കോഴിക്കോട്: കൃഷ്ണപ്രഭയെ മലയാളികള്‍ക്കറിയാം, നടിയും നര്‍ത്തകയും അവതാരകയുമൊക്കെയായി മലയാളിയ്ക്ക് ഈ മുഖം സുപരിചിതമാണ്. എന്നാല്‍, ആ കൃഷ്ണപ്രഭ ഇപ്പോള്‍ ചില്ലറക്കാരിയല്ല. ഒരു ഒന്നാം റാങ്കുകാരി കൂടിയാണ്.

ഭരതനാട്യം കോഴ്സിലാണ് കൃഷ്ണപ്രഭയുടെ റാങ്ക് നേട്ടം. ബംഗളൂരു അലയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. സിനിമയുടെ തിരക്കുകളില്‍ നിന്ന് അവധിയെടുത്ത് ഒരു വര്‍ഷം ബെംഗളൂരുവില്‍ താമസിച്ച് നൃത്തം അഭ്യസിക്കുകയായിരുന്നു കൃഷ്ണപ്രഭ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ കൃഷ്ണപ്രഭ തന്നെയാണ് വാര്‍ത്ത ആരാധകരെ അറിയിച്ചത്.

നൃത്തം കഴിഞ്ഞിട്ടേ തനിക്ക് മറ്റെന്തുമുള്ളു എന്നാണ് കൃഷ്ണപ്രഭയുടെ നിലപാട്. മികച്ച ഗായിക കൂടിയാണ് കൃഷ്ണപ്രഭ. തീരം എന്ന ചിത്രത്തില്‍ ശ്രേയാ ഘോഷാല്‍ പാടിയ ഗാനത്തിന് കൃഷ്ണപ്രഭ തയ്യാറാക്കിയ കവര്‍ വേര്‍ഷന് യൂട്യൂബില്‍ മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു.