തിരുവനന്തപുരം: നെല്ലിയാമ്പതി വിഷയത്തില്‍ കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് വിലക്കിയതായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു. എ.ഐ.സി.സി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

Ads By Google

നെല്ലിയാമ്പതി വിഷയത്തില്‍ ഘടകക്ഷി നേതാക്കളും കോണ്‍ഗ്രസ് എം.എല്‍.എമാരും തമ്മിലുള്ള വാക്‌പോര് യു.ഡി.എഫിന് വന്‍ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ടി.എന്‍ പ്രതാപന്‍, വി.ഡി സതീശന്‍ തുടങ്ങിയ എം.എല്‍.എമാര്‍ ഒരു ചേരിയിലും ചീഫ് വിപ്പ് പി.സി ജോര്‍ജ്, കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്‍ എന്നിവര്‍ എതിര്‍ചേരിയിലും നിന്ന് പരസ്പരം വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

എം.എം ഹസന്‍ ആര്‍ത്തിപൂണ്ട ദേശാടനപക്ഷിയാണെന്ന വി.ഡി സതീശന്റെയും പ്രതാപന്റെയും വിമര്‍ശനത്തിന് മറുപടിയുമായി ഇന്ന് ഹസന്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ദേശാടനം നടത്തുന്നയാളാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്തരം പ്രസ്താവനകള്‍ യു.ഡി.എഫിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി തീര്‍ന്ന സാഹചര്യത്തിലാണ് പരസ്യ പ്രസ്താവന വിലക്കാന്‍ തീരുമാനിച്ചത്.