Categories

കൃഷ്ണ, തരൂര്‍ ഹോട്ടല്‍വാസം പുതിയ വിവാദത്തിലേക്ക്

krishna-rwന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയുടേയും സഹമന്ത്രി ശശി തരൂരിന്റെയും ഹോട്ടല്‍ വാസത്തിന് പണം നല്‍കിയത് ആരെന്നതിനെച്ചൊല്ലി പുതിയ വിവാദം കൊഴുക്കുന്നു.

കൃഷ്ണയുടെ താമസച്ചെലവ് വഹിച്ചത് ഇന്ത്യ-അമേരിക്ക ആണവ കരാര്‍ നടപ്പാക്കുന്നതിന് ഇടനിലക്കാരായി നിന്ന ഒരു അമേരിക്കന്‍ കമ്പനിയാണെന്നാണ് ഉയര്‍ന്ന ആരോപണം. കൃഷ്ണയുടെ ഹോട്ടല്‍ താമസത്തിന്റെ ചെലവ് വഹിച്ചത് ആരെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തണമെന്നും അല്ലാത്തപക്ഷം തങ്ങള്‍ അക്കാര്യം പുറത്തു വിടുമെന്നും ബി.ജെ.പി വ്യക്തമാക്കി.

അതിനിടെ, വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ മൗര്യാ ഷെറാട്ടണില്‍ കൃഷ്ണ താമസിച്ച 100 ദിവസത്തെ ചെലവായ ഒരു കോടി രൂപ സര്‍ക്കാര്‍ ചെലവിലാക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം കേന്ദ്ര ഭവന വകുപ്പിന് കത്തയച്ചതും വിവാദമായിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു കത്തയയ്ക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കൃഷ്ണ കഴിഞ്ഞ ദിവസം പറഞ്ഞു.

ശശി തരൂരിനെതിരെയും ആരോപണമുയരുന്നുണ്ട്. മന്ത്രിയാകുന്നതിന് മുമ്പ് തരൂര്‍ ചെയര്‍മാനായ ഒരു അന്താരാഷ്ട്ര കമ്പനിയാണ് ഹോട്ടല്‍ പണം അടച്ചതെന്നാണ് ആരോപണം. ഇരുവരുടെയും ഹോട്ടല്‍ ചെലവ് വഹിച്ചത് ആരെന്നു വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അടുത്ത ദിവസം രംഗത്തു വന്നേക്കും.
തങ്ങളുടെ പോക്കറ്റില്‍ നിന്നാണ് താമസച്ചെലവ് നല്‍കിയതെന്ന മന്ത്രിമാരുടെ വാക്കുകള്‍ ശരിയല്ലെന്ന് ബി.ജെ.പി നേതാവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.