ന്യൂദല്‍ഹി: ഇന്ന് നടക്കാനിരുന്ന കെ.പി.സി.സി പുന:സംഘടനാ ചര്‍ച്ചകള്‍ നീട്ടിവെച്ചു. ഔദ്യോഗിക തിരക്കുകള്‍ മൂലം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദല്‍ഹി സന്ദര്‍ശനം മാറ്റിവെച്ചതാണ് ചര്‍ച്ചകള്‍ നീട്ടിവെക്കാന്‍ കാരണം. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇന്ന് ദല്‍ഹിയിലേക്ക് പോകുമെങ്കിലും പുന:സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കില്ലെന്നാണ് ദല്‍ഹി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

Ads By Google

Subscribe Us:

കേരളത്തില്‍ തയ്യാറാക്കിയ ലിസ്റ്റുമായി ദല്‍ഹിയില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനാണ് സംസ്ഥാന നേതൃത്വം ലക്ഷ്യമിട്ടത്. ഹൈക്കമാന്റിന്റെ അംഗീകാരത്തോടെ 22ന് പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കാനും തീരുമാനിച്ചിരുന്നു.
ഓണത്തിന് ശേഷമേ പുന:സംഘടനാ ചര്‍ച്ചകള്‍ നടക്കൂ എന്നാണ് പുതുതായി ലഭിക്കുന്ന വിവരങ്ങള്‍.
അതേസമയം, ഡി.സി.സി സ്ഥാനങ്ങള്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങളും രൂക്ഷമാകുന്നുണ്ട്. 7:7 എന്ന അനുപാതത്തില്‍ നേരത്തേ തന്നെ പ്രധാന ഗ്രൂപ്പുകളായ എ ഗ്രൂപ്പും ഐ ഗ്രൂപ്പും നേരത്തേ എത്തിയിരുന്നു. എന്നാല്‍ എറണാകുളം, കണ്ണൂര്‍ ജില്ലകള്‍ വേണമെന്ന ഇരുഗ്രൂപ്പുകളുടേയും ആവശ്യമാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. കൊല്ലം ജില്ല വിട്ടുനല്‍കാന്‍ ഐ ഗ്രൂപ്പ് തയ്യാറായെങ്കിലും ഇതിന് എ ഗ്രൂപ്പ് തയ്യാറല്ലയെന്നുമാണ് അറിയുന്നത്.

അതേസമയം, പുന:സംഘടനാ ചര്‍ച്ചകള്‍ നീളുന്നതിന് കാരണം മുഖ്യമന്ത്രിയുടെ അനാസ്ഥയാണെന്ന ആരോപണവും ഉയരുന്നുണ്ട്.