Categories

കെ എസ് ഇ ബിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; തല്‍ക്കാലം പുനസ്ഥാപിച്ചു

തിരുവനന്തപുരം: കെ എസ് ഇ ബിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളു മരവിപ്പിച്ചു കൊണ്ട് ആദായ നികുതി വകുപ്പിന്റെ നടപടി. കെ എസ് ഇ ബി അധികൃതരുടെ അപേക്ഷയില്‍ തീരുമാനം പുനപരിശോധിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് നടപടി താല്‍കാലികമായി പിന്‍വലിച്ചു. ആദായ നികുതി വകുപ്പിനുള്ള 88 കോടിയുടെ കുടിശ്ശികയെ തുടര്‍ന്നായിരുന്നു നടപടി. എസ് ബി ടി യിലാണ് കെ എസ് ഇ ബിയുടെ അക്കൗണ്ടുള്ളത്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി എസ് ബി ടി യുടെ എല്ലാ ശാഖകളിലേക്കും ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കുകയായിരുന്നു.

അതോടെ കെ എസ് ഇ ബിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും തടസപ്പെട്ട നിലയിലായി. മാസാവസാനം ആകയാല്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും കാശ് തികയില്ലെന്ന സ്ഥിതിയുണ്ടായി. തുടര്‍ന്ന് ബോര്‍ഡിന്റെ ഫിനാന്‍സ് അഡൈ്വസര്‍ ആദായ നികുതി കമ്മീഷണറുടെ അടുത്തെത്തി. കമ്മീഷണര്‍ ബോര്‍ഡിന്റെ വാദം കേട്ടു. മാര്‍ച്ച് 31നകം 15 കോടിരൂപ കുടിശ്ശികയുടെ ഗഡു നല്‍കാമെന്ന ഉറപ്പിന്‍മേല്‍ അക്കൗണ്ട് മരവിപ്പിക്കല്‍ നടപടി പിന്‍വലിക്കാന്‍ ആദായ നികുതി കമ്മീഷണര്‍ എസ് ബി ടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

വര്‍ഷങ്ങളായി കെ എസ് ഇ ബിയും ആദായനികുതി വകുപ്പും തമ്മില്‍ തുടരുന്ന തര്‍ക്കമാണ് ഇപ്പോഴത്തെ നടപടിയിലെത്തിയിരിക്കുന്നത്. കെ എസ് ഇ ബി കമ്പനിയാണെന്നും അതിനാല്‍ ആദായ നികുതി നല്‍കണമെന്നുമായിരുന്നു വകുപ്പിന്റെ വാദം. എന്നാല്‍ കെ എസ് ഇ ബി സര്‍ക്കാറിന് കീഴിലുള്ളതാണെന്നും അതിനാല്‍ നികുതി നല്‍കേണ്ടെന്ന് ബോര്‍ഡും വാദിച്ചു.

കെ എസ് ഇ ബി നിലപാടിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു. എന്നാല്‍ 2007ല്‍ ആദായ നികുതി അടക്കേണ്ടാത്ത സ്ഥാപനങ്ങള്‍ നല്‍കേണ്ട മിനിമം ആള്‍ട്ടര്‍നേറ്റീവ് ടാക്‌സ് കെ എസ് ഇ ബി അടക്കണമെന്ന് ആദായ നികുതി വകുപ്പ് വാദിച്ചു. ഇതും കെ എസ് ഇ ബി അംഗീകരിച്ചില്ല. 2007ന് ശേഷമുള്ള കുടിശ്ശികയാണ് 88 കോടി.

ആദായ നികുതി വകുപ്പിന്റെ പേരൂര്‍ക്കടയിലെ ഓഫീസ് സമുച്ചയം രണ്ടുവര്‍ഷമായി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നുവെന്ന് കഴിഞ്ഞവര്‍ഷം അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തിയിരുന്നു. രണ്ടുലക്ഷത്തിലധികം രൂപ ഈയിനത്തില്‍ വൈദ്യുതി ബോര്‍ഡിന് നല്‍കാനുണ്ടെന്നും എ ജി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ആദായ നികുതി വകുപ്പ് ഓഫീസിലെത്തി ഇക്കാര്യം ധരിപ്പിച്ചത് അവരെ പ്രകോപിപ്പിച്ചിരുന്നതായും അറിയുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.