കോഴിക്കോട്:ആറുമാസത്തിനുള്ളില്‍ മതം മാറണമെന്നും അല്ലെങ്കില്‍ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ജോസഫിന്റെ കൈവെട്ടിയ അനുഭവം ആവര്‍ത്തിക്കുമെന്നും സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക് ഭീഷണിക്കത്ത്. അറ് ദിവസം മുമ്പാണ് രാമനുണ്ണിക്ക് കത്ത് ലഭിച്ചത്.

കഴിഞ്ഞ മാസം മാധ്യമം ദിനപത്രത്തിന് വേണ്ടി കെ.പി രാമനുണ്ണി ഹിന്ദു-മുസ്ലിം മതവിഭാഗങ്ങളെ താരതമ്യപ്പെടുത്തി എഴുതിയ
‘പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരു വിശ്വാസി’ എന്ന ലേഖനമാണ് ഭീഷണിക്ക് കാരണം സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയെന്നും തപാലിലൂടെ കിട്ടിയ കത്ത് പൊലീസിന് കൈമാറിയെന്നും കെ.പി രാമനുണ്ണി പറഞ്ഞു. എന്നാല്‍ കത്ത് അയച്ചതാരാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലെന്നും കെപി രാമനുണ്ണി് പറഞ്ഞു.

നിഷ്‌കളങ്കരായ മുസ്ലിംകളെ വഴിതെറ്റിക്കുന്നതാണ് ലേഖനം അത് കൊണ്ട് തന്നെ ഇതില്‍നിന്നു പിന്മാറണം ഇല്ലെങ്കില്‍ അവിശ്വാസികള്‍ക്കു ദൈവം നല്‍കിയിരിക്കുന്ന ശിക്ഷാവിധി വധശിക്ഷയാണ്. താങ്കളുടെ കാര്യത്തില്‍ ഇതിനായി ആറുമാസത്തെ കാലയളവു നല്‍കുന്നു. അതിനകം മതം മാറിയില്ലെങ്കില്‍ വധിക്കുമെന്നും കത്തില്‍ പറയുന്നു.
ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ച് പൊരുതേണ്ട മറ്റൊരു പുതുസാമ്രാജ്യത്വത്തിന്റെ അക്രമകാലത്തിലാണ് നമ്മളെന്നും ദേശബന്ധിതമല്ലാത്ത, സര്‍വവ്യാപിയായ കോര്‍പറേറ്റിസമാണ് ആ സാമ്രാജ്യത്വമെന്നും .സാമ്രാജ്യത്വത്തിന്റെ ഇഷ്ടകേളിയായ സമുദായസ്പര്‍ധ സൃഷ്ടിക്കലും ഭീകരമായ രീതിയില്‍ ചിലര്‍ ഏറ്റെടുത്തെന്നും അദ്ദേഹത്തിന്റെ ലേഖനത്തില്‍ പറയുന്നു.


Also Read സര്‍ക്കാര്‍ ക്ഷേത്രത്തിലും ദളിതര്‍ക്ക് പ്രവേശനം തടയാന്‍ തമിഴ്‌നാട്ടില്‍ വീണ്ടും ജാതിമതില്‍


ഹിന്ദുവിന്റെ വിപരീതപദം മുസ്‌ലിം എന്ന കൊളോണിയല്‍ പ്രത്യയശാസ്ത്രം പുനരുജ്ജീവിപ്പിച്ചും, ഘര്‍വാപസി അതിക്രമങ്ങളിലൂടെ മുസ്‌ലിം ക്രിസ്ത്യന്‍ സുരക്ഷ തകര്‍ത്തും ന്യൂനപക്ഷങ്ങളുടെ ദേശസ്‌നേഹം ചോദ്യം ചെയ്‌തെന്നും രാമനുണ്ണി ലേഖനത്തില്‍ പറഞ്ഞിരുന്നു.

സാമ്രാജ്യത്വത്തിന് കേളീരംഗമൊരുക്കി വര്‍ഗീയവത്കരിക്കപ്പെട്ട രാഷ്ട്രങ്ങളൊന്നും ലോകചരിത്രത്തില്‍ ഗുണം പിടിച്ചിട്ടില്ല. സാമ്രാജ്യത്വ താല്‍പര്യത്തിനൊത്ത് വര്‍ഗീയ പ്രവണതകളും വര്‍ഗീയ വിഘടനത്തിനൊത്ത് സാമ്രാജ്യത്വ ഇടപെടലുകളും വിളിച്ച് വരുത്തിയാല്‍ ഇന്ത്യാരാജ്യവും നശിക്കും. എന്തെല്ലാം വിരുദ്ധ താല്‍പര്യങ്ങള്‍ക്കുള്ളിലും നമ്മുടെ രാജ്യം മുടിഞ്ഞു പോകരുതെന്ന് ഇച്ഛിക്കുന്ന ഹിന്ദുക്കളിലെയും മുസ്‌ലിംകളിലെയും വിവിധ തരക്കാരെ ഇത്തരുണത്തില്‍ ചില കാര്യങ്ങള്‍ ഓര്‍മപെടുത്താനുണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ പറഞ്ഞു.