തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ഡീസല്‍ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ലാഭകരമല്ലാത്ത സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി വെട്ടിച്ചുരുക്കുന്നു. പ്രതിദിനം പതിനായിരം രൂപ വരുമാനമില്ലാത്ത സര്‍വീസുകളാണ് നിര്‍ത്തലാക്കുന്നത്.

Ads By Google

ഇത്തരത്തിലുള്ള 1700 ഓളം സര്‍വീസുകളാണ് നിര്‍ത്തലാക്കുന്നത്. ഡീസല്‍ സബ്‌സിഡി പുന:സ്ഥാപിക്കുന്നത് വരെ സര്‍വീസ് നിര്‍ത്തിവെക്കാനാണ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക അംഗീകാരത്തിനായി സര്‍ക്കാറിനെ സമീപിക്കാനും കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചു.

ഡീസല്‍ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ എണ്ണകമ്പനികള്‍ വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍ കെ.എസ്.ആര്‍.ടി.സിയേയും ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ കെ.എസ്.ആര്‍.ടി.സി ഒരു ലിറ്റര്‍ ഡീസലിന് 60.20 രൂപ നല്‍കണം.

നിലവില്‍ മാസം തോറും 65 കോടി നഷ്ടം നേരിടുന്ന കോര്‍പ്പറേഷന്‍ അടുത്ത വര്‍ഷം മുതല്‍ നേരിടാന്‍ പോകുന്ന നഷ്ടം 80 കോടിയാകും. ഡീസലിന് വില വര്‍ധിച്ചതിനാല്‍ കെ.എസ്.ആര്‍.ടി.സി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആര്യാടന്‍  മുഹമ്മദ് പറഞ്ഞിരുന്നു.

സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച 5870 ഷെഡ്യൂളുകളില്‍ 4470 ഷെഡ്യൂളുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. തിരുവന്തപുരത്ത് അഞ്ഞൂറോളം സര്‍വീസുകള്‍ റദ്ദാക്കി.

1350 സര്‍വീസുകളുള്ള കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 1060 എണ്ണമാണ് സര്‍വീസ് നടത്തിയത്. 1170 സര്‍വീസുകളുള്ള എറണാകുളം, കോട്ടയം, ഇടുക്കി എന്നീ 920 ബസ്സുകളോടി.

കെ.എസ്.ആര്‍.ടി.സി.ക്ക് ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. പെന്‍ഷനും ദൈനംദിന ചെലവുകള്‍ക്കുമായി 200 കോടി രൂപ അടിയന്തരമായി നല്‍കണമെന്ന് കോര്‍പ്പറേഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡീസല്‍ വില വര്‍ധനവ്: കെ.എസ്.ആര്‍.ടി.സിക്ക് അധിക ബാധ്യത