എഡിറ്റര്‍
എഡിറ്റര്‍
‘ഞങ്ങള്‍ക്ക് മാനേജ്‌മെന്റിന്റെ ഉറപ്പുമാത്രം പോര’ രാജിവെച്ചെന്ന് ലക്ഷ്മി നായര്‍ എഴുതി നല്‍കുന്നതുവരെ സമരം തുടരുമെന്ന് കെ.എസ്.യു
എഡിറ്റര്‍
Tuesday 31st January 2017 3:35pm

law-accademy


ലക്ഷ്മി നായര്‍ സ്വമേധയാ രാജിവെച്ച് ഒഴിയുംവരെ സമരം തുടരുമെന്നാണ് വിദ്യാര്‍ഥി ഐക്യം പറയുന്നത്.


തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെച്ചെന്ന് എഴുതി നല്‍കുന്നതുവരെ സമരം തുടരുമെന്ന് കെ.എസ്.യു. കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി, എ.ഐ.എസ്.എഫ് എന്നീ സംഘടകള്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥി ഐക്യത്തിനും ഇതേ നിലപാടാണ്.

ലക്ഷ്മി നായര്‍ സ്വമേധയാ രാജിവെച്ച് ഒഴിയുംവരെ സമരം തുടരുമെന്നാണ് വിദ്യാര്‍ഥി ഐക്യം പറയുന്നത്. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും കുറഞ്ഞത് അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്തുമെന്നാണ് മാനേജ്‌മെന്റ് നിലപാട്. ഇത് ചില നിയമനടപടികളിലേക്ക് പോകുന്നതിനുള്ള വഴിവെക്കും.

മാനേജ്‌മെന്റ് തന്റെ ഭാഗം കേള്‍ക്കാതെയാണ് തന്നെ പുറത്താക്കിയതെന്ന് പറഞ്ഞ് ലക്ഷ്മി നായര്‍ക്ക് കോടതിയെ സമീപിക്കാം. അതുകൊണ്ടുതന്നെ ലക്ഷ്മി നായര്‍ സ്വമേധയാ രാജിവെക്കുന്നതുവരെ സമരം തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് വിദ്യാര്‍ഥി ഐക്യം വിശദീകരിക്കുന്നു.


Must Read: ട്രംപ് ചെയ്തതുപോലെ ഇന്ത്യയിലും മുസ്‌ലീങ്ങളെ നിരോധിക്കണമെന്ന് യോഗി ആദിത്യനാഥ് 


സമരവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ വിദ്യാര്‍ഥി സംഘടനകള്‍ ഉടന്‍ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്നും വിദ്യാര്‍ഥി ഐക്യം അറിയിച്ചു.

ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്കെതിരായ മാനേജ്‌മെന്റ് അതിക്രമത്തില്‍ പ്രതിഷേധിച്ച് മൂന്നാഴ്ചയോളമായി വിദ്യാര്‍ഥികള്‍ സമരം ചെയ്യുകയാണ്. എസ്.എഫ്.ഐ, വിദ്യാര്‍ഥി ഐക്യം എന്നിങ്ങനെ രണ്ടു വിഭാഗമായായിരുന്നു വിദ്യാര്‍ഥികളുടെ സമരം.

സമരം തുടര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം മാനേജ്‌മെന്റ് വിവിധ വിദ്യാര്‍ഥി സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ലക്ഷ്മി നായരുടെ രാജിയെന്ന വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവാതിരുന്നതോടെ എസ്.എഫ്.ഐ ഒഴികെയുള്ള സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചക്കിടെ ഇറങ്ങിപ്പോകുകയായിരുന്നു.

ഇതേത്തുടര്‍ന്ന് എസ്.എഫ്.ഐ മാത്രമാണ് ക്രിയാത്മകമായി ചര്‍ച്ചയില്‍ ഇടപെട്ടതെന്നും അവര്‍ മുന്നോട്ടുവെച്ച ചില നിര്‍ദേശങ്ങള്‍ പരിശോധിക്കുകയാണെന്നും മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് എസ്.എഫ്.ഐ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.

ലക്ഷ്മി നായരെ പദവിയില്‍ നിന്നും നീക്കം ചെയ്യുമെന്നും ഫാക്വല്‍ട്ടിയായി പോലും അഞ്ചു വര്‍ഷത്തേക്ക് ലോ കോളജില്‍ അവരുണ്ടാകില്ലെന്നും മാനേജ്‌മെന്റ് രേഖാമൂലം ഉറപ്പുനല്‍കിയതായി എസ്.എഫ്.ഐ അവകാശപ്പെട്ടിരുന്നു.

സമരം പൂര്‍ണ വിജയമാണെന്ന് അവകാശപ്പെട്ട എസ്.എഫ്.ഐ ഇത് അവസാനിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് വിദ്യാര്‍ഥി സംഘടനകളുടെ കാര്യം അവരാണ് തീരുമാനിക്കേണ്ടതെന്നും എസ്.എഫ്.ഐ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Advertisement