തിരുവനന്തപുരം: അടുത്തമാസം ഒന്നു മുതല്‍ സംസ്ഥാനത്തു വൈദ്യുതി ചാര്‍ജ് വര്‍ധിക്കും. യൂണിറ്റിന് 25 പൈസ നിരക്കില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുകയാണ്. ആറ് മാസത്തേക്കാണ് ഈ നിരക്കില്‍ സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുന്നത്. 120 യൂണിറ്റിനു മീതെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന വൈദ്യുതി വകുപ്പിന്റെ ശുപാര്‍ശ ധനവകുപ്പ് അംഗീകരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും

എല്ലാതരം ഉപഭോക്താക്കളില്‍ നിന്നും സര്‍ചാര്‍ജ് പിരിക്കാനായിരുന്നു റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ്. പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ സര്‍ചാര്‍ജ് സര്‍ക്കാര്‍ നല്‍കും. ഇതുവഴി സര്‍ക്കാരിന് 54 കോടി രൂപയുടെ അധികബാധ്യതയാണ് വരുന്നത്.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണു തീരുമാനമായത്. 2010 ഒക്ടോബര്‍ മുതല്‍ ഇക്കൊല്ലം മാര്‍ച്ച് വരെ ഇന്ധന വില വര്‍ധന മൂലം വൈദ്യുതി ബോര്‍ഡിനുണ്ടായ 181.14 കോടി രൂപയുടെ ബാധ്യത നികത്താനാണു സര്‍ചാര്‍ജ് ഈടാക്കുന്നത്.