തിരുവനന്തപുരം: അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയോട് രാജിവെച്ച് പുറത്തു പോകാന്‍ പറയണമെന്ന് കെ.പി.സി.സി യോഗത്തില്‍ ആവശ്യം. പി.ജെ കുര്യനാണ് ഈ ആവശ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ തീരുമാനമാണ് സത്യാവാങ്മൂലത്തിലുള്ളതെന്നും എ.ജി കോടതിയില്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ യോഗത്തില്‍ പറഞ്ഞിരുന്നു.

കെ.എം മാണിയും പി.ജെ ജോസഫും ഇന്നു നടത്തുന്ന ഉപവാസ സമരത്തിനെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഘടകകക്ഷികള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള സമരം പാടില്ലെന്ന് എം.എം ഹസ്സന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ യു.ഡി.എഫില്‍ സംസാരിച്ചേ മതിയാകൂ എന്നും ഹസ്സന്‍ കബട്ടിച്ചേര്‍ത്തു.

എ.ജിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ ചില അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ ഇത് തന്റെ വ്യക്തിപരമായ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. എ.ജിയുടെ കാര്യത്തില്‍ ഇന്നുചേരുന്ന മന്ത്രിസഭായോഗം അന്തിമ തീരുമാനം എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാവിലെ 10 മണിക്കാണ് കെ.പി.സി.സി. നിര്‍വാഹക സമിതിയോഗം ചേര്‍ന്നത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സ്വാഗത പ്രസംഗത്തോടെ യോഗം ആരംഭിച്ചു. ചെന്നിത്തല സംസാരിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി സംസാരിച്ചത്. എ.ജി ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാടാണ് യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയം. യോഗം പുരോഗമിക്കുകയാണ്.

Malayalam News
Kerala News in English