എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ലീഗ് ശ്രമം: വിദ്യാഭ്യാസ മന്ത്രിയ്ക്ക് കെ.എസ്.യുവിന്റെ തുറന്നകത്ത്
എഡിറ്റര്‍
Wednesday 27th June 2012 3:45pm

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന് കെ.എസ്.യുവിന്റെ തുറന്നകത്ത്. കുറഞ്ഞ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടിയെടുക്കാനാണ് മുസ്‌ലീം ലീഗ് ശ്രമിക്കുന്നതെന്ന് കെ.എസ്.യു കത്തില്‍ കുറ്റപ്പെടുത്തുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയിയാണ് കത്ത് അയച്ചിരിക്കുന്നത്.

മന്ത്രിയും കൂട്ടരും ഇതൊരു ഫാഷനാക്കി മാറ്റിയിരിക്കുന്നു. ഔദ്യോഗിക വസതിയുടെ പേര് മാറ്റി പോലും മന്ത്രി അവമതിപ്പുണ്ടാക്കി. അബ്ദുറബ്ബിന്റെ പല തീരുമാനങ്ങളും കൂടിയാലോചനകളില്ലാത്തവയാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

കേന്ദ്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം. വിദ്യാഭ്യാസ നയങ്ങള്‍ ഭൂരിപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്ക് അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെന്നും കത്തില്‍ ആരോപിക്കുന്നു.

വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ കെ.എസ്.യു നേരത്തെ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ പിന്‍സീറ്റ് ഡ്രൈവിംഗാണ് നടക്കുന്നതെന്നും വകുപ്പ് മന്ത്രി തെറ്റായ സ്ഥലങ്ങളില്‍ നിന്നാണ് ഉപദേശം സ്വീകരിക്കുന്നതെന്നുമായിരുന്നു അബ്ദുറബ്ബിനെ വിമര്‍ശിച്ച് കെ.എസ്.യു പറഞ്ഞത്. ഇതിനെതിരെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ചാനലില്‍ മുഖം കാണിക്കാനുള്ള പരിപാടിയായി ഇതിനെ കണ്ടാല്‍ മതിയെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ചാനലില്‍ കാണിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് കുഞ്ഞാലിക്കുട്ടി ഒപ്പിച്ചിട്ടുള്ളതെന്ന ചുട്ട മറുപടിയുമായി മിനിറ്റുകള്‍ക്കകം തന്നെ കെ.എസ്.യുവും രംഗത്തെത്തിയിരുന്നു.

Advertisement