Categories

കടയ്ക്കലില്‍ പോയിരുന്നെന്ന് അധ്യാപകന്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആക്രമണത്തിനു ഇരയായ വാളകം ആര്‍.വി.എച്ച്.എസ്.എസിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം വീണ്ടുമെത്തി. ഡി.വൈ.എസ്.പി ഷാനവാസ്, അജിത് എന്നിവരാണ് ആശുപത്രിയിലെത്തി കൃഷ്ണകുമാറിന്റെ മൊഴിയെടുത്തത്.

സംഭവദിവസം കടയ്ക്കലില്‍ പോയിരുന്നതായി അധ്യാപകന്‍ മൊഴിനല്‍കിയെന്ന് പോലീസ് അറിയിച്ചു. മൊഴിയിലെ വൈരുദ്ധ്യം പൂര്‍ണമായും മാറിയിട്ടില്ല. കാര്യങ്ങള്‍ ഇനിയും വ്യക്തമാകാനുണ്ടെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ അന്വേഷണ സംഘവും മജിസ്‌ട്രേറ്റും കൃഷ്ണകുമാറില്‍ നിന്നും മൊഴിയെടുത്തിരുന്നു. മജിസ്‌ട്രേറ്റിനും പോലീസിനും നല്‍കിയ മൊഴികള്‍ക്ക് പരസ്പരബന്ധമില്ലെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കൃഷ്ണകുമാറില്‍ നിന്നും വീണ്ടും മൊഴിയെടുക്കാന്‍ സംഘം തീരുമാനിച്ചത്.

തന്റെ ഐ-10 കാറിലാണ് സംഭവദിവസം പുറത്തുപോയതെന്നാണ് കൃഷ്ണകുമാര്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴി. വാളകം വിട്ടുപോയിട്ടില്ലെന്നും അദ്ദേഹം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എ.എം അഷറഫിനു മൊഴി നല്‍കി. മൂന്നംഗസംഘമാണു കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. എന്നാല്‍ രാത്രി കാറോടിക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ ബസിലാണ് അധ്യാപകന്‍ നിലമേലും കടയ്ക്കലും പോയതെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ഗീത പോലീസിനു നല്‍കിയ മൊഴി. അധ്യാപകന്‍ കടയ്ക്കലില്‍ എത്തിയെന്ന ജോത്സ്യന്‍ ശ്രീകുമാറിന്റെ മൊഴിയും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചു. ഇതെല്ലാം സത്യം പുറത്തുവരാതിരിക്കാന്‍ കൃഷ്ണകുമാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതിന്റെ സൂചനയാണെന്ന് അന്വേഷണ സംഘം പറയുന്നു.

സംഭവദിവസം കാറോടിച്ചു ഡി.ഇ ഓഫീസിലേക്കും സ്‌ക്കൂളിലേക്കും പോയശേഷം വീട്ടിലേക്കു മടങ്ങുന്നവഴി മൂന്നംഗസംഘം ആക്രമിച്ചെന്നാണ് കൃഷ്ണകുമാറിന്റെ മൊഴി. പിള്ളയ്ക്കു പുറമേ സ്‌കൂളിലെ മൂന്ന് അധ്യാപകരും തന്നോടു കടുത്ത ശത്രുത പുലര്‍ത്തിയിരുന്നെന്നും കൃഷ്ണകുമാര്‍ മൊഴി നല്‍കിയിരുന്നു. ഡി.ഇ.ഓഫീസില്‍ പോയശേഷം വീട്ടിലെത്തിയ കൃഷ്ണകുമാര്‍ ചായ കുടിച്ചശേഷം വൈകിട്ട് ആറരയോടെ നിലമേലില്‍ പോയെന്നാണു ഭാര്യ ഗീതയുടെ മൊഴി. രാത്രി ഡ്രൈവിംഗ് ഭയമായതിനാല്‍ കാര്‍ എടുത്തിരുന്നില്ല. രാത്രി 10.10നു നിലമേലില്‍ നിന്ന് തന്നെ ഫോണില്‍ വിളിച്ച് അരമണിക്കൂറിനുള്ളില്‍ എത്തുമെന്നു പറഞ്ഞു. കൃഷ്ണകുമാറിന്റെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ച പോലീസ് സംഘത്തിന് ഗീത പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.