Categories

കെ.പി.സി.സി നിര്‍വാഹക സമിതി പുനഃസംഘടനാ പട്ടിക കൈമാറി

kpcc

ന്യൂദല്‍ഹി:  കെപിസിസി നിര്‍വാഹക സമിതി പുനഃസംഘടനാ പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു കൈമാറി.

ഇന്നലെ പട്ടികയുമായി വസതിയിലെത്തിയെങ്കിലും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി വാസ്‌നിക്ക് തിരക്കിലായതിനാല്‍ കൂടിക്കാഴ്ച ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍രവി, ശൂരനാട് രാജശേഖരന്‍ എന്നിവര്‍  മുകുള്‍ വാസ്‌നിക്കിനാണ് രാവിലെ പട്ടിക കൈമാറിയത്.

ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രാതിനിധ്യം നല്‍കുന്ന രീതിയിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത് എന്നാണ് സൂചന.

120 -130 അംഗങ്ങള്‍ നേരിട്ട് നിര്‍വാഹക സമിതിയിലെത്തുമെന്നാണ് സൂചന. കൂടാതെ പ്രത്യേക ക്ഷണിതാക്കള്‍, സ്ഥിരം ക്ഷണിതാക്കള്‍ എന്നിവരുമുണ്ടാകും.

15 ശതമാനം വീതം അംഗത്വം വനിതകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും നീക്കിവയ്ക്കും. ഹൈക്കമാന്‍ഡ് അംഗീകാരം ലഭിച്ചാല്‍ ഈ മാസം 15 ന് മുന്‍പ് പുതിയ നിര്‍വാഹക സമിതി പ്രഖ്യാപിച്ചേക്കും.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എക്‌സിക്യൂട്ടിവ് കമ്മറ്റി പുന:സംഘടിപ്പിക്കുന്നത്.

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെ.പി.സി.സി നിര്‍വാഹക സമിതി പുന:സംഘടിപ്പിക്കുന്നത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭാരവാഹികലെ തിരഞ്ഞെടുക്കുന്നതില്‍ സമവായത്തിലെത്താന്‍ നേതാക്കള്‍ക്ക് കഴിഞ്ഞത്.

നേരത്തെ 72ഓളം പേര്‍ വരുന്ന കെ.പി.സി.സി ഭാരവാഹി പുന:സംഘടന നടന്നിരുന്നെങ്കിലും നിര്‍വാഹകസമിതിയും ഡി.സി.സിയും പുന:സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Tagged with: