എഡിറ്റര്‍
എഡിറ്റര്‍
കെ.പി.സി.സി ഭാരവാഹി പട്ടികയായി
എഡിറ്റര്‍
Monday 4th November 2013 12:50pm

kpcc

തിരുവനന്തപുരം: കെ.പി.സി.സി നിര്‍വാഹക സമിതി ഭാരവാഹികളുടെ പട്ടിക രൂപീകരിച്ചു.

130 പേരടങ്ങുന്ന പുനസംഘടനാ  പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കാനായി സംസ്ഥാനനേതാക്കള്‍ ദല്‍ഹിയ്ക്ക് തിരിച്ചു. ശൂരനാട് രാജശേഖരനും തമ്പാനൂര്‍ രവിയുമാണ് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ചയ്ക്ക് പുറപ്പെട്ടിരിക്കുന്നത്.

വനിതകള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും പതിനഞ്ച് ശതമാനം വീതം സംവരണം പുന:സംഘടനാ പട്ടികയില്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് കേന്ദ്രങ്ങള്‍ അറിയിക്കുന്നു. എല്ലാ ഗ്രൂപ്പുകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികുമായി നേതാക്കള്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

ഹൈക്കമാന്‍ഡ് പുന:സംഘടന അംഗീകരിച്ചാല്‍ ഈ മാസം തന്നെ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള നിര്‍വാഹക സമിതി യോഗം ചേരും.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എക്‌സിക്യൂട്ടിവ് കമ്മറ്റി പുന:സംഘടിപ്പിക്കുന്നത്.

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെ.പി.സി.സി നിര്‍വാഹക സമിതി പുന:സംഘടിപ്പിക്കുന്നത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭാരവാഹികലെ തിരഞ്ഞെടുക്കുന്നതില്‍ സമവായത്തിലെത്താന്‍ നേതാക്കള്‍ക്ക് കഴിഞ്ഞത്.

നേരത്തെ 72-ഓളം പേര്‍ വരുന്ന കെ.പി.സി.സി ഭാരവാഹി പുന:സംഘടന നടന്നിരുന്നെങ്കിലും നിര്‍വാഹകസമിതിയും ഡി.സി.സിയും പുന:സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Advertisement