എഡിറ്റര്‍
എഡിറ്റര്‍
ഇടുക്കിയില്‍ പി.ടി തോമസിന് സീറ്റില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സമര്‍പ്പിച്ചു
എഡിറ്റര്‍
Wednesday 12th March 2014 4:55pm

kpcc

ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടികക്ക് അവസാനരൂപമായി. പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ചു.

എന്നാല്‍ തൃശൂരിന്റെ കാര്യത്തില്‍ തീരുമാനമായില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് അന്തിമ പട്ടിക സമര്‍പ്പിച്ചത്.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിറ്റിങ് എം.പി മാരായ പി.ടി തോമസ്, എന്‍ പീതാംബരക്കുറുപ്പ് എന്നിവകരെ ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കിയില്‍ പി.ടി തോമസിന് പകരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മത്സരിക്കും.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി സിദ്ധിഖിനെ പുതുമുഖമായി കാസര്‍ഗോട്ടുനിന്നും മല്‍സരിപ്പിക്കും.

സ്ഥാനാര്‍ഥിത്വം സംശയത്തിലായിരുന്ന ആന്റോ ആന്റണി, എം.ഐ ഷാനവാസ് എന്നിവര്‍ പട്ടികയില്‍ ഇടം നേടി. ലിസ്റ്റില്‍ രണ്ട് വനിതകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ്റിങ്ങലില്‍ മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയും സംവരണ മണ്ഡലമായ ആലത്തൂരില്‍ മത്സരിക്കുന്ന കെ.എ ഷീബയുമാണ് മത്സരരംഗത്തുള്ള രണ്ട് വനിതകള്‍ .

പി.സി ചാക്കോ പ്രതിനിധീകരിച്ച തൃശൂരിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. മണ്ഡലം മാറണമെന്ന ചാക്കോയുടെ ആവശ്യം അംഗീകരിച്ചില്ല. ചാക്കോ മത്സരിച്ചില്ലെങ്കില്‍ തൃശൂരില്‍ ഏതെങ്കിലും പുതുമുഖത്തെ പരീക്ഷിപ്പിക്കുമെന്നാണ് സൂചന.

കാസര്‍ക്കോഡ് ടി.സിദ്ധിഖ്, കണ്ണൂര്‍ കെ.സുധാകരന്‍, വയനാട് എം.ഐ ഷാനവാസ്, വടകര മുല്ലപ്പള്ളി രാമചന്ദ്രന്‍, കോഴിക്കോട് എം.കെ രാഘവന്‍, ചാലക്കുടി കെ.പി ധനപാലന്‍, എറണാകുളം കെ.വി തോമസ്, ആലത്തൂര്‍ കെ.എ ഷീബ,

ആലപ്പുഴ കെ.സി വേണുഗോപാല്‍, പത്തനംതിട്ട ആന്റോ ആന്റണി, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, ഇടുക്കി ഡീന്‍ കുര്യാക്കോസ്, ആറ്റിങ്ങല്‍ ബിന്ദു കൃഷ്ണ, തിരുവനന്തപുരം ശശി തരൂര്‍ എന്നിങ്ങനെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ച അന്തിമ പട്ടിക.

Advertisement