Categories

കെ.എസ്.യു തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പുകള്‍ ഏറ്റുമുട്ടി; പോലീസ് ലാത്തി വീശി, മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്ക്

ksu-clashകോഴിക്കോട്: കെ.എസ്.യു സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പിനിടെ പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞു തല്ലി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി ചാര്‍ജ് നടത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, പാലക്കാട്, മലപ്പുറം മേഖലകളിലെ തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് അവസാനിക്കുന്നതിന് അര മണിക്കൂര്‍ മുമ്പാണ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് എ-ഐ വിഭാഗങ്ങള്‍ രണ്ടു ചേരിയായി തിരിഞ്ഞ് മുദ്രാവാക്യം വിളിക്കുകയായിരുന്നു. എ വിഭാഗം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കിയപ്പോള്‍ മറുവിഭാഗം രമേശ് ചെന്നിത്തലയ്ക്കും കെ.സുധാകരനും അനുകൂലമായി മുദ്രാവാക്യം മുഴക്കി. കെഎസ്.യു പ്രവര്‍ത്തകരല്ലാത്ത ചിലര്‍ക്ക് അനധികൃതമായി മെമ്പര്‍ഷിപ്പ് കൊടുത്തുവെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. കെ സുധാകരനെ അനുകൂലിച്ച് മുദ്രാവാക്യം വിളി അനുവദിക്കില്ലെന്ന് മറുവിഭാഗം പറഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.ഇതിനിടെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ച് ഇരു വിഭാഗവും വാക്കു തര്‍ക്കിത്തിലേര്‍പ്പെട്ടു. ഈ തര്‍ക്കമാണ് പിന്നീട് തമ്മിലടിയില്‍ കലാശിച്ചത്.

ഇരുവിഭാഗവും പരസ്യമായി ഏറ്റുമുട്ടിയതോടെ പൊലീസെത്തി ലാത്തിവീശി പ്രവര്‍ത്തകരെ ഓടിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകര്‍ പരസ്പരം കല്ലേറ് നടത്തുകയും പോസ്റ്ററുകള്‍ വലിച്ചു കീറുകയും ചെയ്തു. കല്ലേറില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമൃത ടിവിയുടെ ക്യാമറാമാന്‍ പി ബിജുവിനും ഇന്ത്യാവിഷന്‍ ക്യാമറാമാനും കല്ലേറില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പിനായി നേതാക്കള്‍ വന്ന വാഹനങ്ങളും പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു.

മലബാര്‍ മേഖലയില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ എ ഗ്രൂപ്പ് കൈയ്യടക്കി. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഐ ഗ്രൂപ്പും പിടിച്ചു. കൊച്ചിയില്‍ നാളെയും, തിരുവനന്തപുരത്തു മറ്റന്നാളുമാണ് തിരഞ്ഞെടുപ്പ് നടക്കുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.