എഡിറ്റര്‍
എഡിറ്റര്‍
ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും ബജ്‌രംഗും അനാവശ്യം: കെ.പി.എസ്. ഗില്‍
എഡിറ്റര്‍
Tuesday 19th November 2013 7:13pm

kps-gill

തേസ്പൂര്‍: പഞ്ചാബിലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും ആസാമിലെ ഓപ്പറേഷന്‍ ബജ്‌രംഗും അനാവശ്യമായിരുന്നുവെന്ന്  മുന്‍ പഞ്ചാബ് ഡി.ജി.പി കെ.പി.എസ്  ഗില്‍.

രണ്ട് ഓപ്പറേഷനുകളിലും പട്ടാളത്തെ ഉപയോഗിച്ചത് സുരക്ഷാ ഏജന്‍സികളും സാധാരണ ജനങ്ങളും തമ്മിലുള്ള  അവിശ്വാസത്തിന് കാരണമായി. അക്കാരണത്താല്‍ നിരവധി നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഗില്‍ പറഞ്ഞു.

രണ്ട് സംസ്ഥാനങ്ങളിലും ഭീകരവാദികളെ കൈകാര്യം ചെയ്യാനുള്ള ആദ്യ അവസരം ലോക്കല്‍ പൊലീസിനായിരുന്നു നല്‍കേണ്ടിയിരുന്നത്.

1961-64 കാലയളവില്‍ ആസാമിലെ നോഗോങ് ജില്ലയില്‍ എസ്.പിയായിരിക്കുമ്പോള്‍ തന്നെ ഒരു ലക്ഷത്തിലധികം ബംഗ്ലാദേശി പൗരന്‍മാര്‍ അവിടെ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. ഇത് ഒഴിവാക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് അന്ന് തന്നെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസാമിലെ തേസ്പൂരില്‍ ആരു ചടങ്ങില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ രക്ഷാധികാരി എന്ന നിലയിലാണ് അദ്ദേഹം ആസാമിലെത്തിയത്.

പഞ്ചാബിലെ ഖലിസ്ഥാന്‍ തീവ്രവാദികളെ തുടച്ചുമാറ്റിയതിന്റെ ബഹുമതി അദ്ദേഹത്തിന്റെ പേരിലാണ്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന  ഇന്ദിരാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം 1984 ജൂണിലാണ്  പട്ടാളം ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ആരംഭിച്ചത്.

പഞ്ചാബ് അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ കടന്നു കൂടിയ ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലെയെയും ആയുധധാരികളായ അനുയായികളെയും പിടികൂടുന്നതിന്  വേണ്ടിയായിരുന്നു ഇത്.

1980 മുതല്‍ ഭിന്ദ്രന്‍വാലെയും കൂട്ടരൂം ക്ഷേത്രത്തെ തങ്ങളുടെ കോട്ടയായി മാറ്റിയിരിക്കുകയായിരുന്നു. ഖലിസ്ഥാന്‍ എന്ന പുതിയൊരു രാജ്യത്തിനായി പഞ്ചാബില്‍ പരക്കെ അക്രമങ്ങള്‍ നടത്താന്‍ ഇവര്‍ നേതൃത്വം നല്‍കി.

1990 നവംബറില്‍ ആസാമിലായിരുന്നു ഓപ്പറേഷന്‍ ബജ്‌രംഗ്. ഭീകരവാദ സംഘടനയായ ഉള്‍ഫയെ ഇല്ലാതാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

Advertisement