ഏറ്റുമാനൂര്‍: കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ കൂട്ടിയിടിച്ച് 45 പേര്‍ക്ക് പരിക്ക്. എം.സി റോഡില്‍ അടിച്ചിറ ആമോസ് ജംഗ്ഷനില്‍ ഇന്നു രാവിലെ 7.15നായിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈക്കത്തുനിന്നു പമ്പയ്ക്കു പോകുകയായിരുന്ന ബസും, കോട്ടയത്തുനിന്നും തൊടുപുഴയ്ക്കുപോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പമ്പയിലേക്ക് പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് അപകടം നടന്നത്.

ഇടിയുടെ ആഘാതത്തില്‍ പമ്പ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ബസിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവര്‍ ഗിരീഷ് (49), യാത്രക്കാരിയായ രത്‌നവല്ലി (49) എന്നിവരെ ബസ് വെട്ടിപ്പൊളിച്ചു പുറത്തെടുക്കുകയായിരുന്നു. ഇരുവരുടെയും കാലിന് ഒടിവുണ്ട്. ജില്ലാ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റാണ് രത്‌നവല്ലി. ഇവരെക്കൂടാതെ ബിന്‍സി (36), അജി (35) എന്നിവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. മറ്റുള്ളവരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. സംഭവത്തെത്തുടര്‍ന്ന് ഒരു മണിക്കൂറിലേറെ എംസി റോഡില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് ഇരു ബസുകളും റോഡില്‍നിന്നു നീക്കിയതോടെയാണ് ഗതാഗതസ്തംഭനം ഒഴിവായത്.

ഏറ്റുമാനൂര്‍ സിഐ ഷാജു ജോസ്, എസ. ഐ കെ.ആര്‍. മോഹന്‍ദാസ്, ഗാന്ധിനഗര്‍ എസ്‌ഐ നിര്‍മല്‍ ബോസ്, ഹൈവേ പോലീസ് എ.എസ്.ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും കോട്ടയത്തുനിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.