വേട്ടയാടുമെന്നാണ്.

പശുവിന്റെ പേരില്‍ ബോധപൂര്‍വം മുസ്‌ലിം വിരോധം വളര്‍ത്തിയെടുത്ത് വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയാണ് ബി.ജെ.പി എന്നാണല്ലോ യു.പി ഉള്‍പ്പെടെയുള്ള ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചനയും.

നവലിബറല്‍ മൂലധനത്തിന്റെ ഒന്നാം നമ്പര്‍ നടത്തിപ്പുകാരായ ബി.ജെ.പിയുടെ പശുരാഷ്ട്രീയം ഇന്ത്യന്‍ സമൂഹത്തിലെ ആഭ്യന്തരവൈരുദ്ധ്യങ്ങളെ തീക്ഷ്ണമാക്കുന്നതും കര്‍ഷകവര്‍ഗങ്ങളുടെ ഉപജീവനമാര്‍ഗങ്ങളെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കുന്നതുമാണ്. ഒരുപക്ഷെ, ഇത്തരം നീക്കങ്ങള്‍ മധ്യേന്ത്യയിലും വടക്കേന്ത്യയിലും വര്‍ദ്ധിതമാകുന്ന ഹിന്ദുത്വാഭിമുഖ്യത്തില്‍ നിന്നും സാധാരണ ജനങ്ങളെ വിമുക്തമാക്കാനും സംഘപരിവാറിനെതിരെ ചിന്തിക്കാനും സഹായിച്ചേക്കാം.

ആ ദിശയിലുള്ള മതനിരപേക്ഷ ജനാധിപത്യശക്തികളുടെ ഇടപെടല്‍ ഇന്ന് വളരെ പ്രധാനമാണ് താനും. ഇവിടെ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കന്നുകാലിസമ്പത്തിന് നിര്‍ണായക സ്വാധീനമാണുള്ളത് എന്ന കാര്യം മതാന്ധതയില്‍ പെട്ടുപോയ ബി.ജെ.പി നേതാക്കള്‍ മനസ്സിലാക്കാതെ പോകുകയാണ്. പാലും മാംസവും അടിസ്ഥാനമായുള്ള വ്യവസായ തൊഴില്‍മേഖല നമ്മുടെ സമ്പദ്ഘടനയുടെ അഭേദ്യഭാഗമാണ്. ഇക്കാര്യങ്ങളെക്കുറിച്ച് അവര്‍ അജ്ഞത നടിക്കുകയല്ല കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണ് എന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത.

പശുവിന്റെ പേരില്‍ കലാപങ്ങള്‍ വളര്‍ത്തുന്ന ബി.ജെ.പി നേതാക്കളും അവരുമായി ബന്ധപ്പെട്ടവരും തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി കുത്തകകള്‍ എന്നതാണ് ഈ കഥയിലെ വിചിത്രമായ വസ്തുത! അതുതന്നെയാണ് ഗോവധനിരോധന അജണ്ടയുടെ ഉള്‍പ്രരകവും.

അതായത് ഇന്ത്യയിലെ പ്രമുഖങ്ങളായ മാംസക്കയറ്റുമതി സ്ഥാപനങ്ങളെല്ലാം ബി.ജെ.പി ബന്ധമുള്ള കുത്തകകളുടേതാണെന്ന് ചുരുക്കം. അറബിനാമമുള്ള എക്‌സ്‌പോര്‍ട്‌സ് കമ്പനികള്‍ നടത്തുന്നത് ബി.ജെ.പി നേതാക്കളാണെന്ന വസ്തുത സമര്‍ത്ഥമായി മറച്ചുപിടിക്കപ്പെടുകയാണ്. കയറ്റുമതി കമ്പനികളുടെ പേര് കേള്‍ക്കുമ്പോള്‍ മുസ്‌ലിം സ്ഥാപനങ്ങളാണെന്ന തോന്നലുണ്ടാകും.

അല്‍കബീര്‍ എക്‌സ്‌പോര്‍ട്‌സിന്റെ ഉടമ സതീഷ് സബര്‍വാളാണ്. 650 കോടി രൂപയുടെ വ്യാപാരം നടത്തുന്ന ഈ കമ്പനിക്ക് തെലുങ്കാനയില്‍ മാത്രം 400 ഏക്കറിലധികം വിസ്തൃതിയുള്ള അറവുശാലയുണ്ട്. അല്‍നാംഅഗ്രോഫുഡ്‌സ് ഉടമ സാക്ഷാല്‍ സംഗീത് സോമാണ്. ബി.ജെപി എം.എല്‍.എയും കുപ്രസിദ്ധമായ മുസഫര്‍നഗര്‍ കലാപത്തിന്റെ ആസൂത്രകനുമാണ് സോം.

കലാപമനേ്വഷിച്ച ജസ്റ്റിസ് വിഷ്ണുസഹായ് കമ്മീഷന്‍ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തിയ യു.പിയിലെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ക്രിമിനല്‍ മുഖമാണ് സംഗീത്‌സോം. ബി.ജെ.പിയുടെ ഗോവധവിരുദ്ധ ക്യാമ്പയിനിന്റെയും ലൗജിഹാദ് ക്യാമ്പയിനിന്റെയും ചാമ്പ്യനാണ് ഈ കുത്തകമുതലാളി.

അല്‍നാംഅഗ്രോഫുഡ്‌സും ഹലാല്‍എക്‌സ്‌പോര്‍ട്‌സ്‌കമ്പനിയും അല്‍ദുവ ഫുഡ്‌സും സംഗീത്‌സോമിന്റെ ഉടമസ്ഥതയിലുള്ളാണ്. അല്‍നൂര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് എന്ന കമ്പനിയുടെ ഉടമസ്ഥര്‍ സൂദും ഭാര്യ പ്രിയസൂദുമാണ്. എ.ഒ.പി എക്‌സ്‌പോര്‍ട്ടേഴ്‌സിന്റെ ഉടമ ഒ.പി.അറോറയാണ്. സ്റ്റാന്‍ഡേര്‍ഡ് ഫ്രോസണ്‍ ഫുഡ്‌സ് ഉടമ കമല്‍വര്‍മ്മയാണ്.

ഇതെല്ലാം കാണിക്കുന്നത് കന്നുകാലി കശാപ്പ് നിരോധനം ഇന്ത്യയിലെ മാംസ വ്യാപാരത്തെ സമ്പൂര്‍ണമായി കയ്യടക്കാനുള്ള കോര്‍പ്പറേറ്റ് താല്പര്യമാണെന്നാണ്.

തദ്ദേശീയമായ സാധാരണക്കാരുടെ അറവുശാലകളെ ഇല്ലാതാക്കി കന്നുകാലി കച്ചവടവും മാംസവ്യവസായവും കുത്തകകളിലേക്ക് കേന്ദ്രീകരിപ്പിക്കുകയാണ് മോദി സര്‍ക്കാരിന്റെ താല്പര്യം. പുതിയ നിരോധന വിജ്ഞാപനം പാവപ്പെട്ടവരുടെ ഉപജീവന സാധ്യതകളില്‍ നിന്ന് കന്നുകാലി വളര്‍ത്തും വ്യാപാരവും എടുത്തുകളയുന്നതാണ്. അത് വന്‍കിട ഡയറിഫാമുകളും അറവുശാലകളും നടത്തുന്ന കുത്തകകളുടെ കൈകളിലേക്ക് കേന്ദ്രീകരിക്കുകയാണ് ഈ നിരോധനത്തിന്റെ ഫലം.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കന്നുകാലി സമ്പത്തുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ. ആഗോള കന്നുകാലി സമ്പത്തില്‍ 56.7% എരുമകളും 12.5% പശുക്കളും ഇന്ത്യയിലാണെന്നാണ് സ്ഥിതിവിവര കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യയുടെ ജി.ഡി.പിയുടെ 4%വും കാര്‍ഷിക ജി.ഡി.പിയുടെ 26%വും മൃഗപരിപാലന മേഖലയില്‍ നിന്നാണ്. 1983-2000-ലെ കണക്കുകള്‍ അനുസരിച്ച് ഒരു കുടുംബത്തിന്റെ ഭക്ഷണചെലവില്‍ മൃഗോല്പന്നങ്ങളുടെ പങ്ക് നഗരങ്ങളില്‍ 21.8% എന്നത് 25% ആയി ഉയര്‍ന്നു. അത് ഗ്രാമങ്ങളില്‍ 16.1% എന്നത് 21.4% ആയും വര്‍ധിച്ചു. ഈ കണക്കുകള്‍ നല്‍കുന്ന ലളിതമായ സൂചന ഇന്ത്യയില്‍ മാംസാഹാരശീലം വര്‍ധിക്കുകയാണെന്നാണ്.

ദരിദ്രവിഭാഗങ്ങള്‍ക്കിടയില്‍ കന്നുകാലികളുമായി ബന്ധപ്പെട്ട ഉപജീവന സാധ്യത കൂടിവരികയാണ്. 48% വരുന്ന രണ്ടര ഏക്കറില്‍ താഴെ ഭൂമിയുള്ള നാമമാത്ര കര്‍ഷകകുടുംബങ്ങളുടെ കൈവശം കേവലം 25% മാത്രം ഭൂമിയുള്ളപ്പോള്‍ 50% കന്നുകാലികളും മൂന്നില്‍ രണ്ട് ചെറിയ മൃഗങ്ങളും ഉണ്ടെന്ന കണക്ക് അതാണ് അടിവരയിടുന്നത്. ഇന്ത്യയില്‍ തൊഴിലാളികളുടെയും കൃഷിക്കാരുടെയും ഏറ്റവും പ്രധാന വരുമാന മാര്‍ഗമാണ് മൃഗങ്ങളും മൃഗജന്യ ഉല്പന്നങ്ങളും എന്ന കാര്യം ഹിന്ദുരാഷ്ട്രാഭിമാനത്തിന്റെ മിഥ്യാഭ്രമങ്ങളില്‍പെട്ടുപോയവര്‍ക്ക് മനസ്സിലാവില്ലല്ലോ.

ചെറുകിട കര്‍ഷകരുടെ കൃഷിക്കാവശ്യമായ മൂലധനം പലപ്പോഴും സമാഹരിക്കുന്നത് കന്നുകാലി വ്യാപാരത്തിലൂടെയാണ്. കൃഷിയിറക്കേണ്ട സമയമാകുമ്പോഴെല്ലാം വിത്തും വളവും കൂലിച്ചെലവും കണ്ടെത്താന്‍ കര്‍ഷകര്‍ കന്നുകാലികളെ വില്‍ക്കും. കറവവറ്റിയ ഉരുക്കളെയും അറവിന് പ്രായമായ ഉരുക്കളെയും വിറ്റുകിട്ടുന്ന പണം കൃഷിച്ചെലവിനും പുതിയ കന്നുകാലികളെ വാങ്ങാനും കൃഷിക്കാര്‍ ഉപയോഗിക്കുന്നു.

കൃഷിച്ചെലവ് മാത്രമല്ല വിവാഹം, ചികിത്സ, അത്യാഹിതങ്ങള്‍, കടബാധ്യതതീര്‍ക്കല്‍ തുടങ്ങി കുടുംബത്തിന് പണമാവശ്യം വരുന്ന ഘട്ടങ്ങളില്‍ അതുകണ്ടെത്താനുള്ള മാര്‍ഗം കൂടിയാണ് ഗ്രാമീണ കര്‍ഷകജനതയ്ക്ക് കന്നുകാലി വില്പന. കൃഷിക്കാരുടെ എളുപ്പം വിറ്റുപണം കണ്ടെത്താനുള്ള ഹ്രസ്വകാല നിക്ഷേപമാണ് കന്നുകാലി സമ്പത്ത്. ഇന്ത്യന്‍ ഗ്രാമീണ സമ്പദ്ഘടനയെക്കുറിച്ചുള്ള എല്ലാ പഠനങ്ങളും കര്‍ഷകരുടെ ക്രയശേഷി വര്‍ധിപ്പിക്കുന്നതിലും കന്നുകാലി വ്യാപാരത്തിനും മൃഗസമ്പത്തിനും വലിയ പങ്കാണുള്ളതെന്ന് അടിവരയിട്ടുപറയുന്നു.

ബി.ജെ.പി സര്‍ക്കാര്‍ സംസ്‌കാരശുദ്ധിയുടെ പേരിലും ഗോവധനിരോധനലക്ഷ്യത്തോടെയും കന്നുകാലി വ്യാപാരം നിഷേധിക്കുക വഴി ഗ്രാമീണ കര്‍ഷകസമ്പദ്ഘടനയെയാണ് തകര്‍ക്കുന്നത്.

ഇത്തരം നടപടികള്‍ കര്‍ഷകസമ്പത്തിന്റെ 25% വരുന്ന മൃഗങ്ങളുടെ വിലയിടിക്കുകയാണ്. മാത്രമല്ല വിലയില്ലാത്ത മൃഗങ്ങളെ പരിപാലിക്കേണ്ട അധിക ചെലവുകൂടി കര്‍ഷക കുടുംബം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമാകുകയാണ്. നഗ്നമായ കര്‍ഷകദ്രോഹനയമാണ് ബി.ജെ.പി സര്‍ക്കാരും ഹിന്ദുത്വസംഘടനകളും കന്നുകാലി വ്യാപാരം തടഞ്ഞും അറവുശാലകള്‍ അടച്ചുപൂട്ടിയും നടത്തിക്കൊണ്ടിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ കര്‍ഷകന്റെ ഹ്രസ്വകാല നിക്ഷേപമായ കന്നുകാലികള്‍ക്ക് മൂല്യമില്ലാതാക്കുകയാണ് ഹിന്ദുത്വവാദികളുടെ പശുരാഷ്ട്രീയം.

മുതലാളിത്ത വികസനവും ആധുനിക വാഹന സൗകര്യങ്ങളും വ്യാപകമായതോടെ മൃഗങ്ങളെ വണ്ടിക്കും ചരക്കുനീക്കത്തിനും ഉപയോഗിക്കുന്നത് നാമമാത്രമായിക്കഴിഞ്ഞു. യന്ത്രവല്‍ക്കരണത്തോടെ കാര്‍ഷിക മേഖലയില്‍ ഉഴവടക്കമുള്ള പണികള്‍ക്ക് പോത്തും കാളയുമൊന്നും ആവശ്യമില്ലാതായി.

കൃത്രിമ ബീജസങ്കലനം വ്യാപകമായതോടെ ആണ്‍മൃഗങ്ങളുടെ ആവശ്യം പരിമിതപ്പെടുകയും ചെയ്തു. ഇതെല്ലാം കാണിക്കുന്നത് നമ്മുടെ രാജ്യത്ത് പോത്തും കാളയും എല്ലാമടങ്ങുന്ന ആണ്‍മൃഗങ്ങളെ വലിയതോതില്‍ മാംസാവശ്യത്തിനായി വില്‍ക്കുന്ന പ്രവണത കൂടിവന്നിരിക്കുന്നുവെന്നതാണ്.

മുതലാളിത്ത വികസനം നമ്മുടെ നാട്ടില്‍ മാംസവ്യാപാരവും കയറ്റുമതിയും അഭൂതപൂര്‍വമായ തോതില്‍ വര്‍ധിപ്പിച്ചിരിക്കുന്നു. ഇന്നിപ്പോള്‍ ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ബ്രസീലിനെ പുറംതള്ളിയാണ് ഇന്ത്യ 2015-ഓടെ ഈ നേട്ടം കൈവരിച്ചത്. ആ വര്‍ഷം 20.82 ലക്ഷം മെട്രിക് ടണ്‍ മാംസമാണ് ഇന്ത്യ കയറ്റിയയച്ചത്. ബ്രസീലിന്റേത് 19.09 ലക്ഷം മെട്രിക് ടണ്ണും.

2015-ല്‍ മാത്രം മാംസകയറ്റുമതി വഴി ഇന്ത്യക്ക് 41,000 കോടിരൂപയുടെ വിദേശ വരുമാനമാണുണ്ടായത്. ഒരുഭാഗത്ത് പശുവിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുകയും മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്യുമ്പോള്‍ തന്നെയാണ് ബി.ജെ.പി ഭരിക്കുന്ന ഇന്ത്യ ബീഫ് കയറ്റുമതിയില്‍ റിക്കാര്‍ഡ് നേട്ടമുണ്ടാക്കുന്നത്!

ഇന്ത്യ കയറ്റുമതി ചെയ്യുന്ന 20.82 ലക്ഷം മെട്രിക്ടണ്‍ ബീഫില്‍ 5.66 ലക്ഷം മെട്രിക്ടണ്‍ ബീഫും കയറ്റുമതി ചെയ്യുന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയില്‍ നിന്നാണ്. യു.പിയില്‍ അറവുശാലകളിലും അനുബന്ധ വ്യവസായങ്ങളിലുമായി 25 ലക്ഷംപേരാണ് ജോലി ചെയ്യുന്നത്. ഒരു കണക്കനുസരിച്ച് ബീഫ് കയറ്റുമതി ഇല്ലാതായാല്‍ 11,350 കോടി രൂപയുടെ വരുമാന നഷ്ടമാണ് യു.പിയ്ക്ക് പ്രതിവര്‍ഷം നേരിടേണ്ടിവരിക.

സംഘപരിവാറിന്റെ പശുരാഷ്ട്രീയം നമ്മുടെ സംസ്‌കാരത്തെയും ചരിത്രത്തെയും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും കണക്കിലെടുക്കാതെയുള്ള വര്‍ഗീയ അജണ്ടയാണ്. അതെല്ലാം നിരാകരിക്കുന്ന പ്രത്യയശാസ്ത്രമാണല്ലോ അവരെ നയിക്കുന്നത്. ഇന്ത്യയിലെ 72% ജനങ്ങളും മാംസഭക്ഷണം കഴിക്കുന്നവരാണ്. ഉത്തര്‍പ്രദേശില്‍ 52% മാംസഭക്ഷണ ശീലമുള്ളവരാണ്. തെലുങ്കാന, ബംഗാള്‍, ആന്ധ്ര സംസ്ഥാനങ്ങളിലെ 98% ജനങ്ങളും മാംസ ഭക്ഷണം ശീലമായുള്ളവരാണ്. തമിഴ്‌നാട്, കേരളം, ഒറീസ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 97% ജനങ്ങളും മാംസഭുക്കുകളാണ്.

വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഗുജറാത്ത് എന്നിവടങ്ങളിലാണ് സസ്യാഹാര സംസ്‌കാരത്തിന് മേല്‍ക്കൈ ഉള്ളത്.

വ്യത്യസ്ത ഭക്ഷണ ശീലങ്ങളിലും വിശ്വാസ സംസ്‌കാരങ്ങളിലും കഴിയുന്നവരെ ഹിന്ദുത്വമെന്ന ഏകത്വത്തിലേക്ക് ബലംപ്രയോഗിച്ച് ഉദ്ഗ്രഥിച്ചെടുക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ബഹുസംസ്‌കൃതിയെ അംഗീകരിക്കാത്തവര്‍ നാടിന്റെ ഐക്യത്തെ അസ്ഥിരീകരിക്കുകയാണ്. കന്നുകാലിവ്യാപാരികളെയും അറവുശാലകള്‍ നടത്തുന്നവരെയും പാപികളും മ്ലേച്ഛരുമായി കണ്ട് വേട്ടയാടുന്ന സംഘപരിവാര്‍ ശക്തികള്‍ കുരിശുയുദ്ധ സമാനമായ ഉന്മാദം സൃഷ്ടിച്ച് രാജ്യത്തെ വര്‍ഗീയമായി ധ്രുവീകരിക്കുകയും കാര്‍ഷിക സമ്പദ്ഘടനയെ തകര്‍ക്കുകയുമാണ്.


(കേളു ഏട്ടന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറും സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമാണ് ലേഖകന്‍)

Advertisement