കാസര്‍ഗോഡ്: അപകടമുണ്ടാക്കിയത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ ലോറിയിടിപ്പിച്ചു കൊന്നു. കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ മല്ലം സ്വദേശി രവികുമാര്‍(32) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കാസര്‍ഗോഡ് പടന്നക്കാട് ഹൈവേയിലായിരുന്നു സംഭവം.

കോഴിക്കോട് നിന്ന് ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന പരിപാടി കഴിഞ്ഞ് സൂപ്പര്‍ഫാസ്റ്റ് കെ.എസ്.ആര്‍.ടി.സി ബസില്‍ കാസര്‍ഗോട്ടേക്ക് മടങ്ങവെ പടന്നക്കാട് വച്ച് മംഗലാപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി രവികുമാര്‍ സഞ്ചരിച്ച ബസില്‍ ഉരസി നിര്‍ത്താതെ പോയി. തുടര്‍ന്ന് ബസ് ഡ്രൈവര്‍ ലോറിയെ പിന്‍തുടര്‍ന്ന് പിടിച്ചുനിര്‍ത്തുകയായിരുന്നു.

ബസില്‍ ഉരസിയിട്ട് നിര്‍ത്താത പോയത് ചോദിക്കാനായി ബസിന്റെ ഡ്രൈവറും രവികുമാറും ലോറിക്കരികിലേയ്്ക്ക് നീങ്ങവേ ലോറി ഡ്രൈവര്‍ ലോറി രവികുമാറിന്റെ ദേഹത്തേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ലോറി നിര്‍ത്താതെ പോയി. ലോറിയുടെ ചക്രങ്ങള്‍ ദേഹത്തുകയറിയ രവികുമാര്‍ സംഭവസ്്ഥലത്തു തന്നെ മരിച്ചു. ലോറി ഇതുവരെ പിടികൂടാനായില്ല.