തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുമുയരുന്ന പ്രസ്താവനകള്‍ക്ക് തടയിടാന്‍ കെ പി സി സി രംഗത്ത്. നേതാക്കള്‍ പരസ്യപ്രസ്താവന ഇറക്കുന്നത് അവസാനിപ്പിക്കണമെന്നും പരാതിയുണ്ടെങ്കില്‍ അത് കെ പി സി സിയെ അറിയിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനുശേഷം പല കോണ്‍ഗ്രസ് നേതാക്കളും പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയതാണ് കെ പി സി സിയെ ചൊടിപ്പിച്ചത്. കൊച്ചിയില്‍ വന്‍വിജയം നേടിയെങ്കിലും ജില്ലാനേതൃത്വം തമ്മില്‍ നടക്കുന്ന പഴിചാരല്‍ ശക്തമായിട്ടുണ്ട്. തന്നെ തോല്‍പ്പിക്കാന്‍ എന്‍ വേണുഗോപാല്‍ വിമതനെ സഹായിച്ചെന്നാണ് പ്രതിപക്ഷനേതാവായിരുന്ന എ ബി സാബു ആരോപിച്ചിരിക്കുന്നത്.

കൊല്ലത്ത് പരാജയത്തിനുകാരണം യു ഡി എഫ് നേതൃത്വമാണെന്ന് ആരോപിച്ച് കേരളകോണ്‍ഗ്രസ് ബി വിഭാഗം നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയും രംഗത്തെത്തിയിരുന്നു. ഇത്തരം ആരോപണങ്ങള്‍ നിയന്ത്രിക്കാനാണ് കെ പി സി സി നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.