തിരുവനന്തപുരം: ഏപ്രില്‍ ഒന്ന് മുതല്‍ വൈദ്യുതി ബോര്‍ഡ് അറിയപ്പെടുക കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് എന്നാവും അറിയപ്പെടുക. കമ്പനി രൂപീകരിക്കുന്നതിനുള്ള അന്തിമ നടപടികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്.

Ads By Google

കമ്പനി രൂപീകരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരും പുതിയ കമ്പനിയും ജീവനക്കാരുടെ സംഘടനകളുമായി ഒപ്പിടുന്ന ത്രികക്ഷിക്കരാറിന്റെ കരട് സംഘടനകള്‍ക്ക് വിതരണം ചെയ്തു.

ബോര്‍ഡ് കമ്പനിയാക്കുന്നതിന് മാര്‍ച്ച് 31 വരെയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് സമയം ചോദിച്ചിരുന്നത്. മാര്‍ച്ച് 31ന് മുമ്പ് തന്നെ കമ്പനി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.

കമ്പനി രൂപവത്കരണത്തിനായി 8000 കോടിരൂപ വേണ്ടിവരുമെന്നാണ് കരുതുന്നത്. ഈ തുക കടപ്പത്രങ്ങളിലൂടെ കണ്ടെത്താനാണ് ശ്രമം. എന്നാല്‍ ത്രികക്ഷിക്കരാറിന്റെ കരടില്‍ ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടതുപോലെ പെന്‍ഷന് സര്‍ക്കാര്‍ ഗ്യാരന്റി പ്രഖ്യാപിച്ചിട്ടില്ല.

പെന്‍ഷനും വിരമിക്കുമ്പോഴുള്ള ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതെങ്ങനെയാണെന്നാണ് സംഘടനകള്‍ ചോദിക്കുന്നത്. കരാറില്‍ ഗ്യാരന്റി എന്ന വാക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയാറാവില്ലെന്ന് അറിയുന്നു.

കമ്പനിവത്കരണം പൂര്‍ത്തിയാക്കിയാലേ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന് പരിഗണിക്കപ്പെടാന്‍ കേരളത്തിലെ വൈദ്യുതി ബോര്‍ഡ് അര്‍ഹത നേടൂ.
മുമ്പ് പലവട്ടം കമ്പനിവത്കരണം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങിയപ്പോള്‍ നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷനുവേണ്ട പണം കമ്പനിക്ക് എങ്ങനെ കണ്ടെത്താമെന്നതായിരുന്നു പ്രധാന പ്രശ്‌നം.