തിരുവനന്തപുരം: പി.എസ്.സി നിയമനത്തട്ടിപ്പിലെ മുഖ്യ സൂത്രധാരന് സി.പി.ഐ സംസ്ഥാന നേതാക്കളുമായും പാര്‍ട്ടി മന്ത്രിമാരുടെ ഓഫീസുമായും അടുത്ത ബന്ധം. മുഖ്യ സൂത്രധാരകനെന്ന് കരുതുന്ന നെടുമങ്ങാട് ജെ.പി എന്ന ജരാര്‍ദ്ദനന്‍ പിള്ളയുടെ മകള്‍ ലെന മന്ത്രി മുല്ലക്കര രത്‌നാകരന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാണെന്ന് വ്യക്തമായിട്ടുണ്ട്. ലെനയുടെ ഭര്‍ത്താവ് മന്ത്രി ബിനോയ് വിശ്വത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്.

വിവാദ നായകന്‍ ജെ.പി സി.പി.ഐ സെക്രട്ടറി ചന്ദ്രമോഹന്റെ സഹോദരീ ഭര്‍ത്താവായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മന്ത്രിമാരുടെ ഓഫീസും സെക്രട്ടേറിയേറ്റുമായി അടുത്ത ബന്ധമുള്ള ജെ.പിയാണ് തട്ടിപ്പിന്റെ കേന്ദ്രബിന്ദുവെന്നാണ് സംശയം.

പി.എസ്.സി. നിയമനത്തട്ടിപ്പിന്റെ ഗൂഢാലോചന നടന്നതു തിരുവനന്തപുരം നെടുമങ്ങാട്ടാണെന്നാണ് സൂചന. മുഖ്യആസൂത്രകര്‍ ജെ.പിയെന്ന ജനാര്‍ദനപിള്ളയും അഭിലാഷ് എസ്. പിള്ളയും ബന്ധു കെ.ജി. മധുപാലുമാണ് തട്ടിപ്പിന് ചരട് വലിച്ചത്. നെടുമങ്ങാട് വേങ്കവിള പ്ലാവറ ‘ലിറ്റില്‍ നെസ്റ്റി’ല്‍ ജനാര്‍ദനപിള്ളയാണു തട്ടിപ്പുകളുടെ ഇവരുടെ തലവന്‍. പിരപ്പന്‍കോട് ക്ഷേത്രത്തിനു സമീപമാണ് ഇയാളുടെ കുടുംബവീട്. സി.പി.ഐ. നേതാവ് കെ.ആര്‍. ചന്ദ്രമോഹനന്റെ സഹോദരിയെയാണ് ആദ്യം വിവാഹം ചെയ്തത്. ഭാര്യ മരിച്ചതോടെ, 21 വര്‍ഷം മുമ്പു ചടയമംഗലംവിട്ട് നെടുമങ്ങാട്ടെത്തി വേങ്കവിളയില്‍ ശോഭനയെ വിവാഹം കഴിച്ചു താമസമാക്കി.

ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യുന്ന ഇയാള്‍ ജെ.പി മിക്ക സമയങ്ങളിലും ദല്‍ഹി, ബംഗളുരു, മുംബൈ യാത്രകളിലാണെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്രസര്‍ക്കാരില്‍നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നും സന്നദ്ധസംഘടനകളുടെ പേരില്‍ പ്രോജക്ടുകള്‍ തയാറാക്കുകയും ഇയാളുടെ ജോലിയാണ്. വര്‍ഷങ്ങളായി ആനാട് പുത്തന്‍പാലത്ത് പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബിന്റെ പ്രോജക്ട് കോഓര്‍ഡിനേറ്ററാണ്. ഈ ക്ലബ് വായ്പ്പാത്തട്ടിപ്പിന്റെ പേരില്‍ അന്വേഷണം നേരിടുകയാണ്.