എഡിറ്റര്‍
എഡിറ്റര്‍
കെ.പി.സി.സി അധ്യക്ഷ പദവി; കോണ്‍ഗ്രസില്‍ തര്‍ക്കം; ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന് ഐ ഗ്രൂപ്പ്
എഡിറ്റര്‍
Wednesday 15th March 2017 2:12pm


തിരുവനന്തപുരം: എം.എം ഹസ്സന് കെ.പി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതല നല്‍കണമെന്ന് എ.ഗ്രൂപ്പ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായുള്ള ചര്‍ച്ചയില്‍ എ ഗ്രൂപ്പ് നേതാവ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം ആവശ്യപ്പെട്ടു.

എന്നാല്‍ വിഷയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് ഐ ഗ്രൂപ്പ് എടുത്തത്. എ ഗ്രൂപ്പിന്റെ നിര്‍ദേശത്തോട് ഐ ഗ്രൂപ്പ് യോജിച്ചില്ല. ഇതോടെ സംസ്ഥാന തലത്തില്‍ അഭിപ്രായ ഐക്യത്തിനുള്ള സാധ്യത മങ്ങി.

പുതിയ കെ.പി.സി.സി അധ്യക്ഷന്‍ ആര് എന്നത് സംബന്ധിച്ച് ഇന്നലെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രണ്ട് വട്ടം ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയിലാണ് എ ഗ്രൂപ്പിന്റെ ആവശ്യം ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചത്.

അതേസമയം മലപ്പുറം ഉപതിരഞ്ഞെടുപ്പ് വരെ ഹസ്സനേയും അതിന് ശേഷം ഉമ്മന്‍ചാണ്ടിയെയും അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള എ ഗ്രൂപ്പിന്റെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് ഐഗ്രൂപ്പ് പറയുന്നത്.


Dont Miss പദ്മാവതി സെറ്റിന് നേരെ വീണ്ടും ആക്രമണം; സെറ്റ് തീയിട്ട് നശിപ്പിച്ചു; മൃഗങ്ങള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു 


നിലവിലെ കെ.പി.സി.സി വൈസ് പ്രസിഡന്റുമാരില്‍ മുതിര്‍ന്ന അംഗമാണ് ഹസ്സന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കെ.സുധാകരനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍, വി.എം സുധീരന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ താത്കാലിക പ്രസിഡന്റ് വേണോ മുഴുവന്‍ സമയ പ്രസിഡന്റ് വേണോ എന്ന കാര്യത്തില്‍ ഇനി ഹൈക്കമാന്റാകും തീരുമാനമെടുക്കുക.

Advertisement