തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഉള്‍പാര്‍ട്ടിവിഷയങ്ങളില്‍ പരസ്യപ്രസ്താവന നടത്തുന്നത് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വിലക്കി. പരസ്യപ്രസ്താവന നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ചെന്നിത്തല പ്രസ്താവനയില്‍ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ അത് വക്കം സമിതിക്ക് മുമ്പാകെയും മറ്റു പരാതികള്‍ പാര്‍ട്ടി വേദികളിലുമാണ് ഉന്നയിക്കേണ്ടതെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

ധനമന്ത്രിയുടെ പുതിയ ബജറ്റിനെതിരെ പരസ്യ പ്രസ്താവനുകളുമായി ഭരണപക്ഷ എം എല്‍ എമാര്‍ രംഗത്ത് വന്നിരുന്നു. കൂടാതെ തൃശൂരില്‍ കഴിഞ്ഞ ദിവസം നേതാക്കള്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നതും പരസ്യപ്രസ്താവന നടത്തിയതും നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് കെപി സിസി അദ്ധ്യക്ഷന്‍ കര്‍ശന നിലപാടുമായി രംഗത്ത് വന്നത്.

അതേസമയം കെപിസിസി പ്രസിഡണ്ടിന്റെ വിലക്ക് ലംഗിച്ച് എ ഗ്രൂപ്പ് അംഗങ്ങല്‍ തൃശ്ശൂരില്‍ മുന്‍മന്ത്രി കെ പി വിശ്വനാഥന്റെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നു. ഡി സി സി ഭാരവാഹികളടക്കം 150 ലധികം പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു.