എഡിറ്റര്‍
എഡിറ്റര്‍
‘ഈ കൈകൂടി ഞങ്ങളെടുക്കുകയാണ്, ഇത് ഞങ്ങളുടെ സമ്മാനമാണ്; എന്നു പറഞ്ഞായിരുന്നു അവര്‍ വെട്ടിയത്.’; കെ.എസ്.യു ആക്രമണത്തില്‍ പരുക്കേറ്റ സച്ചു പറയുന്നു
എഡിറ്റര്‍
Monday 13th March 2017 5:58pm

കോട്ടയം: ‘ ഈ കൈകൂടി ഞങ്ങളെടുക്കുകയാണ്. ഇത് ഞങ്ങളുടെ സമ്മാനമാണ്. എന്നു പറഞ്ഞായിരുന്നു അവര്‍ വെട്ടിയത്.’ എം.ജി സര്‍വ്വകലാശാലയില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് സംഘം തന്നെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ കുറിച്ച് ഡൂള്‍ ന്യൂസിനോട് സംസാരിക്കുമ്പോള്‍ സച്ചുവിന്റെ വാക്കുകളില്‍ ഭയം നിഴലിക്കുന്നുണ്ടായിരുന്നു.

‘ ഇടതു കൈ നേരത്തെ തന്നെ ഉയര്‍ത്താന്‍ കഴിയില്ലായിരുന്നുവെന്നറിഞ്ഞിട്ടും അവര്‍ മറ്റേ കൈയ്ക്കും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇനി ഞാനെങ്ങനെ പരീക്ഷയെഴുതും?’ സച്ചു ചോദിക്കുന്നു. ദളിത് വിദ്യാര്‍ത്ഥിയായ സച്ചുവിനെ ആക്രമിസംഘം ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും സച്ചു ഡൂള്‍ ന്യൂസിനോട് പറഞ്ഞു

വെള്ളിയാഴ്ച്ച് വൈകിട്ട് നാലരയോടെയായിരുന്നു സച്ചുവിനും എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.എം. അരുണിനും നേരെ ആക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സച്ചുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വലതു കൈയ്യില്‍ പത്തു സെന്റീ മീറ്ററിലധികം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. എല്ലിനാണ് മുറിവേറ്റിരിക്കുന്നത്. അതിനാല്‍ ദീര്‍ഘ നാളത്തെ ചികിത്സ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇതോടെ തിങ്കളാഴ്ച്ച നടക്കുന്ന ഇന്റേണല്‍ പരീക്ഷയും മൂന്നുമാസം കഴിഞ്ഞുള്ള സെമസ്റ്റര്‍ പരീക്ഷയും സച്ചുവിന് നഷ്ടമാകും.’ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് സച്ചുവിന്റേത്. ആകെയുള്ള വരുമാന മാര്‍ഗ്ഗം ഒരു പച്ചക്കറി കടയാണ്. എട്ടു മാസങ്ങള്‍ക്ക് മുമ്പ് ഒരപകടത്തില്‍ അച്ഛന് പരുക്കേറ്റതിനെ തുടര്‍ന്ന് അമ്മ ശ്രീലതയാണ് കട നടത്തുന്നത്. സച്ചുവായിരുന്നു കുടുംബത്തിന്റെ ആശ്രയം. സച്ചു ആശുപത്രിയിലായതോടെ അമ്മ കടയില്‍ പോകാതെയായി. ഇതോടെ കടയിലെ പച്ചക്കറികള്‍ നശിച്ചു പോയി. ഇനി വീണ്ടും ആരംഭിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.’ സംഭവത്തെ കുറിച്ച് സംസാരിക്കവെ സച്ചുവിനൊപ്പം ആക്രമണത്തിന് ഇരയായ അരുണ്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

മാവേലിക്കര കണ്ടിയൂര്‍ സ്വദേശി സദാനന്ദന്റേയും ശ്രീലതയുടേയും മകനാണ് സച്ചു എന്ന സച്ചു സദാനന്ദന്‍. പഠനത്തില്‍ മിടുക്കനായ സച്ചു എം.ജി സര്‍വ്വകലാശാലയിലെ ലൈബ്രറി സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ എസ്.എഫ്.ഐ ജനറല്‍ സെക്രട്ടറിയായിരുന്നു.


Also Read:റാങ്കിങ്ങിലും കോഹ്‌ലി വീണു; ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ നാലാമത്; ഓള്‍ റൗണ്ടര്‍മാരില്‍ അശ്വിന്‍ വീണ്ടും ഒന്നാമത്


സര്‍വ്വകലാശാലയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടൊയായിരുന്നു കെ.എസ്.യുവിന്റെ ഗുണ്ടാ സംഘം തങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയതെന്നും അരുണ്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

കേസില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ടെങ്കിലും ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു. അംഗപരിമതനായ ദളിത് വിദ്യാര്‍ത്ഥിയ്‌ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്.

Advertisement