തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു പ്രസിദ്ധീകരണം. കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ മുഖ പ്രസിദ്ധീകരണമായ ‘സര്‍വ്വകലാശാല’യുടെ ജൂണ്‍ ലക്കത്തിലെ ലേഖനത്തിലൂടെയാണ് വിദ്യാഭ്യാസത്തിനെതിരെ കെ.എസ്.യു ആഞ്ഞടിച്ചത്.

‘വിദ്യാഭ്യാസം എന്തുകൊണ്ട് കോണ്‍ഗ്രസ് ഏറ്റെടുക്കണ’മെന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ മുസ്‌ലീം ലീഗിന്റേത് സാമുദായിക രാഷ്ട്രീയമാണെന്ന് കെ.എസ്.യു കുറ്റപ്പെടുത്തുന്നു. ഏറെ വിവാദം സൃഷ്ടിക്കാതെ അതിവേഗം ചലിക്കുന്ന സര്‍ക്കാരിന് മുസ്‌ലീം ലീഗും വിദ്യാഭ്യാസ വകുപ്പും തടസ്സം സൃഷ്ടിക്കുകയാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഭൂമിവിവാദം സര്‍ക്കാരിന് വന്‍ തലവേദനയാണ് സൃഷ്ടിച്ചത്. ഈ വിഷയത്തില്‍ ലീഗ് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും ലേഖനത്തില്‍ പറയുന്നു.

വിദ്യാഭ്യാസവകുപ്പ് ലീഗിന്റെയും സ്വകാര്യ വ്യക്തികളുടെയും പിണിയാളായി അധ:പതിച്ചു. ഇഷ്ടക്കാരെ നിയമിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയാകെ നിലവാര തകര്‍ച്ചയുടെ പടുകുഴിയിലെത്തിച്ചുവെന്നും കെ.എസ്.യു കുറ്റപ്പെടുത്തുന്നു.

അടുത്തിടെ വിദ്യാഭ്യാസവകുപ്പിനും മുസ്‌ലീം  ലീഗിനുമെതിരെ കെ.എസ്.യു പലതവണ പരസ്യമായി രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ പിന്‍സീറ്റ് ഡ്രൈവിംഗാണ് നടക്കുന്നതെന്ന് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രിയെ കെ.എസ്.യു വിമര്‍ശിച്ചത് വാര്‍ത്തയായിരുന്നു. പിന്നീട് കേന്ദ്രസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് വിവാദമായപ്പോഴും ലീഗിനെതിരെ രംഗത്തെത്തിയ  കെ.എസ്.യു വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന സ്ഥിരം പല്ലവി ഒരിക്കല്‍ കൂടി അടിവരയിടുകയാണ് ഈ ലേഖനത്തിലൂടെ.