Categories

ഓടക്കുഴല്‍ അവാര്‍ഡ് കെ.ആര്‍. മീരക്ക്

krmeera

കൊച്ചി: കഴിഞ്ഞവര്‍ഷത്തെ ഓടക്കുഴല്‍ പുരസ്‌കാരം പ്രമുഖ സാഹിത്യകാരി കെ.ആര്‍. മീരക്ക്. മീരയുടെ ആരാച്ചാര്‍ എന്ന നോവലിനാണ് അവാര്‍ഡ്.

ഡോ. ഇ.വി. രാമകൃഷ്ണന്‍, ജി. മധുസൂദനന്‍, പി.സുരേന്ദ്രന്‍ എന്നിവരടങ്ങിയ സമിതിയാണ് മീരയെ തിരഞ്ഞെടുത്തത്. മഹാകവി ജി. ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് 1968 മുതല്‍ എല്ലാ വര്‍ഷവും നല്‍കിവരുന്നതാണ് പുരസ്‌കാരം.

ജിയുടെ 36 ാം ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് എറണാകുളം ജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ. എം. ലീലാവതി മീരയ്ക്ക് പുരസ്‌കാരം സമ്മാനിക്കും.

പതിനായിരം രൂപയും ഫലകവുമാണ് പുരസ്‌കാരം. ഒരു തൂക്കിക്കൊലയുടെ പശ്ചാത്തലത്തില്‍ വനിത ആരാച്ചാരുടെ ആത്മസംഘര്‍ഷങ്ങളാണ് നോവലിന്റെ ഇതിവൃത്തം. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവലാണിത്.

മലയാളിക്ക് വായനയില്‍ പുതുമ സമ്മാനിച്ച ഈ നോവലിനെ ഒരു ആധുനിക ക്‌ളാസിക് എന്ന് നിരൂപകര്‍ വിലയിരുത്തിയിരുന്നു. വൈകീട്ട് മൂന്നുമണിക്ക് നടക്കുന്ന ചടങ്ങില്‍ ജി. മധുസൂദനന്‍ എഡിറ്റ് ചെയ്ത ‘ജിപ്രണാമം’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടക്കും. ഡോ. ഇ.വി. രാമകൃഷ്ണന്‍ ജി. സ്മാരക പ്രഭാഷണം നടത്തും. തുടര്‍ന്ന് കവിസമ്മേളനം നടക്കും.

Tagged with: