Categories

തിരുവഞ്ചൂരിനെതിരെ പ്രമേയം പാസ്സാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സമ്മേളനവേദിയില്‍ ബഹളം

ksu,thiruvanchoor

കൊല്ലം: കൊല്ലത്ത് നടക്കുന്ന കെ.എസ്.യു സംസ്ഥാന സമ്മേളന വേദിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ബഹളവും. അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ പ്രമേയം പാസ്സാക്കണമെന്ന ഒരു കൂട്ടം പ്രവര്‍ത്തകരുടെ ആവശ്യമാണ് ബഹളത്തിന് കാരണമായത്.

പ്രമേയം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം പ്രവര്‍ത്തകര്‍ വേദിയിലേക്ക് തള്ളിക്കയറി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയും അഭ്യന്തര വകുപ്പും തമ്മിലുള്ള സ്വരചേര്‍ച്ചയുടെ പുതിയ ഏടായിരുന്നു കൊല്ലത്തെ സംഭവ വികാസങ്ങള്‍.

അഭ്യന്തര വകുപ്പിനും മന്ത്രിക്കുമെതിരെ നിശിതമായ വിമര്‍ശനങ്ങള്‍ സമീപ കാലത്ത് കെ.എസ്. യുവില്‍ നിന്നുയര്‍ന്നിരുന്നു. ഏറ്റവുമൊടുവിലായി കെ.എസ്.യുവിന്റെ സംസ്ഥാന സമ്മേളനത്തിലേക്കും സംഘടനയുടെ മുന്‍ സാരഥി കൂടിയായ സംസ്ഥാന അഭ്യന്തര മന്ത്രിയെ ക്ഷണിച്ചിരുന്നില്ല.

കൊല്ലത്തുണ്ടായിട്ടും സമ്മേളന വേദിയിലേക്ക് ക്ഷണമില്ലാഞ്ഞതിനാല്‍ തിരുവഞ്ചൂര്‍ പോയതുമില്ല. കണ്ണൂര്‍, പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് തിരുവഞ്ചൂരിനെതിരെ ബഹിഷ്‌കരണമുണ്ടായതെന്നാണ്് സൂചന.

അഭ്യന്തര വകുപ്പിനും തനിക്കുമെതിരെയുമുള്ള കെ.എസ്.യുവിന്റെ നിലപാടുകള്‍ക്കെതരിരെ പ്രസ്താവനയുമായി മന്ത്രി ഇന്ന് രംഗത്തെത്തിയിരുന്നു.

തങ്ങളുടെ കാലത്ത് സര്‍വ്വകലാശാലകള്‍ ഭരിച്ചിരുന്നത് കെ.എസ്.യു ആയിരുന്നുവെന്നും ഇപ്പേള്‍ ആ അവസ്ഥക്ക് മാറ്റമുണ്ടായി എന്നുമായിരുന്നു തിരുവഞ്ചൂരിന്റെ കുറ്റപ്പെടുത്തല്‍.

അഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച് കെ.എസ്.യു വീര്യം നേടുന്നുവെങ്കില്‍ നേടട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരുവഞ്ചൂരിനെതിരെ പ്രമേയം പാസ്സാക്കണമെന്നാവശ്യവുമായി ഒരു വിഭാഗം കുട്ടിനേതാക്കള്‍ ബഹളം വച്ചതെന്നാണ് സൂചന.