എഡിറ്റര്‍
എഡിറ്റര്‍
ഗ്യാസ് സിലിണ്ടര്‍ എണ്ണം കൂട്ടിയത് സി.പി.ഐ.എം സമരം കൊണ്ടാണെന്ന പ്രസ്താവന അപഹാസ്യം: കെ.പി.സി.സി
എഡിറ്റര്‍
Monday 20th January 2014 12:06pm

kpcc

കൊച്ചി: സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കേരളത്തിലെ സി.പി.ഐ.എമ്മിന്റെ നിരാഹാരസമര ഫലമാണെന്ന പാര്‍ട്ടി സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ പ്രസ്താവന അപഹാസ്യമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരന്‍.

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം എ.ഐ.സി.സി സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് നേരത്തെതന്നെ വാര്‍ത്തകള്‍ വന്നിരുന്നതാണ്.

കഴിഞ്ഞ 15-ാം തീയതി കേരളമൊട്ടുക്കും അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച സി.പി.ഐ.എം പൊടുന്നനെ സമരം പിന്‍വലിച്ചത് ഏത് അടിസ്ഥാനത്തിലാണെന്ന് ആര്‍ക്കും അറിയില്ല.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെയും എ.ഐ.സി.സി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെയും ആവശ്യം പരിഗണിച്ചാണ് സബ്‌സിഡി സിലിണ്ടര്‍ വര്‍ദ്ധന പ്രഖ്യാപിച്ചത്.

ഈ തീരുമാനം തങ്ങളുടെ സമരത്തിന്റെ നേട്ടമാണെന്ന് പറയുന്ന സി.പി.ഐ.എം നേതാക്കളുടെ തൊലിക്കട്ടി അപാരമാണ്. അപഹാസ്യമായ ഇത്തരം അവകാശവാദങ്ങളാണ് സി.പി.ഐ.എമ്മിനെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് അസംബ്ലി തെരഞ്ഞെടുപ്പുകളുടെ ഫലം വന്നപ്പോള്‍ കുറേമണ്ഡലങ്ങളില്‍ അഞ്ഞൂറില്‍ താഴെ വോട്ടുമാത്രം നേടാന്‍ കഴിഞ്ഞ ഒരു പാര്‍ട്ടി ദേശീയതലത്തില്‍ പ്രാബല്യത്തില്‍ വരുന്ന ഒരു തീരുമാനത്തിന് അവകാശവാദമുന്നയിക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്.

സബ്‌സിഡി സിലിണ്ടര്‍ സംബന്ധിച്ച തീരുമാനത്തില്‍ സി.പി.ഐ.എമ്മിന് എന്ത് പങ്കാണുള്ളതെന്ന് ജനങ്ങളോട് പറയണം. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്തുകാര്യം എന്ന് ചോദിക്കുന്നതിന് തുല്യമാണ് സി.പി.ഐഎമ്മിന്റെ പ്രസ്താവനയ്ക്കുള്ള മറുചോദ്യമെന്നും അദ്ദേഹം പറഞ്ഞു.

Advertisement