തിരുവനന്തപുരം: തന്നെ ആക്രമിച്ചവരെ തിരിച്ചറിയാന്‍ കഴിയുമെന്ന് വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകന്‍. വേണ്ട സമയത്ത് എല്ലാം പറയുമെന്നും അധ്യാപകന്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് നല്‍കിയ മൊഴിയിലാണ് അധ്യാപകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

നിലമേലോ കടയ്ക്കലോ താന്‍ പോയിട്ടില്ല. സ്വന്തം കാറില്‍ പോകുമ്പോള്‍ നാല് പേര്‍ തന്നെ ആക്രമിക്കുകയാണുണ്ടായതെന്നും അധ്യാപകന്‍ വ്യക്തമാക്കി. സ്‌ക്കൂള്‍ മാനേജ്‌മെന്റിനും ബാലകൃഷ്ണപിള്ളയ്ക്കും തന്നോട് വിരോധമുണ്ടായിരുന്നെന്നും അധ്യാപകന്‍ വെളിപ്പെടുത്തി.

Subscribe Us:

ചൊവ്വാഴ്ചയാണ് അധ്യാപകനെ ക്രൂരമര്‍ദ്ദനത്തിനിരയായ നിലയില്‍ കണ്ടത്തിയത്. അതിനുശേഷം മജിസ്‌ട്രേറ്റും പോലീസും അധ്യാപകന്റെ മൊഴിയെടുത്തിരുന്നു. പിള്ളയ്ക്കും സ്‌ക്കൂള്‍ മാനേജ്‌മെന്റിനും തന്നോട് വിരോധമുണ്ടെന്ന് ആദ്യം മൊഴിയെടുത്ത മജിസ്‌ട്രേറ്റിനോട് അധ്യാപകന്‍ പറഞ്ഞിരുന്നു. തന്നെ ആക്രമിച്ചവരെ തിരിച്ചറിയാന്‍ കഴിയില്ലെന്നാണ് പോലീസിനോട് പറഞ്ഞത് എന്ന് അവര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

അതിനിടെ അധ്യാപകന്‍ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഉള്‍പ്പെട്ട ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പോലീസിന് കൈമാറും.