തിരുവനന്തപുരം: വൈദ്യുതി ഉപഭോഗത്തിന് നിയന്ത്രണണമേര്‍പ്പെടുത്തുന്നതിനായി നിരക്ക് വര്‍ധനയുള്‍പ്പെടെയുള്ള നടപടികള്‍ക്കായി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് കെ എസ് ഇ ബി ശുപാര്‍ശ ചെയ്തു. വ്യവസായ – വാണിജ്യ ഉപഭോക്താക്കള്‍ മൊത്തം ഉപഭോഗത്തിന്റെ 25 ശതമാനത്തിന് അധിക നിരക്ക് നല്‍കണമെന്നാണ് കെ എസ് ഇ ബി നിലപാടെടുത്തിരിക്കുന്നത്. 25 ശതമാനം വൈദ്യുതിക്ക് പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വിലനല്‍കണം. അധിക നിരക്ക് റഗുലേറ്ററി കമ്മീഷന് തീരുമാനിക്കാം. ഫുള്‍ബോര്‍ഡ് യോഗത്തിന്റെതാണ് ശിപാര്‍ശ.

200 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ദ്ധനയും പവര്‍ കട്ടും വേണമെന്നാണ് ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ചൂട് കാലമായതിനാല്‍ സംസ്ഥാനത്ത് റെക്കോഡ് വൈദ്യുത ഉപഭോഗമാണ് നടക്കുന്നത്. വൈദ്യുത പദ്ധതികളുടെ ജലസംഭരണികളില്‍ ജലനിരപ്പ് അനുദിനം കുറയുകയാണെന്നും കടുത്ത നിയന്ത്രണങ്ങളല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ലെന്നും കെ എസ് ഇ ബി വ്യക്തമാക്കുന്നു. വൈദ്യുത മന്ത്രി എ കെ ബാലനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നിയന്ത്രണത്തിന് ശുപാര്‍ശ ചെയ്യാന്‍ ബോര്‍ഡ് തീരുമാനിച്ചത്.

അതിനിടെ വൈദ്യുതി സര്‍ചാര്‍ജ് നിര്‍ണയിക്കാനുള്ള ഫോര്‍മുലയില്‍ മാറ്റം വരുത്തണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തള്ളി. കാലാകാലങ്ങളില്‍ ജലവൈദ്യുതി ഉല്‍പാദനത്തിലുണ്ടാകുന്ന മാറ്റം ഉള്‍പ്പടെയുള്ള മറ്റ് വസ്തുതകളും പരിഗണിക്കണമെന്ന് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതാണ് കമ്മിഷന്‍ തള്ളിയത്.

ദ്രവ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന താപവൈദ്യുതി നിലയങ്ങളിലെ ഉല്‍പാദനച്ചെലവിലെ വ്യത്യാസം നികത്താനാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഫ്യൂവല്‍ സര്‍ച്ചാര്‍ജ് ഫോര്‍മുല ഉണ്ടാക്കിയത്. ഇതനുസരിച്ച് ഒരോ മൂന്നുമാസവും ദ്രവ ഇന്ധനങ്ങളുടെ വിലയില്‍ ഉണ്ടാകുന്ന മാറ്റം അനുസരിച്ച് സര്‍ചാര്‍ജ് നിര്‍ണയിച്ച ശേഷം അത് കമ്മിഷന്റെ അനുമതിയോടുകൂടി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനുള്ള സംവിധാനമാണ് ഇത്.