തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്രവാദക്കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാടെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കേസന്വേഷിക്കുന്നതില് സംസ്ഥാനപോലീസിന് ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയതിനാല്‍ ഇത് എന്‍ ഐ എ ഏറ്റെടുക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറിയടക്കമുള്ള കേസുകള്‍ എന്‍ ഐ എ അന്വേഷിക്കേണ്ടതില്ല എന്ന കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനക്ക് വിരുദ്ധമായാണ് ചെന്നിത്തലയുടെ നിലപാട്.

തീവ്രവാദക്കേസുകളിലെ പ്രതികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ട്രെയിന്‍ അട്ടിമറി ഉള്‍പ്പടെയുള്ള കേസുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ഏറ്റെടുക്കില്ലെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ ആവശ്യമാണെങ്കില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകള്‍ എന്‍ ഐ എ ഏറ്റെടുക്കുമെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം വ്യക്തമാക്കിയിരുന്നു.