എഡിറ്റര്‍
എഡിറ്റര്‍
കെ.പി.സി.സി അധ്യക്ഷന്‍; സ്ഥാനമോഹവുമായി നേതാക്കള്‍ രംഗത്ത്; നയിക്കാന്‍ താന്‍ ഒരുക്കമെന്ന് സുധാകരന്‍; ഏത് കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന പദവിയെന്ന് പി.ടി തോമസ്
എഡിറ്റര്‍
Sunday 12th March 2017 2:29pm

 

 

തിരുവനന്തപുരം: വി.എം സുധീരന്‍ ഒഴിച്ചിട്ട കെ.പി.സി.സി അധ്യക്ഷപദം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. പുതിയ അധ്യക്ഷനു വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് സന്നദ്ധത വ്യക്തമാക്കി കെ. സുധാകരനും പി.ടി തോമസും രംഗത്തെത്തിയത്. പാര്‍ട്ടി നിശ്ചയിച്ചാല്‍ കെ.പി.സി.സിയെ നയിക്കാന്‍ താന്‍ ഒരുക്കമാണെന്നാണ് സുധാകരന്റെ പ്രസ്താവന. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് സ്ഥാനവും സ്വീകരിക്കാന്‍ ഒരുക്കമാണെന്ന അഭിപ്രായവുമായാണ് പി.ടി തോമസിന്റെ രംഗപ്രവേശം.


Also read കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിന്നു മാറ്റാന്‍ സാധ്യത; പകരമെത്തുക ദ്രാവിഡ് 


താല്‍ക്കാലിക പ്രസിഡന്റിനെയാണ് തെരഞ്ഞെടുക്കുന്നതെങ്കിലും സമവായത്തിലൂടെയാകണം അതെന്നും ചെറുപ്പക്കാരില്‍ ആവേശം ഉണര്‍ത്താന്‍ കഴിയുന്ന നേതൃത്വം വരണമെന്നും കെ. സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി നിശ്ചയിച്ചാല്‍ നയിക്കാന്‍ താന്‍ ഒരുക്കമാണെന്നും സുധാകരന്‍ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഉപേക്ഷിച്ച് ഉദുമയില്‍ മത്സരത്തിനിറങ്ങിയ സുധാകരന്‍ സി.പി.ഐ.എമ്മിലെ കെ. കുഞ്ഞിരാമനോട് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പാര്‍ലമെന്ററി രാഷ്ട്രീയത്തിലില്ല എന്നതും അധ്യക്ഷ പദത്തിനുള്ള സാധ്യതയായി സുധാകരന്‍ കണക്കാക്കുന്നുണ്ടാകും.

എന്നാല്‍ എം.എല്‍.എയായ പി.ടി തോമസും അധ്യക്ഷ പദത്തിനായുള്ള ചരട് നീക്കങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് സ്ഥാനവും സ്വീകരിക്കുമെന്ന തോമസിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്. ‘കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏത് കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന പദവിയാണ്. സുധീരന്റെ കാലത്ത് പാര്‍ട്ടിക്ക് കാര്യങ്ങളില്‍ വ്യക്തതയുണ്ടായിരുന്നു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന പ്രസിഡന്റിനെയാണ് വേണ്ടതെന്നും’ പി.ടി തോമസ് പറഞ്ഞിരുന്നു.

ഉമ്മന്‍ചാണ്ടി അധ്യക്ഷ പദത്തിലേക്കെത്തണമെന്ന അഭിപ്രായവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അതൊക്കെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. പാര്‍ട്ടി രക്ഷപ്പെടണമെങ്കില്‍ ശക്തമായ നേതൃത്വം വരണമെന്ന അഭിപ്രായവുമായി കെ മുരളീധരനും രംഗത്തെത്തി. ഗ്രൂപ്പ് നോക്കിയാകരുത് നിയമനമെന്നും മുരളീധരന്‍ വ്യക്തമാക്കി. നേരത്തെ പ്രസിഡന്റായാരുന്നതിനാല്‍ ഇനി ആ സ്ഥാനത്തേക്കില്ലെന്നും മുരളി വ്യക്തമാക്കി.

Advertisement